'ഭാരത് രാഷ്ട്ര സമിതി' ടി ആർ എസിന് പുതിയ പേര് പ്രഖ്യാപിച്ച് കെ ചന്ദ്രശേഖർ റാവു; ലക്ഷ്യം ദേശീയ രാഷ്ട്രീയം
ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്). തെലങ്കാന രാഷ്ട്ര സമിതിക്ക് പുതിയ പേര് കെ ചന്ദ്രശേഖർ റാവു പ്രഖ്യാപിച്ചു. വലിയ ആഘോഷത്തോടെയാണ് പാർട്ടിയുടെ പുതിയ പേരിനെ പ്രവർത്തകർ വരവേറ്റത്. കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയടക്കം നിരവധി പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.
കെ ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയ്ക്ക് നിലവിൽ തെലങ്കാനയിൽ മാത്രമാണ് ശക്തമായ സാന്നിധ്യമുള്ളത്. കൂടുതല്‍ പാർട്ടികളുമായി സഖ്യമുണ്ടാക്കി ദേശീയ തലത്തില്‍ ബിജെപിയ്ക്ക് ബദലാകുകയെന്നതാണ് കെസിആറിന്റെ കണക്കുകൂട്ടല്‍. 2024 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി മമത ബാനർജി, നിതീഷ് കുമാർ, അരവിന്ദ് കെജ്രിവാൾ, എം കെ സ്റ്റാലിൻ, പിണറായി വിജയൻ, നവീൻ പട്നായിക് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
തെലങ്കാന സംസ്ഥാനം പ്രഖ്യാപിച്ച ദിവസമായ ഡിസംബർ 8-ന് പുതിയ പാർട്ടിയുടെ വരവറിയിച്ച് റാലി നടത്താനും കെസിആർ തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയുടെ രാഷ്ട്രീയ സ്വാധീനം വർധിപ്പിക്കുന്നതിനായി കഴിഞ്ഞ എട്ട് വർഷമായി തെലങ്കാനയിൽ നടത്തിയ ക്ഷേമ പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി പ്രചരിപ്പിക്കണമെന്നും പാർട്ടി നേതാക്കളോട് കെസിആർ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ ഉടന്‍ തന്നെ ഒരു ഉപതിരഞ്ഞെടുപ്പും പാർട്ടി നേരിടാനൊരുങ്ങുകയാണ്. മുനുഗോഡ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബർ 4 ന് നടക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിആർഎസ് മത്സരിക്കാനും സാധ്യതയുണ്ട്. പാർട്ടിയുടെ പേര് മാറ്റിയെങ്കിലും തിരഞ്ഞെടുപ്പ് ചിഹ്നമായ കാറും പിങ്ക് നിറവും നിലനിർത്താനാണ് സാധ്യത.
പേര് മാറ്റിയെങ്കിലും ബിആർഎസ് ഔദ്യോഗികമായി ഒരു ദേശീയ പാർട്ടിയാകാൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ഏതൊരു പാർട്ടിയും ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടുന്നതിന് ചില മാനദണ്ഡങ്ങളുണ്ട്. ഇതിനായി പാർട്ടിക്ക് കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ എങ്കിലും മുന്നണികളിൽ ഉണ്ടായിരിക്കണം. അല്ലെങ്കിൽ നാല് സംസ്ഥാനങ്ങളിലെ നാല് ലോക്സഭാ മണ്ഡലങ്ങളില്‍ ആറ് ശതമാനം വോട്ടുകൾ നേടണം. മൂന്ന് സംസ്ഥാനങ്ങളിലെ രണ്ട് ശതമാനം ലോക്സഭാ സീറ്റുകൾ വിജയിച്ചാലും ദേശീയ പാർട്ടി പദവി ലഭിക്കും.