99 രൂപയ്ക്ക് 820 വീഡിയോകൾ വില്‍പ്പനയ്ക്ക്! ക്രൂരത വിറ്റ് കാശാക്കുന്നവര്‍ നമുക്കിടയിലും; ബലാത്സംഗദൃശ്യങ്ങൾ പണം നൽകി കാണാൻ ആളുകൾ കൂടുന്നു

99 രൂപയ്ക്ക് 820 വീഡിയോകൾ വില്‍പ്പനയ്ക്ക്! ക്രൂരത വിറ്റ് കാശാക്കുന്നവര്‍ നമുക്കിടയിലും; ബലാത്സംഗദൃശ്യങ്ങൾ പണം നൽകി കാണാൻ ആളുകൾ കൂടുന്നു

ഒരു ബലാത്സംഗം നടക്കുമ്പോൾ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉയരും. അതേസമയം ആ സംഭവത്തിന്റെ വീഡിയോ തിരഞ്ഞുകൊണ്ട് ആളുകൾ ഇൻ്റർനെറ്റിലും എത്തുന്നു
Updated on
3 min read

രാജ്യമെമ്പാടും കൊൽക്കത്തയിൽ നടന്ന ബലാത്സംഗക്കൊലയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. എന്നാൽ മറ്റൊരുഭാഗത്ത് ഓൺലൈനിലൂടെ ബലാത്സംഗ വിഡിയോകൾ പണം വാങ്ങി വിൽക്കപ്പെടുന്നത് വലിയതോതിൽ വർധിച്ചിരിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നു. തുച്ഛമായ തുകയ്ക്ക് ബലാത്സംഗവും കുട്ടികളെ അടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള പോൺ വിഡിയോകളും കച്ചവടം ചെയ്യപ്പെടുന്നു.

ഒരു ബലാത്സംഗം നടക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരും. എന്നാൽ അതേസമയം ആ നടന്ന സംഭവത്തിന്റെ വീഡിയോ തിരഞ്ഞുകൊണ്ട് ഗൂഗിൾ സെർച്ചുകളും ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊൽക്കത്തയിലെ 31 വയസുകാരിയായ ട്രെയിനീ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ സമാനമായ തരത്തിൽ സംഭവിച്ചതായുള്ള വിവരങ്ങൾ ഇപ്പോൾ പുറാത്തുവരുന്നു. ടെലഗ്രാം വഴിയാണ് പലപ്പോഴും ഇത്തരം വിഡിയോകൾ പ്രചരിക്കപ്പെടുന്നത്. ചെറിയ തുകയ്ക്ക് ഒരുപാട് വിഡിയോകൾ ലഭിക്കുന്ന ഈ രീതി ആളുകൾ വലിയതോതിൽ ഉപയോഗിക്കുന്നതായാണ് മനസിലാക്കാൻ സാധിക്കുന്നത്. ഇത്തരം സംഘങ്ങൾ 99 രൂപയ്ക്ക് 820ലധികം വിഡിയോകൾ വിൽക്കുന്നു.

ഇത്തരത്തിൽ ബലാത്സംഗമുൾപ്പെടെയുള്ള ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങൾ പകർത്തി വിൽക്കുന്ന രീതി നേരത്തെ തന്നെ ഉണ്ടെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. ഇന്റർനെറ്റ് ഇത്രയും ജനകീയമാകുന്നതിനു മുമ്പ് ഇത്തരം വിഡിയോകൾ സിഡികളും പെൻഡ്രൈവുകളും വഴി പല സ്ഥലങ്ങളിലുമെത്തിക്കുകയാണ് ചെയ്യുന്നതെന്നും, പിന്നീട് ഡാർക്ക് വെബ്ബിൽ പ്രത്യേക പണമിടപാടുൾപ്പെടെ നടത്തുന്നവർക്ക് മാത്രം ലഭിക്കുന്ന രീതിയിലാവുകയായിരുന്നെന്നും സൂചിപ്പിച്ച പോലീസ് പിന്നീട് ഇത്തരമിടപാടുകാർ ടെലെഗ്രാംപോലുള്ള എൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകൾ വഴിയായെന്നും സൂചിപ്പിക്കുന്നു.

