ഖലിസ്ഥാൻ നേതാവ് അവതാർ സിങ് ഖണ്ഡ ലണ്ടനിൽ മരിച്ചെന്ന് റിപ്പോർട്ട്; ഹൈക്കമ്മീഷൻ ആക്രമണത്തിലെ പ്രമുഖൻ
ഖലിസ്ഥാൻ നേതാവ് അവതാർ സിങ് ഖണ്ഡ ലണ്ടനില്‍ മരിച്ചെന്ന് റിപ്പോർട്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഖണ്ഡ. ബർമിംഗ്ഹാമിലെ സാൻഡ്‌വെൽ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം.
രക്താർബുദത്തിന് ചികിത്സയിലായിരുന്ന ഖണ്ഡയെ രണ്ടാഴ്ച മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ടുകള്‍. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ക്യാൻസറിനെ തുടർന്ന് രക്തം കട്ടപിടിച്ചുണ്ടായ വിഷബാധയാണെന്നാണ് സൂചന.
അതേസമയം. ഖണ്ഡ രക്തസാക്ഷിയാണെന്നും ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് മരണത്തിന് പിന്നിലെന്നും ആരോപിച്ച് ഖലിസ്ഥാൻ അനുകൂലികള്‍ രംഗത്തെത്തി. വിഷം ഉള്ളിൽ ചെന്നാണ് അവതാർ ഖണ്ഡ മരിച്ചതെന്നാണ് ഇവരുടെ ആരോപണം.
'വാരിസ് പഞ്ചാബ് ദേ' സംഘടന തലവനും ഖലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായികളിലൊരാളായ ഖണ്ഡ യുകെയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. രഞ്ജോദ് സിങ് എന്നും ഖണ്ഡ അറിയപ്പെടാറുണ്ട്. ഖലിസ്ഥാൻ തീവ്ര ആശയങ്ങൾ സിഖ് യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.
ഖണ്ഡയുടെ പിതാവും ഖലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് പ്രവത്തകനായിരുന്നു. 1991-ൽ സുരക്ഷാ സേനയുടെ വെടിയേറ്റാണ് പിതാവ് കൊല്ലപ്പെട്ടതെന്നാണ് വിവരം. പാകിസ്താൻ ഡീപ് സ്റ്റേറ്റുമായി ശക്തമായ ബന്ധമുള്ള മറ്റൊരു കെഎൽഎഫ് പ്രവർത്തകൻ ഗുർജന്ത് സിംഗ് ബുദ്ധ്‌സിംഗ്വാലയുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു അവതാർ സിംഗ് ഖണ്ഡ.മറ്റ് ഖലിസ്ഥാനി അനുഭാവികളെപ്പോലെ, ഖണ്ഡയും സ്റ്റുഡന്റ് വിസയിലൂടെയാണ് യു കെയിൽ എത്തിയത്.
മാർച്ച് 19 ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ പ്രതിഷേധത്തിനിടെ ഓഫീസിന് നേരെ ആക്രമം നടത്തുകയും ദേശീയ പതാകയെ അപമാനിക്കുകയും ചെയ്തിരുന്നു. ഹൈക്കമ്മീഷന് മുന്നിലെ ദേശീയ പതാക അക്രമികള്‍ താഴ്ത്തി. അമൃത്പാൽ സിങിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കിയ സാഹചര്യത്തിലായിരുന്നു അക്രമം. ഖാലിസ്ഥാൻ പതാകയേന്തിയ അക്രമികൾ ഇന്ത്യൻ പതാക വലിച്ചു താഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആക്രമണം ചെറുക്കുന്നതിൽ പരാജയപ്പെട്ടെന്ന് കാണിച്ച് ബ്രിട്ടണോട് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.