30 വർഷങ്ങള്‍ക്ക് ശേഷം കശ്മീരില്‍ തിയറ്റർ തുറക്കുന്നു
ദശാബ്ദങ്ങള്‍ക്ക് ശേഷം കശീമിർ താഴ്‌വരയിലേക്ക് സിനിമ തിരിച്ചെത്തുന്നു. 30 വർഷങ്ങള്‍ക്ക് ശേഷം താഴ്‌വരയില്‍ ആദ്യമായി മള്‍ട്ടിപ്ലക്സ് ഒരുങ്ങുകയാണ്. ശ്രീനഗറില്‍ സെപ്റ്റംബറോടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ തിയറ്റര്‍ പ്രവര്‍ത്തനമാരംഭിക്കും. ഐഎൻഒഎക്സ് എന്ന മുഖ്യ തിയറ്റർ ശൃംഖലയുമായി ചേർന്ന് ശ്രീനഗറിലെ വ്യവസായി വികാസ് ഥർ ആണ് നിർമാണത്തിന് പിന്നിൽ. മൂന്ന് ഓഡിറ്റോറിയം ഉൾപ്പെടെ വലിയ ഇരിപ്പിട സൗകര്യങ്ങളുമായാണ് ആദ്യ മൾട്ടിപ്ലക്സ് ഒരുങ്ങുന്നത്.
യുവാക്കൾക്ക് രാജ്യത്തെ മറ്റ് നഗരങ്ങളിൽ ലഭിക്കുന്ന അതേ സൗകര്യങ്ങളോടെ സിനിമ കാണാമെന്ന് വിജയ് ഥര്‍ ദി വയറിനോട് പറഞ്ഞു. ശ്രീനഗറിലെ സോനോവാര്‍ മേഖലയില്‍ 520 ആളുകള്‍ക്ക് ഇരിക്കാവുന്ന വിധമാണ് തിയറ്ററൊരുങ്ങുന്നത്.
തീവ്രവാദം താഴ്‌വരയെ പിടിച്ചുലച്ചതോടെ 1990കളോടെയാണ് തിയറ്ററുകള്‍ അടച്ചുപൂട്ടുന്നത്. 1980 ല്‍ 15ഓളം തിയറ്ററുകള്‍ കശ്മീരിലുണ്ടായിരുന്നു. അതില്‍ ഒൻപത് എണ്ണം ശ്രീനഗറിന് സ്വന്തമായിരുന്നു. 1989ല്‍ പട്ടാള ഭരണകൂടം ഭൂരിഭാഗം തിയറ്ററുകളെയും സൈനിക ക്യാമ്പാക്കി മാറ്റി. അവശേഷിക്കുന്നവ ഹോട്ടലുകളും ആശുപത്രികളുമാക്കി.
1999 ല്‍ അന്നത്തെ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുളള തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും ആദ്യ പ്രദര്‍ശനത്തിന് തന്നെ സൈനിക അക്രമണം ഉണ്ടായി. ഒരാള്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീടിങ്ങോട്ട് 30 വര്‍ഷത്തിലേറെയായി കാശ്മീര്‍ സംഘര്‍ഷഭരിതമാണ്. ജമ്മു കശ്മീരിന്റെ പ്രത്യക പദവി എടുത്തുകളഞ്ഞ് മൂന്ന് വർഷം പിന്നിടുമ്പോഴാണ് താഴ്‌വരയില്‍ വീണ്ടും തിയറ്റർ പ്രവർത്തനമാരംഭിക്കുന്നത് .