ഗ്യാന്‍വാപി മസ്ജിദ്
ഗ്യാന്‍വാപി മസ്ജിദ്

ഗ്യാന്‍വാപി ഹര്‍ജി പരിഗണിക്കാമെന്ന് കോടതി; നിത്യാരാധന വേണമെന്ന ആവശ്യത്തില്‍ തുടര്‍വാദം

ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകളാണ് ഹര്‍ജി സമര്‍പ്പിച്ചത്
Updated on
1 min read

ഗ്യാന്‍വാപി ഹര്‍ജി പരിഗണിക്കാമെന്ന് വാരാണസി ജില്ലാ കോടതി. നിത്യാരാധന വേണമെന്ന ആവശ്യത്തിലാണ് തുടര്‍വാദം. ഹിന്ദുക്കള്‍ക്ക് ആരാധന നടത്താമെന്ന വിഷയത്തിലാണ് തുടര്‍വാദം നടക്കുക. ഉത്തരവ് മുസ്ലീം പള്ളിക്കമ്മിറ്റിക്ക് തിരിച്ചടിയാണ്. 1991ലെ ആരാധനാ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തുടര്‍വാദത്തിന് അനുമതി നല്‍കിയത്. ഹര്‍ജി സെപ്തംബര്‍ 22 ന് വീണ്ടും പരിഗണിക്കും.

മസ്ജിദ് സമുച്ചയത്തില്‍ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു അഞ്ച് ഹിന്ദു വനിതകള്‍ ആരാധനയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ വാരാണസി സിവില്‍ കോടതി ഗ്യാന്‍വാപി പള്ളിയില്‍ ചിത്രീകരണം നടത്താന്‍ ഉത്തരവിട്ടിരുന്നു. സര്‍വേ നടത്താനും വീഡിയോ ചിത്രീകരിക്കാനും കോടതി ഒരു കമ്മിറ്റിയെയും നിയോഗിച്ചു.

ആരാധനാലയങ്ങളിലെ ചിത്രീകരണം 1991 ലെ ആരാധനാ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സര്‍വേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി സുപ്രിം കോടതി തള്ളി.

പള്ളിക്കമ്മറ്റിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നിര്‍ത്തിവയ്ക്കേണ്ടി വന്നു. പക്ഷെ, കനത്ത സുരക്ഷയില്‍ 2022 മെയ് 14 ന് വീണ്ടും ആരംഭിച്ച സര്‍വേ മെയ് 16ന് പൂര്‍ത്തിയാക്കി. അന്നുതന്നെ റിപ്പോര്‍ട്ട് മുദ്ര വെച്ച കവറില്‍ വാരാണസി കോടതിയില്‍ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പ്രകാരം ഗ്യാന്‍വാപി മസ്ജിദിലെ കുളത്തില്‍ ശിവലിംഗമുള്ളതായി കണ്ടെത്തുകയും ഈ ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അടുത്ത ദിവസം സുപ്രിം കോടതി ഈ ഭാഗം വീണ്ടും തുറന്ന് കൊടുക്കാന്‍ ഉത്തരവിട്ടു. അതിനിടെ, മുദ്രവച്ച കവറില്‍ വാരണസി കോടതിയില്‍ സമര്‍പ്പിച്ച ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ മണിക്കൂറുകള്‍ക്കകം ഹര്‍ജിക്കാര്‍ പുറത്തുവിട്ടതും വിവാദമായിരുന്നു.

ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിയില്‍ സുപ്രധാന ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ പ്രധാനമായും ചര്‍ച്ചയായത് 1991ല്‍ പാസാക്കിയ ആരാധനാലയ നിയമമാണ്. ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം 1947 ആഗസ്ത് 15-ന് നിലനിന്നിരുന്നതുപോലെ തന്നെ തുടരണമെന്നാണ് നിയമം. ആരാധനാലയങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഇതുവഴി നിയന്ത്രിക്കുകയും ചെയ്തു. എന്നാല്‍ ഈ നിയമം ബാബരി മസ്ജിദ് - അയോധ്യ രാമ ജന്മഭൂമി തര്‍ക്ക കേസില്‍ ബാധകമല്ല.

ഗ്യാന്‍വ്യാപിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഇന്ത്യയില്‍ തന്നെ തര്‍ക്കം നിലനിന്നിരുന്നു എന്നാണ് ഹര്‍ജിക്കാരുടെ വാദം. 1936ല്‍ ക്ഷേത്രവും മസ്ജിദും ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റെ സ്വത്താണെന്ന തരത്തില്‍ ബ്രിട്ടീഷ് കോടതി കണ്ടെത്തിയിരുന്നു എന്ന് ഹര്‍ജിക്കാര്‍ സുപ്രിം കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഗ്യാന്‍വാപിയുമായി ബന്ധപ്പെട്ട തര്‍ക്കം സ്വാതന്ത്ര്യ ലബ്ധിക്ക് മുമ്പുള്ളതന്ന നിലയിലേക്ക് എത്തിക്കാനായിരുന്നു ഹര്‍ജിക്കാര്‍ ശ്രമിച്ചത്. ഇതോടെ 1991 ലെ നിയമത്തെ മറികടക്കാനാവും എന്നായിരുന്നു കണക്കൂട്ടല്‍. 1991ലെ നിയമം ചൂണ്ടിക്കാട്ടിയാണ് മസ്ജിദ് കമ്മിറ്റി സര്‍വേ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്. ഇത്തരം ഹര്‍ജികളും മസ്ജിദുകള്‍ മുദ്രവെക്കുന്നതും മത സൗഹാര്‍ദത്തെ തകര്‍ക്കുമെന്നും രാജ്യത്തുടനീളമുള്ള പള്ളികളെ ബാധിക്കുമെന്നുമായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം.

logo
The Fourth
www.thefourthnews.in