ഖലിസ്ഥാൻ നേതാവ് കാനഡയിൽ വെടിയേറ്റ് മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ

ഖലിസ്ഥാൻ നേതാവ് കാനഡയിൽ വെടിയേറ്റ് മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ

രാജ്യത്ത് എൻഐഎ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയാണ് ഹര്‍ദീപ് സിങ് നിജ്ജാർ
Updated on
1 min read

ഖലിസ്ഥാൻ നേതാവും ഗുരു നാനാക് സിഖ് ഗുരുദ്വാര സാഹിബുമായ ഹര്‍ദീപ് സിങ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് അജ്ഞാതരായ രണ്ടുപേർ നിജ്ജാറിനെതിരെ വെടിയുതിർത്തത്. ജലന്ധര്‍ സ്വദേശിയായ ഹര്‍ദീപ് സിങ് നിജ്ജാർ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്സിന്റെ തലവനായിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം, പരിശീലനം, ധനകാര്യം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്തിരുന്നത് ഹര്‍ദീപ് സിങ് നിജ്ജാറായിരുന്നു.

സിഖ് ഫോര്‍ ജസ്റ്റിസ് പ്രസ്ഥാനത്തെ അദ്ദേഹം ശക്തമായി പിന്തുണച്ചിരുന്നെന്ന് ദേശീയ അന്വേഷണ ഏജൻസി അടുത്തിടെ കണ്ടെത്തിയിരുന്നു. ഓസ്ട്രേലിയയിൽ നടന്ന സിഖ് വംശജരുടെ ഹിതപരിശോധനാ വോട്ടെടുപ്പിലുൾപ്പെടെ നിജ്ജാർ ഭാഗവാക്കായിരുന്നു.

രാജ്യത്ത് എൻഐഎ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ നിജ്ജാര്‍ പ്രതിയാണ്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങളിൽ ഹര്‍ദീപ് സിങ് നിജ്ജാറിനെതിരെ നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകൾ ലഭിച്ചിരുന്നു. സാമൂഹ്യമാധ്യമങ്ങൾ വഴി സിഖ് നേതാവ് കുറ്റകരമായ പ്രസ്താവനകൾ, ആക്ഷേപകരമായ ഉള്ളടക്കം, വ്യാജ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവയെല്ലാം പങ്കുവച്ചിരുന്നു. കലാപാഹ്വാന നീക്കങ്ങളും ഹര്‍ദീപ് സിങ് നിജ്ജാറിൽ നിന്നുണ്ടായിരുന്നു. ഈ തെളിവുകൾ അടിസ്ഥാനമാക്കി രാജ്യദ്രോഹം, കലാപാഹ്വാനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എൻഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

2018ൽ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാനഡയ്ക്ക് കൈമാറിയ പിടികിട്ടാപുള്ളികളുടെ ലിസ്റ്റിൽ ഹർദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലും നിജ്ജാർ പ്രതിയാണ്. വര്‍ഷങ്ങൾക്ക് മുൻപ് ജലന്ധറിൽനിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് നജ്ജാറിന്റെ കുടുംബം. രാജ്യദ്രോഹകേസുകളുടെ അടിസ്ഥാനത്തിൽ നജ്ജാറിന്റെ പേരിലുള്ള ജലന്ധറിലെ ഭൂമിയും സ്വത്ത് വകകളും പോലീസ് കണ്ടുകെട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in