99 രൂപയ്ക്ക് 820 വീഡിയോകൾ വില്‍പ്പനയ്ക്ക്! ക്രൂരത വിറ്റ് കാശാക്കുന്നവര്‍ നമുക്കിടയിലും; ബലാത്സംഗദൃശ്യങ്ങൾ പണം നൽകി കാണാൻ ആളുകൾ കൂടുന്നു
'സ്വകാര്യതയില്‍ വിട്ടുവീഴ്ചയില്ല! എന്തു സംഭവിച്ചാലും'; ടെലഗ്രാം സ്ഥാപകന്‍ പാവല്‍ ദുറോവിനെ ഭയക്കുന്ന ഭരണകൂടങ്ങള്‍

ഇത്തരം വീഡിയോകളുടെ വിൽപ്പന ഇപ്പോൾ വളരെ എളുപ്പമായാണ് നടക്കുന്നത്, കാരണം ഇത് വിൽക്കുന്നവർ ആവശ്യക്കാരിൽ നിന്നും പണം ക്രെഡിറ്റ് കാർഡുകൾ വഴിയോ യുപിഐ ആപ്പുകൾ വഴിയോ സ്വീകരിക്കാൻ തയ്യാറാണ്. വളരെ ഗുരുതരമായ ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്. ഇത്തരം ബലാത്സംഗങ്ങളിൽ അതിന്റെ ദൃശ്യം പകർത്തുന്ന രീതി പതിവായി മാറിയതും ഇത്തരം വിഡിയോകൾ പൈസ കൊടുത്ത് വാങ്ങുന്നവരുടെ എണ്ണത്തിലുള്ള വർധനവും ചേർത്തുവായിക്കാവുന്നതാണ്.

അതിക്രൂരമായ വ്യവസായത്തിലേക്കോ വിരൽചൂണ്ടുന്നത്?

സ്ത്രീകൾ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ അതിക്രൂര പീഡനങ്ങൾക്കിരയാകുമ്പോൾ അതുമായി ബന്ധപ്പെട്ട ചർച്ചകളും അന്വേഷണവും അതിശക്തമായി ആരംഭിക്കുന്നുണ്ടെങ്കിലും പ്രസ്തുത ലൈംഗികാതിക്രമത്തിന്റെ വിഡിയോകൾ തിരഞ്ഞുകൊണ്ട് നിരവധി ആളുകൾ ഇന്റർനെറ്റിലും എത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

ഗൂഗിളിൽ ട്രെൻഡാകുന്ന കീ വേർഡുകൾ പരിശോധിച്ചുകൊണ്ട് ഇന്ത്യ ടുഡേ നടത്തിയ പരിശോധനയിൽ ഇത് വ്യക്തമാകുന്നു. ഏറ്റവുമൊടുവിൽ സംഭവിച്ച ആർജി കർ മെഡിക്കൽ കോളേജിലെ സംഭവത്തിലാണെങ്കിലും, അതിനുമുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഇടയ്ക്കുവച്ച് ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ പകർത്തിയ സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങൾ പുറത്തട്ടുവന്ന സംഭവത്തെ തുടർന്നാണെങ്കിലും മണിപ്പുരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിലായാലും സ്ത്രീകൾ ആക്രമിക്കപ്പെടുന്ന വിഡിയോകൾ തിരഞ്ഞ് വലിയ അളവിൽ ആളുകൾ ഇന്റർനെറ്റിൽ എത്തിയിട്ടുണ്ടെന്നാണ് വിവരങ്ങൾ.

