കവിത 16ന് വീണ്ടും ഹാജരാകണം; ഇ ഡി ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത് 9 മണിക്കൂര്‍
ഭാരത് രാഷ്ട്ര സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിതയെ ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂർ. രാവിലെ 11ന് ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 8 വരെ നീണ്ടു. മാർച്ച് 16ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ഇ ഡി നോട്ടീസ് നല്‍കി. കേസുമായി ബന്ധപ്പെട്ട് കവിതയുടെ കൂട്ടാളിയും ഹൈദരാബാദിലെ മദ്യ വ്യവസായിയുമായ മലയാളി അരുൺ രാമചന്ദ്രൻ പിള്ളയെ ഇ ഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കൊപ്പമിരുത്തിയാണ് ഇ ഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ കവിതയെ ചോദ്യം ചെയ്തത്.
കവിതയ്ക്ക് പിന്തുണയുമായി സഹോദരൻ കെ ടി രാമറാവു ഉൾപ്പെടെയുള്ള ബിആർഎസ് നേതാക്കൾ ഡൽഹിയിലെത്തിയിരുന്നു
ചോദ്യം ചെയ്യലിനിടെ, കവിതയുടെ മൊബൈൽ ഫോൺ ഇ ഡി ആവശ്യപ്പെട്ടു. തുടർന്ന് വീട്ടിലായിരുന്ന ഫോൺ കവിതയുടെ സഹായി ഇ ഡി ഓഫീസിലെത്തിച്ചു. ചോദ്യം ചെയ്യലിന് ശേഷം കവിത തെലങ്കാന മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലേക്കാണ് പോയത്. ഇവിടെ പാർട്ടി പ്രവർത്തകരും അനുയായികളും ചേർന്ന് കവിതയ്ക്ക് സ്വീകരണമൊരുക്കിയിരുന്നു. ചോദ്യം ചെയ്യലിനെത്തിയ കവിതയ്ക്ക് പിന്തുണയുമായി സഹോദരൻ കെ ടി രാമറാവു ഉൾപ്പെടെയുള്ള ബിആർഎസ് നേതാക്കൾ നേരത്തെ ഡൽഹിയിലെത്തിയിരുന്നു. കേന്ദ്ര സർക്കാരിനെതിരെ തെലങ്കാന ഭവന് മുന്നിൽ ബിആർഎസ് പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തു.
മാര്‍ച്ച് 10ന് ഡല്‍ഹിയിൽ നടക്കാനിരിക്കുന്ന നിരാഹാര സമരം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ മാര്‍ച്ച് 11ലേയ്ക്ക് മാറ്റിവയ്ക്കാൻ കവിത അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. ഈ അഭ്യർഥന ഇ ഡി അംഗീകരിക്കുകയും ചോദ്യം ചെയ്യൽ ശനിയാഴ്ചയിലേക്ക് പുനക്രമീകരിക്കുകയുമായിരുന്നു. മനീഷ് സിസോദിയ ഉള്‍പ്പെടെ അറസ്റ്റിലായ, ഡല്‍ഹിയിലെ പുതിയ മദ്യനയം രൂപപ്പെടുത്തിയതിൽ അഴിമതി നടന്നെന്ന കേസിലാണ് കെ കവിതയേയും ചോദ്യം ചെയ്തത്.
സൗത്ത് ഗ്രൂപ്പിന്റെ കമ്പനികളെ സഹായിക്കുന്നതിനായി മദ്യനയത്തില്‍ മാറ്റം വരുത്തിയതായും സിസോദിയ യാതൊരു കൂടിയാലോചനയുമില്ലാതെ പോളിസി അവർക്ക് അനുകൂലമാക്കിയെന്നുമാണ് ഇഡി ആരോപിക്കുന്നത്
ഡല്‍ഹി മദ്യ നയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ 'സൗത്ത് ഗ്രൂപ്പ്' എന്ന് വിശേഷിപ്പിക്കുന്ന ഇടനിലക്കാരുടെ ഇടപെടലുണ്ടായെന്നാണ് ഇ ഡി കണ്ടെത്തല്‍. ഇവരുടെ കമ്പനികളെ സഹായിക്കുന്നതിനായി സിസോദിയ മദ്യനയത്തില്‍ മാറ്റം വരുത്തിയെന്നാണ് ഇ ഡി ആരോപിക്കുന്നത്. ഇതില്‍ കെ കവിതയും സ്വാധീനം ചെലുത്തിയെന്നാണ് കണ്ടെത്തല്‍.
ഇന്ത്യയിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസും മോദിയുടെ സമൻസും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് കവിത കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തെലങ്കാനയില്‍ തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന കെസിആറിനെ ഭയപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും കവിത ആരോപിച്ചിരുന്നു.
കവിതയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'ജനാധിപത്യത്തിന്റെ അന്തകന്‍' എന്ന് വിശേഷിപ്പിച്ച് ഹൈദരാബാദില്‍ ഫ്ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. അദാനിയും കേന്ദ്ര അന്വേഷണ ഏജന്‍സികളും ഓരോ തലയെ പ്രതിനിധീകരിക്കുന്ന തരത്തില്‍, പത്ത് തലകളോടെയാണ് പ്രധാനമന്ത്രിയെ ഫ്ലെക്‌സ് ബോര്‍ഡുകളില്‍ ചിത്രീകരിച്ചിരിക്കുന്നത്. 'ടൈഡ്' അലക്കുപൊടിയുടെ പരസ്യത്തെ ഓര്‍മ്മിപ്പിക്കുന്ന പോസ്റ്ററുകളും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും പശ്ചിമ ബംഗാളിലും മറ്റ് പാര്‍ട്ടികളിലുള്ളവരെ 'റെയ്ഡ്' ഉപയോഗിച്ച് കാവിവത്കരിച്ചുവെന്നാണ് പോസ്റ്ററുകളില്‍ സൂചിപ്പിക്കുന്നത്. തെലങ്കാനയില്‍ റെയ്ഡ് ആയുധമാക്കിയിട്ടും കെ കവിതയെ തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്ന് പോസ്റ്ററില്‍ പറയുന്നു. 'ശരിയായ നിറങ്ങള്‍ ഒരിക്കലും മങ്ങില്ലെ'ന്നും പോസ്റ്ററില്‍ എഴുതിയിരിക്കുന്നു. ബൈ ബൈ മോദി എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റര്‍. അഴിമതിക്കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ ഒന്നുകില്‍ ഇരവാദം ഉന്നയിക്കുകയോ അല്ലെങ്കില്‍ വൈകാരിക പ്രകടനം കാഴ്ചവെക്കുകയോ ചെയ്യുകയാണെന്നാണ് ബിജെപിയുടെ മറുപടി.