'വ്യാജ ദേശഭക്തി'; പുതുക്കിയ സായുധസേന വികലാംഗ പെൻഷൻ നിയമത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഖാർഗെ

'വ്യാജ ദേശഭക്തി'; പുതുക്കിയ സായുധസേന വികലാംഗ പെൻഷൻ നിയമത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഖാർഗെ

സായുധ സേനാംഗങ്ങൾക്കുള്ള വികലാംഗ പെൻഷനിൽ മാറ്റം വരുത്തിയത് സംബന്ധിച്ച പുതിയ നയം സെപ്റ്റംബർ 27ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയിരുന്നു
Updated on
1 min read

സായുധ സേനാംഗങ്ങൾക്കുള്ള പുതിയ വികലാംഗ പെൻഷൻ നിയമങ്ങളിൽ ബിജെപിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ബിജെപിയുടെ 'വ്യാജ ദേശീയത'യാണ് ഈ നീക്കത്തിലൂടെ വീണ്ടും ദൃശ്യമാകുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു. ജവാൻമാരുടെയും വിമുക്തഭടന്മാരുടെയും ക്ഷേമത്തിനെതിരായി പ്രവർത്തിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ 'സ്ഥിരം കുറ്റക്കാരാണെന്ന്' സമൂഹമാധ്യമമായ എക്‌സിലൂടെ ഖാർഗെ വിമർശിച്ചു. 40 ശതമാനം സൈനിക ഉദ്യോഗസ്ഥർ വികലാംഗ പെൻഷനോടെയാണ് വിരമിക്കുന്നതെന്നും നിലവിലെ നയംമാറ്റത്തിലൂടെ മുൻപുണ്ടായിരുന്ന ഒന്നിലധികം വിധികളും നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 27ന് സായുധ സേനാംഗങ്ങൾക്കുള്ള വികലാംഗ പെൻഷനിൽ മാറ്റം വരുത്തിയത് സംബന്ധിച്ച പുതിയ നയം പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയിരുന്നു. സാധാരണ ജീവനക്കാരെ താരതമ്യം ചെയ്യുമ്പോൾ സൈനികരെ പ്രതികൂലമായി ബാധിക്കുന്ന മോദി സർക്കാരിന്റെ ഈ പുതിയ നയത്തിൽ ശക്തമായ പ്രതിഷേധിമറിയിച്ച് വിമുക്തഭടൻമാരുടെ സംഘടന നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. "2019ൽ വികലാംഗ പെൻഷനുകൾക്ക് നികുതി ചുമത്തുമെന്ന് പ്രഖ്യാപിച്ച് ഈ നയത്തിന് സമാനമായ വഞ്ചനയുമായി മോദി സർക്കാർ രംഗത്തെത്തിയിരുന്നു", ഖാർഗെ.

സൈനികർക്ക് നൽകാനുള്ള പണം മോദി സർക്കാരിന്റെ പക്കലില്ലെന്നത്തിന്റെ വ്യക്തമായ തെളിവാണ് അഗ്നിപഥ് പദ്ധതിയെന്നും ഒആർഒപി 2 (വൺ റാങ്ക് വൺ പെൻഷൻ) പദ്ധതിയിലും വലിയ തോതിലുള്ള അപാകതകളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഓർഡനൻസ് ഫാക്ടറി ബോർഡിന്റെ സ്വകാര്യവൽക്കരണവും സിഎസ്‌ഡി ഔട്ട്‌ലെറ്റുകളിലെ റേഷനും സായുധ സേനാംഗങ്ങളുടെ ക്ഷേമത്തിനെതിരാണ്. ഈ സാഹചര്യത്തിൽ, സൈനികരുടെ പരാതികൾ പരിഹരിക്കാൻ എത്രയും വേഗം വിമുക്തഭടന്മാരുടെ ഒരു സമിതി രൂപീകരിക്കണമെന്ന ആവശ്യം കോൺഗ്രസ് വീണ്ടും ആവർത്തിക്കുന്നതായും ഖാർഗെ രേഖപ്പെടുത്തി.

logo
The Fourth
www.thefourthnews.in