ഇത്തരത്തിൽ ലൈംഗികാതിക്രമങ്ങളുടെ വിഡിയോകൾ ലഭിക്കുന്നതിനായി ആളുകൾ ഇന്റർനെറ്റിൽ തിരയുന്നത് കരുതുന്നതിലും ഗൗരവമുള്ള സംഭവനമാണെന്നാണ് പോലീസ് ഉൾപ്പെടെ സ്ഥിരീകരിക്കുന്നത്. ഇത്തരം വീഡിയോകളുടെ ആവശ്യക്കാരുടെ എണ്ണം വലിയതോതിൽ വർധിക്കുന്നതുകൊണ്ടു തന്നെ ഇത്തരം സംഘങ്ങൾ അതിശക്തമായി നിലനിൽക്കുന്നു.

ലൈംഗികബന്ധങ്ങളിൽ സമ്മതം വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന ബോധമില്ലാതെ സ്ത്രീകൾ പുരുഷന്മാരാൽ ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ആസ്വദിക്കുന്ന മാനസിക നിലയിലേക്ക് ആളുകൾ എത്തുന്നതായി മനസികാരോഗ്യവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. ഒരു സ്ത്രീ ബലാത്സംഗത്തിനിരയാകുന്ന വീഡിയോ കാണുന്നത് സാധാരണമാണെന്ന് തോന്നിക്കുന്നതാണ് ഇത്തരം വിഡിയോകൾ കാണുന്ന ആളുകളുടെ എണ്ണത്തിൽ വരുന്ന വർധന എന്നും മാനസികാരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്.

എന്താണ് ഈ സെർച്ചുകളുടെ സ്വഭാവം

ലൈംഗികാതിക്രമങ്ങൾ നടന്നതിന് പിന്നാലെ ആളുകൾ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്റർനെറ്റിൽ തിരയുന്നത് സ്വാഭാവികമാണ്. എന്നാൽ അതിക്രമിക്കുന്ന വീഡിയോ ആണ് ആളുകൾ തിരയുന്നതെന്ന് അവർ ഉപയോഗിക്കുന്ന കീ വേർഡുകളിൽ നിന്ന് മനസ്സിലാകുന്നു. അതാണ് ഭയപ്പെടുത്തുന്ന വസ്തുത. കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളേജിൽ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഏറ്റവുമധികം ആളുകൾ സെർച്ച് ചെയ്തത് രണ്ട് കീ വേർഡുകളാണ്. അതിൽ ഒന്ന് 'കൊൽക്കത്ത ഡോക്ടർ വീഡിയോ വൈറൽ' എന്ന കീ വേർഡ് ആണ്. രണ്ടാമത്തേത് ആക്രമിക്കപ്പെട്ട ഡോക്ടറുടെ പേരുകൂടി ഉൾപ്പെടുന്ന കീ വേർഡ് ആണ്.

പ്രജ്വൽ രേവണ്ണയുടെ കേസിൽ ഇതുപോലെ ആളുകൾ തിരഞ്ഞ രണ്ട് കീ വേർഡുകൾ 'പ്രജ്വൽ രേവണ്ണ വീഡിയോ വൈറൽ', 'പ്രജ്വൽ രേവണ്ണ വീഡിയോ' എന്നീ കീ വേർഡുകളാണ്. മണിപ്പൂരിൽ സ്ത്രീകൾ ലൈംഗികാതിക്രമത്തിന് വിധേയരാക്കപ്പെട്ട സംഭവത്തിൽ ട്രെൻഡിങ്ങിൽ ഉണ്ടായിരുന്ന കീ വേർഡുകൾ, 'മണിപ്പൂർ വീഡിയോ വൈറൽ ഡൌൺലോഡ് ഒറിജിനൽ', 'മണിപ്പൂർ വിമെൻ വീഡിയോ' എന്നിവയാണ്. പ്രജ്വൽ രേവണ്ണ കേസിൽ സ്ത്രീകളെ നഗ്നരാക്കിയ മൂവായിരത്തിലധികം വിഡിയോകൾ പുറത്തുപോയെന്ന വിവരം പുറത്ത് വന്ന ഉടനെ ആളുകൾ ഈ വിഡിയോകൾ തിരഞ്ഞ് ഇന്റർനെറ്റിൽ എത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രൂരമായി നഗ്നരാക്കി പൊതുമധ്യത്തിൽ ഒരു പറ്റം പുരുഷന്മാരുടെ ഇടയിലൂടെ നടത്തിച്ചെന്ന രാജ്യത്തെ തന്നെ ഞെട്ടിച്ച വാർത്ത പുറത്തുവന്ന സമയത്താണ് ആ സ്ത്രീകളുടെ ദൃശ്യങ്ങൾ തിരഞ്ഞ് ആളുകൾ ഇന്റെർനെറ്റിലെത്തിയത്. കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ളവർ മാത്രമല്ല നേപ്പാളിൽ നിന്നും പാകിസ്താനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ശ്രീലങ്കയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള ആളുകളും ഈ വിഡിയോകൾ തിരഞ്ഞിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.

