അമേരിക്കയിൽ തട്ടികൊണ്ടുപോയ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; കൊല്ലപ്പെട്ടത് എട്ട് മാസം പ്രായമായ കുട്ടിയടക്കം നാല് പേർ
രണ്ട് ദിവസം മുമ്പ് കാലിഫോര്‍ണിയയിലെ മെഴ്‌സെഡ് കൗണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു കര്‍ഷകനാണ് മെഴ്‌സെഡ് കൗണ്ടി തോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജസ്പീത് സിങ് (36), ഭാര്യ ജസ്ലിന്‍ കൗര്‍ (27), ഇവരുടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് അരൂഹി ധേരി, ബന്ധു അമന്‍ ദീപ് സിങ് (39) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മെഴ്‌സെഡ് കൗണ്ടി സൗത്ത് ഹൈവേയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നായിരുന്നു നാലുപേരെയും തട്ടിക്കൊണ്ടുപോയത്. ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
തട്ടിക്കൊണ്ടുപോകല്‍ നടന്ന് ഒരു ദിവസത്തിന് ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുറ്റവാളിയെ പോലീസ് പിടികൂടിയായിരുന്നു. എട്ട് മാസം പ്രായമുള്ള അരൂഹി ധേരിയെയും കുടുംബത്തെയും ഒരാള്‍ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവതോടെ ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസില്‍ നിന്നുള്ള ക്രൈം ലാബ് ടെക്നീഷ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള അന്വേഷകര്‍ നടപടി ക്രമം പൂർത്തിയാക്കും.
തട്ടിക്കൊണ്ടുപോകലില്‍ തനിക്ക് പങ്കുണ്ടെന്ന് പ്രതി ജീസസ് സല്‍ഗാഡോ(48) തന്റെ ബന്ധുക്കളോട് സമ്മതിച്ചതായി വാങ്കെ പറഞ്ഞു. ബന്ധുക്കള്‍ തന്നെയാണ് അന്വേഷണ സംഘത്തെ ബന്ധപ്പെട്ടത്. അറ്റ്വാട്ടറിന് സമീപത്തുള്ള ഒരു വീട്ടില്‍ പോലീസ് എത്തുന്നതിനുമുൻപ് സല്‍ഗാഡോ ജീവനൊടുക്കാന്‍ ശ്രമിച്ചു. അധികൃതര്‍ സല്‍ഗാഡോയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുറ്റകൃത്യത്തിന്റെ പ്രേരണ എന്താണ് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.
ബുധനാഴ്ച പുറത്തുവിട്ട ദൃശ്യങ്ങളിൽ പ്രതിയെന്ന് സംശയിക്കുന്നയാള്‍ ആദ്യം സംഭവസ്ഥലത്ത് നടക്കുന്നത് വ്യക്തമായി കാണാമായിരുന്നു. പിന്നീട്, കൈകള്‍ പുറകില്‍ കെട്ടി ഒരോരുത്തരേയും അമന്‍ദീപ് സിങ്ങിന്റെ പിക്കപ്പ് ട്രക്കിന്റെ പിന്‍സീറ്റിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ട്രക്ക് ഓടിച്ചുപോയി. എന്നാല്‍ കമ്പനിയില്‍ നിന്ന് ഒന്നും മോഷ്ടിച്ചിട്ടില്ലെന്നും എന്നാല്‍ അവരുടെ ബന്ധുക്കളെല്ലാം ആഭരണങ്ങള്‍ ധരിച്ചിരുന്നതായും കുടുംബാംഗങ്ങള്‍ അറിയിച്ചു.തട്ടിക്കൊണ്ടുപോകലിനുശേഷം ഇരകളില്‍ ഒരാളുടെ എടിഎം കാര്‍ഡ് മെഴ്സിഡിന് 14 കിലോമീറ്റര്‍ വടക്ക് അറ്റ്വാട്ടറില്‍ ഉപയോഗിച്ചതായി പോലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിന്റെ പ്രേരണ എന്താണ് എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോയയാള്‍ മോചനദ്രവ്യം ആവശ്യപ്പെട്ടിട്ടിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.