സ്വർണമല്ല, പൂശിയത് പിച്ചള; കേദാർനാഥ് ക്ഷേത്രത്തില്‍ 125 കോടിയുടെ അഴിമതിയെന്ന് മുഖ്യ പൂജാരി

സ്വർണമല്ല, പൂശിയത് പിച്ചള; കേദാർനാഥ് ക്ഷേത്രത്തില്‍ 125 കോടിയുടെ അഴിമതിയെന്ന് മുഖ്യ പൂജാരി

ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ കേദാര്‍ നാഥ് ക്ഷേത്രത്തിലെ ഭരണ സമിതിക്കെതിരെയാണ് മുഖ്യ പൂജാരി ആരോപണവുമായി രംഗത്തെത്തിയത്
Updated on
1 min read

കേദാര്‍ നാഥ് ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ സ്വര്‍ണം പതിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന ആരോപണവുമായി മുഖ്യ പൂജാരി രംഗത്ത്. സ്വര്‍ണം പതിച്ചതില്‍ 125 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. മുഖ്യ പൂജാരിയും മഹാപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റുമായ സന്തോഷ് ത്രിവേദിയാണ് ആരോപണമുന്നയിച്ചത്.

ക്ഷേത്രത്തിന്റെ ശ്രീ കോവിലിനുള്ളില്‍ സ്വര്‍ണം പതിക്കാനായി 230 കിലോ സ്വര്‍ണം ഒരു വ്യവസായി ക്ഷേത്രത്തിന് സംഭാവന നല്‍കിയിരുന്നു. എന്നാല്‍ സ്വര്‍ണം പതിക്കുന്നതിന് പകരം പിച്ചള പാകിയിട്ടുണ്ടെന്നും ബാക്കി തുക ക്ഷേത്ര സമിതി അഴിമതി നടത്തിയെന്നുമാണ് ആരോപണം. ക്രമക്കേടുകളില്‍ ഉടനടി അന്വേഷണം നടത്തണമെന്നും ത്രിവേദി ആവശ്യപ്പെട്ടു. നീതിയുക്തമായ അന്വേഷണം ഉറപ്പാക്കിയില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകും. ആരാധനാലയത്തില്‍ നടന്ന ഈ അഴിമതി മത വികാരം വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ കോവിലില്‍ സ്വര്‍ണം പതിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ ത്രിവേദിയടക്കമുള്ളവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. ക്ഷേത്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തികളാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എതിര്‍പ്പ്.

അതേസമയം അഴിമതി ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പടരുന്ന വ്യാജ പ്രചാരണമാണെന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നും ബദരീ നാഥ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

ഹിമാലയത്തിലെ ഗര്‍വാള്‍ പ്രവിശ്യയിലാണ് ശിവക്ഷേത്രമായ കേദാര്‍നാഥ് സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ മന്ദാകിനി നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് ഏപ്രില്‍ മാസം മുതല്‍ നവംബര്‍ മാസം വരെയുള്ള കാലയളവിലാണ് തീര്‍ഥാടകരെത്തുന്നത്.

logo
The Fourth
www.thefourthnews.in