99 രൂപയ്ക്ക് 820 വീഡിയോകൾ വില്‍പ്പനയ്ക്ക്! ക്രൂരത വിറ്റ് കാശാക്കുന്നവര്‍ നമുക്കിടയിലും; ബലാത്സംഗദൃശ്യങ്ങൾ പണം നൽകി കാണാൻ ആളുകൾ കൂടുന്നു
കൊല്‍ക്കത്ത ബലാത്സംഗക്കൊല: പ്രതിയുടെ ലൈംഗിക വൈകൃതം മൃഗതുല്യമെന്ന് വിദഗ്ധസംഘം; കുറ്റകൃത്യം വിവരിച്ചത് നിർവികാരമായി

ഓൺലൈനിൽ ഈ വീഡിയോ പ്രചരിപ്പിക്കാൻ കീ വേർഡുകൾ

മിക്ക ലൈംഗികാതിക്രമകേസുകളിലും ഇത്തരത്തിൽ ഒരു വീഡിയോ ഉണ്ടായിരിക്കില്ല. എന്നാൽ മറ്റ് ലൈംഗികാതിക്രമങ്ങളുടെ വിഡിയോകൾ ഈ സംഭവത്തിലേതാണെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ കീ വേർഡുകൾ ഉപയോഗിച്ച് പ്രചരിപ്പിക്കുന്നു. നിരവധി ടെലിഗ്രാം ചാനലുകളിലായി ഇരകളുടെ പേരുൾപ്പെടെ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നത്.

'ഈ മെസേജ് ഡിലീറ്റ് ആകുന്നതിനു മുമ്പ് കൊൽക്കത്തയിലെ ഡോക്ടർക്ക് എന്താണ് സംഭവിച്ചതെന്ന് കാണൂ' എന്ന ക്യാപ്ഷനോടുകൂടിയാണ് കൊൽക്കത്തയിലെ ഡോക്ടറുടെ ചിത്രം ടെലിഗ്രാം ഗ്രൂപ്പുകളിൽ പ്രചരിക്കപ്പെട്ടത്. 'കൊൽക്കത്തയിലെ ഡോക്ടറുടെ വിഡിയോകളും ഫോട്ടോകളും' എന്ന ക്യാപ്ഷനോടുകൂടി ലിങ്കുകളും പ്രചരിക്കുന്നുണ്ട്.

ടെലിഗ്രാം ഉപഭോക്താക്കളുടെ സന്ദേശങ്ങൾക്കുറപ്പുനൽകുന്ന സ്വകാര്യതയാണ് പലപ്പോഴും ആളുകൾ ദുരുപയോഗം ചെയ്യുന്നത്. ടെലിഗ്രാം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പനയുൾപ്പെടെയുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന ചർച്ച ആഗോളതലത്തിൽ തന്നെ നടക്കുകയാണ്. ഈ ആരോപണങ്ങളെ തുടർന്ന് ടെലിഗ്രാം സിഇഒ പാവൽ ഡുറോവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ടെലിഗ്രാം ഉപഭോക്താക്കൾക്ക് നൽകുന്നസ്വകാര്യതയുമായി ബന്ധപ്പെട്ട ചർച്ചകളും തർക്കങ്ങളും സജീവമായി നടക്കുകയാണ്.

