മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍

മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍

ശനിയാഴ്ച വൈകീട്ട് മുതല്‍ ഡോക്ടര്‍മാര്‍ മരണം വരെ നിരാഹാര സമരം ആരംഭിച്ചത്
Updated on
1 min read

ബംഗാള്‍ സര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍. തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിനായി നിരാഹാര സമരവുമായാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ നിലപാട് ശക്തമാക്കുന്നത്. ശനിയാഴ്ച വൈകീട്ട് മുതല്‍ ഡോക്ടര്‍മാര്‍ മരണം വരെ നിരാഹാര സമരം ആരംഭിച്ചത്. കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരായ സ്‌നിഗ്ധ ഹസ്ര, തനയ പഞ്ജ, അനുസ്തുപ് മുഖോപാധ്യായ, എസ്എസ്‌കെഎമ്മിന്റെ അര്‍ണാബ് മുഖോപാധ്യായ, എന്‍ആര്‍എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പുലസ്ത ആചാര്യ, കെപിസി മെഡിക്കല്‍ കോളേജിലെ സയന്തനി ഘോഷ് ഹസ്ര എന്നിവരാണ് നിലവില്‍ നിരാഹാരം ആരംഭിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ സമരം പുനഃരാരംഭിച്ചിരുന്നു

ഓഗസ്റ്റ് 9 ന് കൊല്‍ക്കത്തയിലെ ആര്‍ ജി കൗര്‍ മെഡിക്കല്‍ കോളേജില്‍ 31 കാരിയായ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. 42 ദിവസം പിന്നിട്ട സമരം പിന്നീട് മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഭാഗികമായി പിന്‍വലിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാട്ടി രണ്ടാഴ്ചയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ സമരം പുനഃരാരംഭിക്കുകയും ചെയ്തിരുന്നു.

മരണം വരെ നിരാഹാരം; സമരം കടുപ്പിച്ച് കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍
കൊല്‍ക്കത്ത ബലാല്‍സംഗ കൊലപാതകം: സമരം പുനഃരാരംഭിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, സര്‍ക്കാര്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ പാലിക്കണമെന്ന് ആവശ്യം

തങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ സമയബന്ധിതമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് മരണം വരെ നിരാഹാരം ആരംഭിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറുന്നതുവരെ സമരം തുടരും. സമരത്തിന്റെ സുതാര്യത പൊതുസമൂഹത്തെ ബോധിപ്പിക്കാന്‍ നിരാഹാര വേദിയില്‍ സിസിടിവി ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ടെന്നും സമരക്കാര്‍ പ്രതികരിച്ചു. നിലവില്‍ ആറ് പേരാണ് സമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്നത്. സമരക്കാര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ബംഗാള്‍ സര്‍ക്കാരിനായിരിക്കും എന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു

പ്രതിഷേധത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് എന്നും സമരക്കാര്‍ ആരോപിച്ചു. നിരാഹാര സമരത്തിനായി വേദി ഒരുക്കുന്നത് തടയാന്‍ പോലീസ് ശ്രമിച്ചതായും സമാധാനപരമായി സമരം ചെയ്യുന്നവരെ തടയാന്‍ ലാത്തി പ്രയോഗിച്ചെന്നും ഡോക്ടര്‍മാര്‍ ആരോപിച്ചു. സമരം മേഖലയില്‍ കടുത്ത ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി പോലീസും ആരോപിക്കുന്നു.

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒമ്പത് ആവശ്യങ്ങളാണ് സമരക്കാര്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യ സെക്രട്ടറി എന്‍.എസ്.നിഗമിനെ നീക്കണം എന്നതാണ് ഇതില്‍ പ്രധാനം. കൂടാതെ സംസ്ഥാനത്തെ എല്ലാ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളേജുകള്‍ക്കും കേന്ദ്രീകൃത റഫറല്‍ സംവിധാനം ഏര്‍പ്പെടുത്തുക, നിരീക്ഷണ സംവിധാനം നടപ്പിലാക്കുക, സിസിടിവി, ഓണ്‍-കോള്‍ റൂമുകള്‍, തുടങ്ങിയ അവശ്യ സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ജോലിസ്ഥലത്ത് ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

logo
The Fourth
www.thefourthnews.in