'ഗുജറാത്തിലെ ഇ വി എം വേണ്ട'; തിരിമറി നടക്കാൻ സാധ്യതയെന്ന് കർണാടക കോൺഗ്രസ്
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്കെതിരെ കോൺഗ്രസ് രംഗത്ത്. ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച ഇ വി എമ്മുകൾ കർണാടകത്തില്‍ ഉപയോഗിക്കരുതെന്നാണ് കർണാടക പിസിസിയുടെ അഭ്യർഥന. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയെന്ന് കെപിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ അറിയിച്ചു . ഗുജറാത്തിൽ ഉപയോഗിച്ച ഇവിഎമ്മുകളിൽ തിരിമറി നടക്കാനുള്ള സാധ്യതയുണ്ടെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തലെന്നും ശിവകുമാർ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇവിഎം തിരിമറി ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നിരുന്നു . ചില മണ്ഡലങ്ങളിൽ 2000ൽ താഴെ വോട്ടുകൾക്ക് പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടതും വോട്ടുവിഹിതം ബിജെപിയേക്കാൾ കൂടുതൽ ലഭിച്ചിട്ടും ഭരണം നഷ്ടമായതും മുൻനിർത്തി ആയിരുന്നു ആരോപണം.
രാഹുൽ ഗാന്ധിയുടെ ലോക്സഭാ അയോഗ്യതയ്ക്ക് കാരണമായ പ്രസംഗം നടന്ന കോലാറിൽ സത്യമേവ ജയതേ എന്ന പേരിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ അറിയിച്ചു. ഏപ്രിൽ 5ന് ഇതിനായി രാഹുൽ ഗാന്ധി കോലാറിലെത്തും. 2019ൽ പ്രസംഗിച്ച അതേ മൈതാനത്ത് തന്നെയാകും പരിപാടി സംഘടിപ്പിക്കുകയെന്നും പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ സ്ഥിരീകരിച്ചു.