'മകളുടെ കൊലപാതകം ഒതുക്കിതീര്‍ക്കാന്‍ പോലീസ് പണം വാഗ്ദാനം ചെയ്തു'; വെളിപ്പെടുത്തലുമായി വനിത ഡോക്ടറുടെ മാതാപിതാക്കള്‍
കൊല്‍ത്തക്ക ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി വനിത ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മാതാപിതാക്കള്‍. മകളുടെ കൊലപാതകത്തിനു ശേഷം സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തങ്ങള്‍ക്കു പണം വാഗ്ദാനം ചെയ്‌തെന്നാണ് പിതാവ് വെളിപ്പെടുത്തിയത്. ഇതു വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
തുടക്കത്തില്‍ തന്നെ പോലീസ് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. മൃതദേഹം കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല, പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോകുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ കാത്തിരിക്കേണ്ടി വന്നു-പിതാവ് പറഞ്ഞു. പ്രതിഷേധക്കാര്‍. പിന്നീട്, മൃതദേഹം ഞങ്ങള്‍ക്ക് കൈമാറിയപ്പോള്‍, ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തു, ഞങ്ങള്‍ അത് ഉടന്‍ നിരസിച്ചു- പിതാവ് വെളിപ്പെടുത്തി. മകള്‍ക്കു നീതി ലഭിക്കാന്‍ പോരാടുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു പിന്തുണ നല്‍കാനാണ് പ്രതിഷേധത്തില്‍ അണിചേരുന്നതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ആരോപണവിധേയനായ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷിനെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ, ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയ് മുന്‍പും സ്ത്രീകളോട് അതിക്രമം കാണിച്ചതായി കേസില്‍ സിബിഐ നടത്തിയ നുണപരിശോധനയിലാണ് പ്രതി സമ്മതിച്ചിരുന്നു. സംഭവദിവസം സഞ്ജയ് റോയ് തന്റെ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചക്കുകയും ചുവന്നതെരുവില്‍ പോകുകയും ചെയ്തു. വഴിയില്‍വെച്ച് താനുള്‍പ്പെട്ട സംഘം ഒരു പെണ്‍കുട്ടിയെ ലൈംഗികമായി അക്രമിച്ചെന്നും സഞ്ജയ് റോയ് വെളിപ്പെടുത്തി. തുടര്‍ന്നാണ് ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയതെന്നും പ്രതി ഞായറാഴ്ച നടന്ന നുണപരിശോധനയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെളിപ്പെടുത്തി.
താന്‍ സുഹൃത്തുക്കളോടൊപ്പം ചുവന്ന തെരുവിലേക്ക് പോയിരുന്നെങ്കിലും ആരുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടില്ലെന്നു പ്രതി സിബിഐ നുണപരിശോധനയില്‍ വെളിപ്പെടുത്തി. കാമുകിയെ വീഡിയോ കോള്‍ ചെയ്ത് നഗ്‌നതാ പ്രദര്‍ശനത്തിന് ആവശ്യപ്പെട്ടുവെന്നും പ്രതി വെളിപ്പെടുത്തിയതായാണു റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ് ഒന്‍പതിനാണ് കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ മുപ്പത്തുയൊന്നുകാരിയായ ഡോക്ടര്‍ കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം പുലര്‍ച്ചെ നാലരയോടെ ആശുപത്രിയിലേക്കെത്തിയ സഞ്ജയ് റോയ് സെമിനാര്‍ ഹാളിന്റെ വരാന്തയിലേക്കു നടന്നുകയറുകയായിരുന്നു. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നശേഷം സഞ്ജയ് തന്റെ സുഹൃത്തും പോലീസ് ഉദ്യോഗസ്ഥനുമായ അനുപം ദത്തയുടെ വീട്ടിലേക്കാണു പോയത്. സഞ്ജയ് നേരത്തെ നല്‍കിയ പല തെറ്റായ വിവരങ്ങളും നുണപരിശോധനയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മനസിലായെന്നാണു പുറത്തതുവരുന്ന വിവരം. അതേസമയം, ഡോക്ടറുടെ കൊലപാതകത്തില്‍ കൊല്‍ക്കത്തയിലെമ്പാടും പ്രതിഷേധം കനക്കുകയാണ്.