മൂന്നാം മോദി സര്‍ക്കാരിന് ആദ്യ വെല്ലുവിളി; ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം
നിറം മങ്ങിയ വിജയത്തോടെ മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് ആദ്യവെല്ലുവിളി സ്പീക്കര്‍ തിരഞ്ഞെടുപ്പ്. പ്രതിപക്ഷമായ ഇന്ത്യ സഖ്യവുമായി സമവായത്തിനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് മത്സരത്തിന് കളം ഒരുങ്ങുന്നത്.
മുതിര്‍ന്ന ബിജെപി നേതാവ് ഓം ബിര്‍ലയാണ് എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി
മുതിര്‍ന്ന ബിജെപി നേതാവ് ഓം ബിര്‍ലയാണ് എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. രണ്ടാം മോദി സര്‍ക്കാരിന്റെകാലത്തും സ്പീക്കര്‍ പദവി അലങ്കരിച്ചിരുന്നത് ഓംബിര്‍ല ആയിരുന്നു. എന്നാല്‍ ഇത്തവണ മാവേലിക്കര എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ഇന്ത്യ സഖ്യം സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് പത്രിക സമര്‍പ്പിക്കുകയും ചെയ്തു. പ്രതിപക്ഷ കക്ഷി നേതാക്കള്‍ക്കൊപ്പം എത്തിയായിരുന്നു കൊടിക്കുന്നില്‍ ലോക്സഭാ സെക്രട്ടറിയ്ക്ക് പത്രിക സമര്‍പ്പിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ വിജയിച്ചു വന്ന മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ കൊടിക്കുന്നില്‍ സുരേഷിനെ മാറ്റി പ്രോടേം സ്പീക്കറായി ബിജെപി എംപി ഭര്‍തൃഹരി മഹ്താബിനെ നിയോഗിച്ചത് ഉള്‍പ്പെടെ പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. എട്ട് തവണ എംപിയായ കൊടിക്കുന്നിലിനെ മറികടന്നായിരുന്നു ഏഴ് തവണ പാര്‍ലമെന്റ് അംഗമായ ഭര്‍തൃഹരി മഹ്താബിനെ നിയോഗിച്ചത്. അതേസമയം, എന്‍ഡിഎ സ്പിക്കര്‍ സ്ഥാനാര്‍ഥിയായി ഓം ബിര്‍ല പത്രിക സമര്‍പ്പിച്ചു.
ഇത്തവണ, പ്രതിപക്ഷത്തിന് അവകാശപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ഉള്‍പ്പെടെ മുന്നോട്ട് വച്ചാണ് ബിജെപി സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സമവായത്തിന് ശ്രമിച്ചത്. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഉണ്ടായിരുന്നില്ല. ഇക്കുറി ഡപ്യൂട്ടി സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് ഇന്ത്യ സഖ്യനേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സ്വതന്ത്ര ഇന്ത്യയില്‍ ഇതിന് മുന്‍പ് രണ്ട് സ്പീക്കര്‍ തിരഞ്ഞെടുപ്പുകള്‍
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതിനുമുന്‍പ് രണ്ടുതവണയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. 1947-ലെ താത്കാലിക സര്‍ക്കാരില്‍ സ്പീക്കര്‍ പദവി വഹിച്ചിരുന്ന ജി വി മാവ്‌ലിങ്കറിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നിര്‍ദേശിച്ചതോടെയാണ് അന്ന് സ്പീക്കര്‍ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
എന്നാല്‍, അന്ന് പ്രകതിപക്ഷത്തിരുന്ന സിപിഐ ഇതിനെ എതിര്‍ത്തു. പെസന്റ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ശങ്കര്‍റാവു ശാന്താറാം മോറിനെ സ്ഥാനാര്‍ഥിയാക്കാന്‍ എ കെ ഗോപാലന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ ബെഞ്ച് തീരുമാനിച്ചു. ആര്‍എസ്പിയുടെ എന്‍ ശ്രീകണ്ഠന്‍ നായരും മോറിനെ പിന്തുണച്ചു. മാവേലിക്കരയില്‍ നിന്നുള്ള എംപിയായ ശ്രീകണ്ഠന്‍ നായര്‍, അന്ന് തിരഞ്ഞെടുപ്പില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ന് മാവേലിക്കരയിലെ മറ്റൊരു എംപി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു എന്നത് യാദൃശ്ചികത. ഒടുവില്‍ ഫലം വന്നപ്പോള്‍ മാവ്‌ലിങ്കര്‍ 394 വോട്ടിന് ജയിച്ചു. മോറിന് ലഭിച്ചത് 55 വോട്ടാണ്.
അടിയന്തരാവസ്ഥ കാലത്ത് വീണ്ടുമൊരു സ്പീക്കര്‍ തിരഞ്ഞെടുപ്പുകൂടി രാജ്യം കണ്ടു. 1976-ല്‍ കോണ്‍ഗ്രസിന്റെ ബി ആര്‍ ഭഗതിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ പ്രധാനമന്ത്രി ഇന്ദി ഗാന്ധി നിര്‍ദേശിച്ചു. എന്നാല്‍ ജനസംഘിന്റെ എംപി ജഗ്നാഥ് റാവുവിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ച് സംഘടനാ കോണ്‍ഗ്രസിന്റെ എംപി പി എം മെഹ്‌റ രംഗത്തെത്തി. 344 വോട്ട് നേടി ഭഗത് വിജയിച്ചു. 58 വോട്ടാണ് ജഗന്നാഥ് റാവു ജോഷിക്ക് ലഭിച്ചത്.