കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തുനിന്ന് നീക്കി; പകരം അർജുൻ റാം മേഘ്‌വാൾ
ജുഡീഷ്യറിയുമായുള്ള പോരിനെത്തുടർന്ന് നിരന്തരം വാർത്തകളിൽ ഇടംപിടിച്ച കിരൺ റിജിജുവിനെ കേന്ദ്ര നിയമ-നീതിന്യായ മന്ത്രിസ്ഥാനത്തുനിന്ന് നീക്കി. ഇന്ന് നടന്ന മന്ത്രിസഭാ പുനസംഘടനയിലാണ് അദ്ദേഹത്തെ നീക്കിയത്. പകരം താരതമ്യേന അപ്രധാനമായ ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്. അർജുൻ റാം മേഘ്‌വാളാണ് പുതിയ നിയമ മന്ത്രി.
പാർലമെന്ററികാര്യ സഹമന്ത്രിയായ അർജുൻ മേഘ്‌വാളിന് നിലവിലെ വകുപ്പുകൾക്ക് പുറമെയാണ് നിയമന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതല നൽകിയത്. രാജസ്ഥാനിൽനിന്നുള്ള ബിജെപി നേതാവാണ് അർജുൻ രാം മേഘ്‌വാൾ. സമീപകാല ചരിത്രത്തിൽ ഇതാദ്യമായാണ് ക്യാബിനറ്റ് പദവിയിലില്ലാത്ത ഒരാൾ നിയമമന്ത്രിയാവുന്നത്.
കിരൺ റിജിജുവിനെ നീക്കിയതിൽ ശിവസേന വിമർശനമുയർത്തി. "ഇതിനുകാരണം മഹാരാഷ്ട്ര വിധിയുടെ നാണക്കേടാണോ? അതോ മോദാനി-സെബി അന്വേഷണമോ?"ശിവസേന താക്കറെ വിഭാഗം നേതാവ് പ്രിയങ്ക ചതുർവേദി ട്വീറ്റ് ചെയ്തു.
അരുണാചൽ പ്രദേശിൽനിന്നുള്ള ലോക്‌സഭാംഗമായ കിരൺ റിജിജു 2021 ജൂലൈ എട്ടിനാണ് നിയമ-നീതിന്യായ മന്ത്രിയായി ചുമതലയേറ്റത്. 2019 മെയ് മുതൽ 2021 ജൂലൈ വരെ യുവജനകാര്യ, കായിക വകുപ്പ് സഹമന്ത്രിയായി പ്രവർത്തിച്ചു.
ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കിരൺ റിജിജുവിന്റെ പരാമർശങ്ങൾ നേരത്തെ പല തവണ വിവാദമായിട്ടുണ്ട്. കൊളീജിയത്തിന്റെ പ്രവർത്തനം സുതാര്യമല്ലെന്നും അനാവശ്യ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും കോടതി നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിയമമന്ത്രിസ്ഥാനത്ത് നിന്ന് നീക്കം ചെയ്തെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ റിജിജു ട്വിറ്റർ ബയോ മാറ്റി.