ബംഗാളിലെ ഡോക്ടറുടെ കൊലപാതകം: ബന്ധുക്കളുടെ മൊഴിയെടുത്ത് സിബിഐ; നാളെ കേരളത്തിലും പ്രതിഷേധം, ഡോക്ടർമാർ പണിമുടക്കും

ബംഗാളിലെ ഡോക്ടറുടെ കൊലപാതകം: ബന്ധുക്കളുടെ മൊഴിയെടുത്ത് സിബിഐ; നാളെ കേരളത്തിലും പ്രതിഷേധം, ഡോക്ടർമാർ പണിമുടക്കും

മെഡിക്കല്‍ കോളേജ് ആക്രമിച്ച സംഭവത്തില്‍ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു
Updated on
1 min read

പശ്ചിമ ബംഗാളിലെ ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ നടപടികളുമായി സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ). അന്വേഷണസംഘം ജൂനിയർ ഡോക്ടറുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഇതിനുപുറമെ മെഡിക്കല്‍ കോളേജ് ആക്രമിച്ച സംഭവത്തില്‍ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധക്കാരെന്ന് നടിച്ച് മെഡിക്കല്‍ കോളേജില്‍ നാല്‍പ്പതോളം പേരാണ് അനധികൃതമായി കടന്നതും ആക്രമിച്ചതെന്നുമാണ് പോലീസ് പറയുന്നത്. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. പോലീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നു.

അതേസമയം, പ്രതിഷേധക്കാരെ പശ്ചിമ ബംഗാള്‍ ഗവർണർ ആനന്ദ ബോസ് മെഡിക്കല്‍ കോളേജില്‍ നേരിട്ടെത്തി സന്ദർശിച്ചു. മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവർണർ നടത്തിയ പ്രതികരണം. നീതി ലഭിക്കുന്നതുവരെ പ്രതിഷേധക്കാർക്ക് പിന്തുണയും ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജിലെ പ്രിൻസിപ്പലായി പുതുതായി ചുമതലയേറ്റ സുഹൃത പാലും പ്രതിഷേധിക്കുന്ന ഡോക്ടർമാരെ കണ്ടു.

ജൂനിയർ ഡോക്ടറുടെ മരണത്തില്‍ കേരളത്തിലും നാളെ പ്രതിഷേധമുണ്ട്. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി, സീനിയർ റസിഡന്റ് ഡോക്ടർമാർ നാളെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപി വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കും. അത്യാഹിത വിഭാഗങ്ങളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദനം ആചരിക്കും.

ബംഗാളിലെ ഡോക്ടറുടെ കൊലപാതകം: ബന്ധുക്കളുടെ മൊഴിയെടുത്ത് സിബിഐ; നാളെ കേരളത്തിലും പ്രതിഷേധം, ഡോക്ടർമാർ പണിമുടക്കും
ബംഗാളിലെ ഡോക്ടറുടെ കൊലപാതകം: അജ്ഞാതരായ ജനക്കൂട്ടം പ്രതിഷേധക്കാരെ ആക്രമിച്ചു, പോലീസിനും സമരക്കാർക്കും പരുക്ക്

സർക്കാരിന് കീഴിലുള്ള മെഡിക്കല്‍ കോളേജില്‍ നടന്ന ബലാത്സംഗ കൊലപാതകത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം ബുധനാഴ്ചയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്തെങ്കിലും മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധം വഷളാക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷത്തെ വിമർശിക്കുകയും ചെയ്തിരുന്നു.

25 പേരാണ് സിബിഐയുടെ അന്വേഷണ സംഘത്തിലുള്ളത്. ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സെമിനാർ ഹാളില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന സഞ്ജയ് റോയിയെ കൊല്‍ക്കത്ത പോലീസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്.

ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കേസില്‍ നീതിയുക്തമായ അന്വേഷണം നടക്കുന്നില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടെന്നും ആരോപണങ്ങൾ ശക്തമാണ്. ഓഗസ്റ്റ് ഒൻപതിനാണ് അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി വിദ്യാർഥിനിയായ ഡോക്‌ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ പ്രതി സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in