അംബാരി ഉത്സവ് സര്‍വീസ് ഉദ്ഘാടനം
അംബാരി ഉത്സവ് സര്‍വീസ് ഉദ്ഘാടനം

കേരളത്തിലേക്ക് ഇനി 'കർണാടകയുടെ അംബാരി'; സര്‍വീസ് 24 മുതല്‍

അംബാരി ഉത്സവ് ബസ് സര്‍വീസുമായി കര്‍ണാടക ആര്‍ടിസി
Updated on
2 min read

സുരക്ഷിതവും സുഖപ്രദവുമായ  യാത്ര വാഗ്ദാനം ചെയ്ത്  മള്‍ട്ടി ആക്‌സില്‍ വോള്‍വോ എ സി സ്ലീപ്പര്‍ ബസുകള്‍ (അംബാരി ഉത്സവ്) കര്‍ണാടക ആര്‍ടിസി നിരത്തിലിറക്കി . വിധാന്‍ സൗധയ്ക്ക് മുന്നില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.15 ബസ്സുകള്‍ പുറത്തിറക്കിയതില്‍ എട്ടെണ്ണവും കേരളാ സെക്ടറിലേക്ക് സര്‍വീസ് നടത്തുന്നവയാണ്. ബസുകളിൽ ബുക്കിങ് ആരംഭിച്ചു .
ഫെബ്രുവരി 24 മുതല്‍ കേരളത്തിലേക്ക്  ബസുകൾ സര്‍വീസ് തുടങ്ങും .

മറുനാടൻ മലയാളികളുടെ യാത്രാ പ്രതിസന്ധിക്ക് ആശ്വാസമാകുന്ന തരത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത് . എറണാകുളത്തേക്ക് രണ്ടു ബസുകളും തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളിലേക്ക് ഓരോ ബസ് വീതവും സർവീസ് നടത്തും. എറണാകുളത്തേക്കും തൃശ്ശൂരിലേക്കുമുള്ള ബസ്സുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു.

എറണാകുളത്തേക്ക് 1,700 രൂപയും തൃശ്ശൂരിലേക്ക് 1,600 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലേക്കുള്ള ബസുകള്‍ ശാന്തിനഗറില്‍ നിന്ന് പുറപ്പെടും . കുന്ദാപുര - ബെംഗളൂരു, മംഗളൂരു - പുണെ, ബെംഗളൂരു - സെക്കന്ദരാബാദ്, ബെംഗളൂരു - ഹൈദരാബാദ്, ബെംഗളൂരു - പനാജി എന്നീ റൂട്ടുകളിലും അംബാരി ഉത്സവ് ബസ്സുകള്‍ സര്‍വീസ് നടത്തും.

അടുത്ത ഘട്ടത്തിൽ 50 ബസുകൾ കൂടി കർണാടക നിരത്തിലിറക്കും. പൊതുജനങ്ങൾ തിരഞ്ഞെടുത്ത ടാഗ്‌ലൈനായ  'യാത്രയുടെ ആഘോഷം' എന്ന ടാഗ് ലൈനിലാണ് ബസുകള്‍ പുറത്തിറക്കിയത്. സുഖപ്രദമായി യാത്ര ചെയ്യാനാകുമെന്നതാണ് അംബാരി ഉത്സവ് ബസുകളുടെ പ്രത്യേകത.

യാത്രാ ക്ഷീണം അലട്ടാത്ത രീതിയിലാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായി കിടക്കാനും ഇരിക്കാനും കഴിയുന്ന വിധത്തിൽ  5.9 അടിയുള്ള നീളമുള്ള  40 ബെര്‍ത്തുകള്‍ ഉണ്ട് . പനോരമിക് ജാലകങ്ങൾ യാത്രക്കാര്‍ക്ക് നല്ല പുറം കാഴ്ച അനുഭവം പ്രദാനം ചെയ്യും . സുരക്ഷയുടെ കാര്യത്തിൽ  യാത്രക്കാർക്ക് ഏറ്റവും വിശ്വസിക്കാവുന്ന രീതിയിലാണ് ബസിന്റെ നിർമാണം .
കര്‍ണാടക ആര്‍ടിസി, ദിവസേന 8,000 സർവീസുകളാണ് സംസ്ഥാനനത്തിനകത്തും പുറത്തും നടത്തുന്നത് .

logo
The Fourth
www.thefourthnews.in