ഒളിവില്‍ കഴിയാന്‍ സഹായം; അമൃത്പാല്‍ സിങ്ങിന്‍റെ അനുയായി പോലീസ് കസ്റ്റഡിയില്‍
അമൃത്പാല്‍ സിങ്ങിന്റെ പ്രധാന സഹായി ജോഗ സിങ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ പീലിഭിത്തില്‍ അമൃത്പാല്‍ സിങിന് ഒളിയിടമൊരുക്കുകയും വേണ്ട സഹായങ്ങള്‍ നല്‍കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. ലുധിയാന സ്വദേശിയായ ജോഗ സിംങ് ഹരിയാനയില്‍ നിന്ന് പഞ്ചാബിലേക്ക് വരികയായിരുന്നുവെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അമൃത് പാല്‍ സിങുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. അമൃത്പാല്‍ സിങിന് ഒളിയിടമൊരുക്കുകയും സഞ്ചരിക്കാന്‍ വാഹനമൊരുക്കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പീലിഭിത്തിലാണ് അമൃത്പാല്‍ സിങിന് താമസസ്ഥലമൊരുക്കിയത്. അമൃത് പാലിനെ അങ്ങോട്ടെത്തിച്ച് ജോഗ് സിങ് പഞ്ചാബിലേയ്ക്ക് തിരിച്ചുവരികയായിരുന്നു. ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നരീന്ദര്‍ ഭാര്‍ഗവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അമൃത്പാല്‍ സിങ്ങിന്റെ രണ്ട് അനുയായികളെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് നേരത്തെ അറിയിച്ചിരുന്നു.ഹോഷിയാര്‍പൂര്‍ ജില്ലയിലെ ബാബക് ഗ്രാമത്തിലെ രാജ്ദീപ് സിങ്, ജലന്ധര്‍ ജില്ലയിലെ സരബ്ജിത് സിങ് എന്നിവരാണ് അറസ്റ്റിലായത്. രാജ്ദീപ് സിങ്, സരബ്ജിത് സിങ് എന്നിവരെ വെള്ളിയാഴ്ച രാത്രി ഡ്യൂട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു.ശേഷം ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കഴിഞ്ഞയാഴ്ചയായിരുന്നു അമൃത്പാല്‍ സിങിന്റെ അനുയായി പപല്‍പ്രീത് സിങ് പോലീസ് പിടിയിലാകുന്നത്. പഞ്ചാബ് പോലീസും കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പപല്‍പ്രീതിനെ ഹോഷിയാര്‍പൂരില്‍ വച്ച് അറസ്റ്റ് ചെയ്തത്. പൊലീസിനെ വെട്ടിച്ച് ജലന്ധറില്‍ നിന്നും രക്ഷപ്പെട്ട അമൃത്പാല്‍ സിങും പപല്‍പ്രീതും ഒരുമിച്ചായിരുന്നു. ഹോഷിയാര്‍പൂരില്‍ എത്തിയ ശേഷം രക്ഷപ്പെടാനായി ഇരുവരും രണ്ട് വഴിക്ക് പിരിഞ്ഞതാണെന്ന് പോലീസ് കണ്ടെത്തിയരുന്നത്.
അമൃത്പാല്‍ സിങിനും അദ്ദേഹത്തിന്റെ 'വാരിസ് പഞ്ചാബ് ദേ' സംഘടനയിലെ അംഗങ്ങള്‍ക്കുമെതിരെ കഴിഞ്ഞ മാസം പോലീസ് വലിയ നടപടികള്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് 18നാണ് ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ 'വാരിസ് പഞ്ചാബ് ദേ' യുടെ തലവനായ അമൃത്പാല്‍ സിങ് ഒളിവില്‍ പോകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.