രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ ട്വീറ്റ്: ബിജെപി ഐ ടി സെൽ തലവൻ അമിത് മാളവ്യയ്ക്കെതിരെ കേസെടുത്ത് കർണാടക സർക്കാർ

രാഹുൽ ഗാന്ധിക്കെതിരായ വിദ്വേഷ ട്വീറ്റ്: ബിജെപി ഐ ടി സെൽ തലവൻ അമിത് മാളവ്യയ്ക്കെതിരെ കേസെടുത്ത് കർണാടക സർക്കാർ

മുൻ കോൺഗ്രസ് എംഎൽഎയും പിസിസി കമ്മ്യൂണിക്കേഷൻ വിഭാഗം ഉപാധ്യക്ഷനുമായ രമേശ് ബാബുവിന്റെ പരാതിയിലാണ് കേസ്
Published on

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി ഐ ടി സെൽ തലവൻ അമിത് മാളവ്യയ്ക്കെതിരെ ബെംഗളൂരുവിൽ എഫ് ഐ ആർ. ബെംഗളൂരു ഹൈഗ്രൗണ്ട് പോലീസ് ആണ് മുൻ കോൺഗ്രസ് എംഎൽഎയും പിസിസി കമ്മ്യൂണിക്കേഷൻ വിഭാഗം ഉപാധ്യക്ഷനുമായ രമേശ് ബാബുവിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Attachment
PDF
Document 126-1.pdf
Preview

'രാഗാ ഏക് മൊഹരാ' എന്ന  പേരിൽ ട്വിറ്റർ അക്കൗണ്ട് വഴി വീഡിയോ രൂപത്തിലാണ് അമിത് മാളവ്യ വിദ്വേഷ പ്രചാരണം നടത്തിയത്. രാഹുൽ ഗാന്ധി വിഘടനവാദം ഉയർത്തുകയാണെന്നായിരുന്നു ട്വീറ്റിലൂടെ  അമിത് മാളവ്യ പറയാൻ ശ്രമിച്ചത്. രാഹുൽ ഗാന്ധി വിദേശത്തു പോയി ഇന്ത്യയ്ക്കെതിരെ സംസാരിച്ചു എന്ന ആരോപണമായിരുന്നു ട്വീറ്റിന് ആധാരം.

കഴിഞ്ഞ ജൂൺ 17 ന് ആയിരുന്നു  അമിത് മാളവ്യ സ്വന്തം ട്വിറ്റർ ഹാന്റിലിൽ നിന്ന്  വീഡിയോ പോസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിയെ ഹിന്ദു വിരുദ്ധനായും ന്യൂനപക്ഷ പ്രേമിയായും ചിത്രീകരിക്കുന്ന വീഡിയോയിൽ അദ്ദേഹത്തെ രാജ്യവിരോധിയായാണ് അടയാളപ്പെടുത്തിയിരുക്കുന്നത്. ഇതിനെതിരെ നേരത്തെ തന്നെ കോൺഗ്രസ് രംഗത്ത് വന്നിരുന്നെങ്കിലും ട്വീറ്റ് പിൻവലിക്കാനോ തയ്യാറായില്ല മാപ്പ് പറയാനോ ബിജെപി തയ്യാറായിട്ടില്ല. ഇതോടെയാണ് കോൺഗ്രസ് ഭരണത്തിലുള്ള കർണാടകയിൽ കേസെടുത്തത്. രാഹുൽ ഗാന്ധിക്കെതിരെ നിരവധി തവണ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ ട്വീറ്റുകൾ പങ്കുവച്ചയാളാണ് അമിത് മാളവ്യ.

logo
The Fourth
www.thefourthnews.in