അതിവേഗ പാതയിൽ യൂസർ ഫീ ഈടാക്കും; കർണാടക ആർ ടി സി ടിക്കറ്റ് നിരക്ക് കൂട്ടി; കേരള ആർ ടി സി യും കൂട്ടിയേക്കും
ബെംഗളൂരു - മൈസൂരു അതിവേഗ പത്തുവരി പാതയിലൂടെയുള്ള യാത്രയ്ക്ക് യൂസർ ഫീ ഈടാക്കാൻ കർണാടക ആർ ടി സി തീരുമാനിച്ചു. പാത ഉപയോഗിക്കുമ്പോൾ നൽകേണ്ട ഉയർന്ന ടോൾ നിരക്ക് കണക്കിലെടുത്താണ് കർണാടക ആർ ടി സി യൂസർ ഫീ ഏർപ്പെടുത്തുന്നത്. ഇതുപ്രകാരം ആർ ടി സി ബസുകളായ കർണാടക സാരിഗെ ബസ് യാത്രയ്ക്ക് 15 രൂപയും രാജ ഹംസ ബസുകൾക്ക് 18 രൂപയും മൾട്ടി ആക്സിൽ ബസുകൾക്ക് 20 രൂപയും യാത്രക്കാർ യൂസർ ഫീ നൽകണം. കർണാടക ആർ ടി സി ബസുകളെ ആശ്രയിക്കുന്ന കേരളത്തിലെ വയനാട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരെ നിരക്ക് വർധന ബാധിക്കും.
കർണാടക ആർ ടി സി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചാൽ നിരക്ക് വർധന ആലോചിക്കുമെന്ന് നേരത്തെ കേരള ആർ ടി സി അധികൃതർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ സമാന രീതിയിലുള്ള നിരക്ക് വർധന കേരള ആർ ടി സി ബസുകളിലും പ്രതീക്ഷിക്കാം. അതിവേഗ പാത വന്നാൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് ബെംഗളൂരു ഡിപ്പോ കേരള ഗതാഗത വകുപ്പിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ മാർച്ച് 12ന് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു - മൈസൂരു അതിവേഗ പാത ഉദ്‌ഘാടനം ചെയ്തത്. ചൊവ്വാഴ്ച മുതലായിരുന്നു പാതയിൽ ടോൾ പിരിവു ആരംഭിച്ചത്. ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ച ടോൾ നിരക്കു പ്രകാരം ഒറ്റത്തവണ സഞ്ചരിക്കുന്നതിനു ബസുകൾ 460 രൂപയും മടക്ക യാത്ര ഉണ്ടെങ്കിൽ 690 രൂപയുമാണ് നൽകേണ്ടത്. മൾട്ടി ആക്സിൽ ബസുകൾക്ക് ഒറ്റത്തവണ 500 മുതൽ 720 രൂപയും മടക്കയാത്രയ്ക്ക് 750 മുതൽ 1080 രൂപയും നൽകണം.