ഡൽഹി ചീഫ് സെക്രട്ടറിയെ മാറ്റണം; ലെഫ്റ്റനന്റ് ഗവർണറോട് ആവശ്യമറിയിച്ച് കെജ്‌രിവാൾ
ഡൽഹി ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് ലെഫ്റ്റനന്റ് ഗവർണറോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ചീഫ് സെക്രട്ടറി നരേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയോട് കെജ്‌രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ അസോല-ഭാട്ടി സാങ്ച്വറിയിലെ വൻ മഹോത്സവ് പരിപാടിയിൽ ഇരുവരും പങ്കെടുത്ത ശേഷം നടന്ന ചർച്ചയിലായിരുന്നു ആവശ്യമറിയിച്ചത്. ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കെയാണ് ആവശ്യവുമായി കെജ്‌രിവാൾ ലെഫ്റ്റനന്റ് ഗവർണറെ സമീപിച്ചിരിക്കുന്നത്.
മുൻ ചീഫ് സെക്രട്ടറിമാരുടെ നല്ല പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാളിന്റെ അഭ്യർത്ഥന. വിഷയം പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്ന് സക്‌സേന ഉറപ്പുനൽകിയതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് തീർപ്പാക്കാനുള്ള ഫയലുകൾ വേഗത്തിൽ പരിഗണിക്കുമെന്നും കെജ്‌രിവാൾ സക്‌സേനയ്ക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ ഓർഡിനൻസിന് പകരമുള്ള ബിൽ അടുത്തയാഴ്ചയാണ് പാർലമെന്റിൽ അവതരിപ്പിക്കുക. ഇതിന് മുന്നോടിയായി നടക്കാനിരുന്ന നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസസ് അതോറിറ്റിയുടെ (എൻസിസിഎസ്എ) യോഗം നിർത്തിവച്ചിരുന്നു. ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച് തീരുമാനങ്ങളെടുക്കാനുള്ളതാണ് യോഗം. തുടർന്ന് ജൂലൈ 28ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ താത്കാലികമായി യോഗം ചേരാനും തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വ്യക്തിപരമായ അഭ്യർത്ഥനയുമായി കെജ്രിവാൾ സക്സേനയെ സമീപിച്ചിരിക്കുന്നത്.