ഇ ഡി അറസ്റ്റിനെതിരായ ഹര്‍ജി പിന്‍വലിച്ച് കെജ്‌രിവാള്‍
മദ്യ നയക്കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് കെജ്‌രിവാളിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി കോടതിയില്‍ അറിയിക്കുകയായിരുന്നു. ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാനാണ് കെജ്‌രിവാളിന്റെ നീക്കം.
ജസ്റ്റിസുമാരായ സഞ്ജയ് ഖന്ന, എംഎം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പെഷല്‍ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഹർജി പരിഗണിച്ചത്. രാവിലെ 10.30-ന് കോടതി ആരംഭിച്ചപ്പോള്‍ തന്നെ സിങ്‌വി ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് സ്‌പെഷല്‍ ബെഞ്ച് പെറ്റീഷന്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മദ്യനയക്കേസില്‍ അറസ്റ്റിലായ ബിആര്‍എസ് നേതാവ് കെ കവിതയുടെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് കെജ്‌രിവാള്‍ ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് ഖന്നയുടെ അധ്യക്ഷതയിലുള്ള ഇതേ ബെഞ്ചാണ് കവിതയുടെ ഹര്‍ജിയും പരിഗണിച്ചത്. ഹര്‍ജിയുമായി വിചാരണ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
തന്റെ ഹര്‍ജിക്കും സമാന സാഹചര്യം വന്നേക്കുമെന്നു വിലയിരുത്തിയാണ് കെജ്‌രിവാള്‍ ഹര്‍ജി പിന്‍വലിച്ചിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഇ ഡി കേസുമായി ബന്ധപ്പെട്ട് ജാമ്യഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ ഇടപെടാന്‍ ഇതേ ബെഞ്ച് വിസമ്മതിച്ചിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് ഔദ്യോഗിക വസതിയില്‍ എത്തിയ പത്തംഗ ഇ ഡി സംഘം ചോദ്യം ചെയ്യലിന് ശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോയ കെജ്‌രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഡല്‍ഹി റോസ് അവന്യു കോടതിയല്‍ ഹാജരാക്കും.
കെജ്‌രിവാളിനെതിരെ തെളിവുകളുണ്ടെന്നാണ് ഇ ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഹവാല ഇടപാടുകള്‍ക്ക് വാട്‌സ്‌ആപ്പ് ചാറ്റുകള്‍, ഫെയ്സ്ടൈം കോളുകള്‍ എന്നിവ തെളിവായി ഉണ്ടെന്നാണ് ഇ ഡി നല്‍കുന്ന സൂചന. പ്രതികളുമായി കെജ്‌രിവാള്‍ നടത്തിയ സംഭാഷണങ്ങളുടെ തെളിവുകളുണ്ടെന്നും ഇ ഡി വൃത്തങ്ങൾ പറയുന്നു.
അറസ്റ്റിന് പിന്നാലെ, എഎപി വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. മന്ത്രി അതിഷി സിങ്, എംഎല്‍എമാര്‍ ഉൾപ്പെടെ നിരവധി എഎപി നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തുനീക്കി.
കെജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ മുന്നണി നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കെജ്‌രിവാളിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. കെജ്‌രിവാളിന് എല്ലാ നിയമ സഹായങ്ങളും ലഭ്യമാക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം, അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.