ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം: ആശുപത്രിയിലെ   ഡോക്ടർമാർക്കും പങ്കുണ്ടെന്ന് കുടുംബം, മുൻ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തേക്കും?

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം: ആശുപത്രിയിലെ ഡോക്ടർമാർക്കും പങ്കുണ്ടെന്ന് കുടുംബം, മുൻ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തേക്കും?

മാതാപിതാക്കള്‍ നല്‍കിയ പട്ടികയിലുള്ളവരെയും കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യും
Updated on
1 min read

കൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആരോപണവുമായി ബന്ധുക്കള്‍. ആശുപത്രിയിലെ ഡോക്ടർമാർക്കും ഇന്റേണുകള്‍ക്കും കുറ്റകൃത്യത്തില്‍ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് യുവതിയുടെ മാതാപിതാക്കള്‍ സിബിഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. സംശയമുള്ളവരുടെ പേരുകള്‍ മാതാപിതാക്കള്‍ സിബിഐക്ക് കൈമാറിയതായാണ് റിപ്പോർട്ടുകള്‍.

മാതാപിതാക്കള്‍ നല്‍കിയ പട്ടികയിലുള്ളവരെയും കേസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരെയും സിബിഐ ചോദ്യം ചെയ്യും. 30 പേരെയെങ്കിലും തിരച്ചറിഞ്ഞിട്ടുണ്ടെന്നും ചോദ്യം ചെയ്യല്‍ ആരംഭിച്ചതായുമാണ് അന്വേഷണസംഘം പറയുന്നത്.

ആശുപത്രിയിലെ ഒരു ഹൗസ് സ്റ്റാഫ് അംഗത്തെയും രണ്ട് പിജി ട്രെയിനികളെയും ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ദിവസം യുവതിക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് പി ജി ട്രെയിനികള്‍.

ആശുപത്രി മുൻ പ്രിൻസിപ്പല്‍ ഡോ. സന്ദീപ് ഘോഷിനേയും ചോദ്യം ചെയ്യുന്നുണ്ട്. സംഭവം നടന്ന് രണ്ടു ദിവസത്തിനുശേഷമായിരുന്നു സന്ദീപ് സ്ഥാനം രാജിവെച്ചത്. സുരക്ഷാഭയം മൂലമാണ് രാജിയെന്നായിരുന്നു സന്ദീപ് നല്‍കിയ വിശദീകരണം. സന്ദീപിനെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം.

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം: ആശുപത്രിയിലെ   ഡോക്ടർമാർക്കും പങ്കുണ്ടെന്ന് കുടുംബം, മുൻ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തേക്കും?
കാത്തിരിപ്പിന് വിരാമം; സമ്മതിദാനം നിറവേറ്റാൻ ഒരു പതിറ്റാണ്ടു കാത്തിരുന്ന കശ്മീർ ജനത

അതേസമയം,ജൂനിയർ ഡോക്ടറുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ (ഐഎംഎ) പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഐഎംഎയുടെ പ്രതിഷേധം. റസിഡന്റ് ഡോക്ടർമാരുടെ ജോലിയും സാഹചര്യങ്ങളും പരിഷ്കരിക്കണമെന്നതാണ് പ്രധാന ആവശ്യം. ഡോക്ടറുടെ കൊലപാതകത്തിലും കഴിഞ്ഞ ദിവസം ആശുപത്രിയിലുണ്ടായ ആക്രമണത്തിലും നിശ്ചിത സമയത്തിനുള്ളില്‍ കൃത്യവും സമഗ്രവുമായ അന്വേഷണമുണ്ടാകണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു.

ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ വിമാനത്താവളങ്ങളുടേതിനു സമാനമാക്കണം. സി സി ടിവി ക്യാമറകളും ആവശ്യത്തിനു സുരക്ഷ ഉദ്യോഗസ്ഥരെയും നല്‍കണം. ക്രൂരതയ്ക്ക് ഇരയായ യുവതിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

ബലാത്സംഗ കൊലപാതകത്തില്‍ ഇന്നലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ നടന്നിരുന്നു. സുപ്രധാന ആശുപത്രികളിലെ ആരോഗ്യപ്രവർത്തകർ ഒറ്റക്കെട്ടായാണ് പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്തത്. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും ഇനി ഇത്തരം സാഹചര്യങ്ങള്‍ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഓഗസ്റ്റ് ഒൻപതിനാണ് അത്യാഹിത വിഭാഗത്തിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി വിദ്യാർഥിനിയായ ഡോക്‌ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കേസിൽ പ്രതി സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഡോക്ടറുടെ ശരീരത്തിൽനിന്ന് 150 മില്ലി ബീജം കണ്ടെത്തിയതിനെത്തുടർന്ന് കൂട്ടബലാത്സംഗമാണ് നടന്നതെന്ന് കുടുംബം കോടതിയിൽ ആരോപിച്ചു.

logo
The Fourth
www.thefourthnews.in