ബിൽക്കിസ് ബാനു കേസ്: ബിജെപിയെ വെട്ടിലാക്കി ഖുശ്ബുവിന്റെ ട്വീറ്റ്; അഭിനന്ദിച്ച് ശശി തരൂർ
ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതുമായി ബന്ധപ്പെട്ട് ബിജെപിയെ പ്രതിസന്ധിയിലാക്കി ഖുശ്ബുവിന്റെ ട്വീറ്റ്. പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെയാണ് ബിജെപി നേതാവ് ഖുഷ്ബുവിന്റെ പ്രതികരണം. നടപടി സ്ത്രീത്വത്തിനും മനുഷ്യരാശിക്കും അപമാനമെന്ന് ഖുശ്ബു ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇത്തരം കാര്യങ്ങളിൽ സ്ത്രീകളെ പിന്തുണയ്ക്കണമെന്നും ഖുശ്ബു വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് തന്നെ ഉയർന്ന ശക്തമായ വിമർശനം ബിജെപിയെ വെട്ടിലാക്കി. അതേസമയം ഖുശ്ബുവിനെ അഭിനന്ദിച്ച് ശശി തരൂർ എംപി രംഗത്തെത്തി.
" ബലാത്സംഗം ചെയ്യപ്പെടുകയും, ആക്രമിക്കപ്പെടുകയും, ക്രൂരമായി പീഡിപ്പിക്കപ്പെടുകയും, ജീവിതകാലം മുഴുവൻ ആത്മാവിന് മുറിവേൽക്കപ്പെടുകയും ചെയ്ത സ്ത്രീക്ക് നീതി ലഭിക്കണം. അതിൽ ഉൾപ്പെട്ട ഒരാളുപോലും സ്വതന്ത്രരാകാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അത് മനുഷ്യകുലത്തിനും സ്ത്രീത്വത്തിനും അപമാനമാണ്. ബിൽക്കിസ് ബാനുവോ മറ്റേതെങ്കിലും സ്ത്രീയോ ആകട്ടെ . രാഷ്ട്രീയത്തിനും ആശയസംഹിതകൾക്കും അപ്പുറമായി പിന്തുണ ആവശ്യമാണ്. " ഖുശ്‌ബു ട്വീറ്റ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് സമാനമായ പല ട്വീറ്റുകളും ഖുശ്‌ബു പങ്കുവെച്ചിട്ടുണ്ട്.
തന്റെ മുൻ സഹപ്രവർത്തക കൂടിയായ ഖുശ്ബുവിന്റെ ട്വീറ്റിന് അഭിനന്ദനവുമായാണ് തരൂർ രംഗത്തെത്തിയത്. ഖുശ്‌ബു ശരിയായ കാര്യത്തിന് വേണ്ടി നിൽക്കുന്നത് കാണുമ്പോൾ അഭിമാനം ഉണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. "കേൾക്കൂ, @ ഖുശ്ബു സുന്ദർ! നിങ്ങൾ വലതുപക്ഷത്തിനായല്ല മറിച്ച് ശരിയായ കാര്യത്തിന് വേണ്ടി നിലകൊള്ളുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു." ശശി തരൂർ എം പി ട്വീറ്റ് ചെയ്തു.
ഖുശ്ബുവിന്റെ അഭിപ്രായം തള്ളാതെ മഹിളാ മോർച്ചാ ദേശീയ അധ്യക്ഷ വനതി ശ്രീനിവാസൻ രംഗത്തെത്തി. സ്ത്രീകളോട് അനീതി ഉണ്ടാവരുതെന്നും അതിൽ രണ്ടാമതൊരു അഭിപ്രായം ഇല്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ പിന്നാലെ വിശദീകരണവുമായി രംഗത്തെത്തി. ഗുജറാത്ത് സർക്കാർ നിയമത്തിന്റെ ശരിയായ നടപടിക്രമം പിന്തുടർന്നിട്ടുണ്ടെന്നായിരുന്നു വനതിയുടെ വിശദീകരണം. ബിൽക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ടത് നിയമപ്രകാരം ആണെന്നും അതിൽ രാഷ്ട്രീയ താല്പര്യങ്ങൾ ഇല്ലെന്നുമാണ് ബിജെപിയുടെയും നിലപാട്.
ഖുശ്ബുവിനെ പോലെയുള്ളവർ ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്ന് ജനാധിപത്യമഹിളാ അസോസിയേഷൻ പ്രതികരിച്ചു. ബിജെപിയുടെ പ്രത്യയശാസ്ത്രം മനസിലാക്കിയതിന് ശേഷമാണോ അവർ ബിജെപിയിൽ നിൽക്കുന്നതെന്ന് ഞങ്ങൾ ആശ്ചര്യപ്പെടുന്നു. സ്ത്രീകൾക്ക് അവകാശങ്ങൾ നൽകാത്ത 'മനു ധർമ്മ'ത്തിലാണ് ബിജെപിയുടെ പ്രത്യയശാസ്ത്രം വിശ്വസിക്കുതെന്നും ജനാധിപത്യമഹിളാ അസോസിയേഷൻ തമിഴ്നാട് ജനറൽ സെക്രട്ടറി പി സുഗന്ധി പറഞ്ഞു.
ഖുശ്ബു സുന്ദറിന്റെയും വനതി ശ്രീനിവാസന്റെയും പങ്കുവെക്കുന്നത് ഒരേ അഭിപ്രായം ആണോയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചോദിച്ചു . ഗുജറാത്ത് സർക്കാർ 11 പ്രതികളെ വിട്ടയച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി അനുവദിക്കുന്നത് അവരുടെ മോചനം അസ്വീകാര്യമാണെന്നതിന്റെ ആദ്യ തെളിവാണെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു. പ്രതികളെ വിട്ടയച്ചപ്പോൾ വലിയ സ്വീകരണം നൽകിയത് ശരിയായില്ല എന്ന പ്രതികരണവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ രംഗത്തെത്തിയിരുന്നു.