'പ്രതികളെ പിടികൂടുംവരെ ഒപ്പമുണ്ടാകണം, ഇനി ആർക്കും ഇത്തരത്തില്‍ മകളെ നഷ്ടമാകരുത്'; ബലാത്സംഗക്കൊലക്കിരയായ ഡോക്ടറുടെ അമ്മ രാജ്യത്തോട്

'പ്രതികളെ പിടികൂടുംവരെ ഒപ്പമുണ്ടാകണം, ഇനി ആർക്കും ഇത്തരത്തില്‍ മകളെ നഷ്ടമാകരുത്'; ബലാത്സംഗക്കൊലക്കിരയായ ഡോക്ടറുടെ അമ്മ രാജ്യത്തോട്

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ പെണ്‍കുട്ടിയുടെ അമ്മയുടെ വിമർശനം
Updated on
1 min read

യകൊല്‍ക്കത്തയിലെ ആർ ജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതികരണവുമായി കുടുംബം. പ്രതികളെ പിടിക്കുന്നതുവരെ കൂടെയുണ്ടാകണമെന്ന് പെണ്‍കുട്ടിയുടെ അമ്മ അഭ്യർഥിച്ചു.

"രാജ്യത്തെ മുഴുവൻ ജനങ്ങള്‍ക്കും ഒരു സന്ദേശം നല്‍കാൻ ഞങ്ങള്‍ ആഗ്രഹിക്കുന്നു. കൂടെനില്‍ക്കുന്ന എല്ലാവരോടും നന്ദി. യഥാർഥ പ്രതികളെ പിടികൂടും വരെ കൂടെയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഇത്തരമൊരു അവസ്ഥ ഒരമ്മയ്ക്കും ഉണ്ടാകാൻ പാടില്ല. ഇത്തരത്തില്‍ ഒരു മകളെയും ഇനി ആർക്കും നഷ്ടപ്പെടരുത്," പെണ്‍കുട്ടിയുടെ അമ്മയെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയും പെണ്‍കുട്ടിയുടെ അമ്മ വിമർശനം ഉന്നയിച്ചു. "പ്രതികളെ ഉടൻ പിടികൂടുമെന്നായിരുന്നു മമത ബാനർജി പറഞ്ഞത്. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്തത് ഒരാളെ മാത്രമാണ്. ആശുപത്രിയിലുള്ള നിരവധി പേർക്ക് ഇതില്‍ പങ്കുണ്ടെന്ന് എനിക്കുറപ്പാണ്. പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നത്. അതുകൊണ്ടാണ് പ്രതിഷേധം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്," പെണ്‍കുട്ടിയുടെ അമ്മ കൂട്ടിച്ചേർത്തു.

'പ്രതികളെ പിടികൂടുംവരെ ഒപ്പമുണ്ടാകണം, ഇനി ആർക്കും ഇത്തരത്തില്‍ മകളെ നഷ്ടമാകരുത്'; ബലാത്സംഗക്കൊലക്കിരയായ ഡോക്ടറുടെ അമ്മ രാജ്യത്തോട്
വൈരം മറന്ന് നീതിക്കായി; വനിത ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തില്‍ പ്രതിഷേധവുമായി മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാള്‍ ആരാധകർ

ആദ്യം ആശുപത്രി അധികൃതർ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നാണ് പറഞ്ഞിരുന്നതെന്നും അമ്മ വെളിപ്പെടുത്തി. "മകള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആശുപത്രിയില്‍ നിന്ന് ആദ്യ കോള്‍ എത്തിയത്. ഉടൻ തന്നെ അത് കട്ടായി. തിരിച്ചുവിളിച്ച് എന്താണ് സംഭവമെന്ന് ചോദിച്ചപ്പോള്‍ ആശുപത്രിയിലേക്കു വരാൻ പറഞ്ഞു. വീണ്ടും വിളിച്ചപ്പോള്‍ മകള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പറഞ്ഞത്. വ്യാഴാഴ്ചയാണ് അവള്‍ ജോലിക്കുപോയത്. ഞങ്ങള്‍ക്ക് ഈ കോള്‍ ലഭിക്കുന്നത് വെള്ളിയാഴ്ച രാവിലെ 10.53നാണ്," അമ്മ പറഞ്ഞു.

"ആശുപത്രിയിലെത്തിയ ശേഷം മകളെ കാണാൻ അനുവദിച്ചില്ല. മൂന്ന് മണിയായപ്പോഴാണ് അനുമതി ലഭിച്ചത്. അവളുടെ പാന്റുകള്‍ തുറന്നുകിടക്കുന്ന അവസ്ഥയിലായിരുന്നു. ശരീരത്തില്‍ ഒരു തുണിമാത്രമാണ് ഉണ്ടായിരുന്നത്. കൈകള്‍ ഒടിഞ്ഞിരുന്നു. കണ്ണില്‍നിന്നും വായില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. അവളെ ആരോ കൊലപ്പെടുത്തിയെന്നാണ് തോന്നിയത്. ഞാൻ അവരോട് പറഞ്ഞു, ഇത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന്. മകളെ ഡോക്ടറാക്കാൻ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു, പക്ഷേ അവള്‍ കൊലചെയ്യപ്പെട്ടു," അമ്മ വിശദമാക്കി.

ജൂനിയർ ഡോക്ടറുടെ മരണത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. പ്രതിഷേധിക്കുന്ന ഡോക്ടർമാർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു മുന്നിൽ സൗജന്യ ഒപി നടത്തും. അന്വേഷണപുരോഗതിയെക്കുറിച്ച് വ്യക്തമാക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

സംഭവത്തില്‍ ഇന്നലെ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും.

logo
The Fourth
www.thefourthnews.in