ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ ഒല, യൂബര്‍ കമ്പനികളുടെ ഓട്ടോറിക്ഷകള്‍ പിടിച്ചെടുക്കാന്‍ കര്‍ണാടക ഗതാഗത വകുപ്പ് മന്ത്രിയുടെ ഉത്തരവ്. അനുമതി ഇല്ലാതെ ഓട്ടോറിക്ഷ സര്‍വീസ് നടത്തിയതിനാണ് നടപടി. ര്‍വീസ് നിര്‍ത്തിവെക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഒല-യൂബര്‍ കമ്പനികള്‍ ചെവി കൊള്ളാന്‍ തയ്യാറായില്ലെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമലു പറഞ്ഞു.
നിലവില്‍ രണ്ടു കമ്പനികള്‍ക്കും ക്യാബ് സര്‍വീസ് നടത്താന്‍ മാത്രമാണ് അനുമതി ഉള്ളത്. എന്നാല്‍ ഇവര്‍ അനധികൃതമായി ഓട്ടോറിക്ഷ സര്‍വീസുകള്‍ കൂടി നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മോട്ടോര്‍ വാഹനവകുപ്പ് നാളെ മുതല്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു തുടങ്ങും. രണ്ടു ദിവസത്തിനകം കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി ബി ശ്രീരാമലു വ്യക്തമാക്കി.
അമിത നിരക്ക് ഈടാക്കുന്നവെന്ന പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് യൂബര്‍, ഒല, റാപ്പിഡോ കമ്പനികള്‍ മൂന്ന് ദിവസത്തിനകം ഓട്ടോറിക്ഷാ സര്‍വീസ് നിര്‍ത്തിവയ്ക്കണമെന്നറിയിച്ച് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്നും സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ തയാറാകാഞ്ഞതോടയാണ് വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ബെംഗളൂരു നഗരത്തില്‍ നിരവധി പേരാണ് ഓണ്‍ലൈന്‍ ഓട്ടോറിക്ഷകള്‍ ദിനവും ഉപയോഗപ്പെടുത്തുന്നത്. യാത്രക്കാരില്‍ നിന്നു നിരന്തരം ഒല -യൂബര്‍ സര്‍വീസുകളെ കുറിച്ച് ഗതാഗത വകുപ്പിന് പരാതികള്‍ ലഭിക്കുന്നുണ്ട് . ഒരു വര്‍ഷത്തോളമായി ഗതാഗത വകുപ്പുമായുള്ള കരാര്‍ പുതുക്കാനും കമ്പനികള്‍ തയാറായിട്ടില്ല . കമ്പനിയുമായി കരാറിലേര്‍പ്പെട്ട ഓട്ടോറിക്ഷ - ക്യാബ് ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട തുക ലഭിക്കാറില്ലെന്ന ആക്ഷേപവുമുണ്ട്.