'32,000 മൂന്നായി കുറച്ചു'; വിവാദങ്ങള്‍ക്കിടെ പെണ്‍കുട്ടികളുടെ എണ്ണം തിരുത്തി 'കേരള സ്റ്റോറി'
മുസ്ലിം വിരുദ്ധ നിലപാടുകളും വിദ്വേഷ പരാമര്‍ശങ്ങളുമായി വിവാദത്തിന് തുടക്കമിട്ട ഹിന്ദി ചിത്രം 'ദ കേരള സ്റ്റോറി'യില്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ തിരുത്തുമായി അണിയറ പ്രവര്‍ത്തകര്‍. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പരാമര്‍ശം അണിയറ പ്രവര്‍ത്തകര്‍ തിരുത്തി. യൂട്യൂബില്‍ സിനിമയുടെ ട്രെയിലറിന് നല്‍കിയ ഡിസ്‌ക്രിപ്ഷനിലാണ് തിരുത്ത്. 32,000 സ്ത്രീകളുടെ കഥ എന്നത് തിരുത്തി കേരളത്തിലെ മൂന്ന് പെണ്‍കുട്ടികളുടെ കഥ എന്നാക്കി മാറ്റി.
കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ ഐഎസില്‍ ചേര്‍ന്നുവെന്ന പരാമര്‍ശം വലിയ വിവാദമായതിന് പിന്നാലെയാണ് തിരുത്ത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ തിരുത്ത് വരുത്തിയപ്പോള്‍, കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിന് പുറത്ത് വിട്ട ടീസറിന്റെ ഡിസ്‌ക്രിപ്ഷന്‍ മാറ്റം വരുത്തിയിട്ടില്ല. 'Heartbreaking and gut-wrenching stories of 32000 females in Kerala!' എന്ന് തന്നെയാണ് ഇപ്പോഴും തുടരുന്നത്.
കേരളത്തില്‍ ജനിച്ച ഒരു ഹിന്ദു പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിക്കുന്നതും തുടര്‍ന്ന് ഐഎസില്‍ എത്തിച്ചേരുന്നതും പ്രമേയമാകുന്ന ചിത്രത്തിന്റെ ട്രെയിലറിലും മുസ്ലീം വിരുദ്ധതയും വിദ്വേഷവും കുത്തി നിറച്ചിട്ടുണ്ടെന്ന് വ്യാപക വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. നിരവധി യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട ചിത്രം എന്നെഴുതിയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റി സിറിയയിലേക്കും യെമനിലേക്കും മനുഷ്യ കടത്ത് നടത്തുന്നു എന്ന ആരോപണമാണ് ചിത്രത്തിന്റെ ട്രെയിലറും മുന്നോട്ട് വയ്ക്കുന്നത്. ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കേരളത്തില്‍ നിന്നുള്ള ഒരു ഹിന്ദു പെണ് കുട്ടിയെ ആണ് ട്രെയിലര്‍ പരിചയപ്പെടുത്തിയത്.
ട്രെയിലറിന് എതിരെ കേരളത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ കേരളത്തെ ലോകത്തിന് മുന്നില്‍ അധിക്ഷേപിക്കാന്‍ വേണ്ടിയുള്ളതാണ് ഏന്നായിരുന്നു പ്രധാന വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വിവിധ രാഷ്ട്രീയ, മത നേതാക്കള്‍ എന്നിവരും ട്രെയിലറിനെ വിമര്‍ശിച്ച് രംഗത്തെത്തി.