ബലാത്സംഗം നടന്ന വിവരം അതിജീവിത പുറത്ത് പറയാതിരിക്കാൻ വേണ്ടി ഭീഷണിപ്പെടുത്തുന്നതിനാണ് സാധാരണഗതിയിൽ വിഡിയോകൾ ചിത്രീകരിക്കുന്നത്. എന്നാൽ പിന്നീട് ഇത് കുറ്റവാളികളുടെ അടുത്ത് നിൽക്കുന്ന ഒരു സംഘത്തിലേക്കെത്തുന്നു, അതുകഴിഞ്ഞ് ഇന്റർനെറ്റ് വഴി വ്യാപകമായി പ്രചരിക്കപ്പെടുന്നു. ഒടുവിൽ ഇരയുടെ കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽ ഈ വിഡിയോകൾ എത്തുമ്പോഴാണ് ആളുകൾ പരാതിയുമായി രംഗത്തെത്തുന്നതെന്നാണ് പോലീസ് പറയുന്നത്.

എന്തുകൊണ്ട് ആളുകൾ ഇങ്ങനെ ചെയ്യുന്നു?

ആളുകൾ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ആസ്വദിച്ച് കാണുന്നതിന് പല കാരണങ്ങളുണ്ട്. ഏതെങ്കിലും വ്യക്തികൾക്ക് മാത്രമുള്ള പ്രത്യേകമായ അവസ്ഥയല്ല ഇത്. നമുക്ക് ചുറ്റുമുള്ള ആളുകൾക്ക് കൃത്യമായ ലൈംഗികവിദ്യാഭ്യാസമുൾപ്പെടെ ലഭിക്കാതെ ഈ രീതിയിലേക്ക് മാറുന്നു എന്നതാണ് സത്യം.

ഇന്ത്യയിൽ, വിദ്യാർത്ഥികൾക്ക് കൗമാരപ്രായത്തിൽ ലൈംഗികതയുമായി ബന്ധപ്പെട്ട് രക്ഷിതാക്കളിൽ നിന്നോ അധ്യാപകരിൽ നിന്നോ യാതൊരു വിവരവും ലഭിക്കുന്നില്ല. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വീട്ടിലും വിദ്യാലയങ്ങളിലും സംസാരിക്കാത്തതുകൊണ്ടു തന്നെ ചെറുപ്പത്തിൽ തന്നെ കുട്ടികൾക്ക് ലൈംഗികമായ കാര്യങ്ങളിൽ ലഭിക്കുന്ന വിവരം തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതമായതുമായിരിക്കും.

പലപ്പോഴും കുട്ടികൾ ലൈംഗികതയെ കുറിച്ച് ആദ്യം മനസിലാക്കുന്നത് പോൺ വീഡിയോകളിൽ നിന്നാണ്. അതിൽ മിക്കതും ഇതുപോലുള്ള ലൈംഗികാതിക്രമങ്ങളുടെ വിഡിയോകളുമായിരിക്കും. ഇതിലൂടെ സ്ത്രീശരീരങ്ങൾ അക്രമിക്കപ്പെടേണ്ടതാണെന്ന ഒരു പൊതുബോധം സൃഷ്ടിക്കപ്പെടുന്നതിൽ നിന്നാണ് ഇത്തരം ആളുകളുടെ എണ്ണം വർധിക്കുന്നതും, അത് ചിത്രീകരിച്ച് വിതരണം ചെയ്യുമ്പോൾ പൈസ നൽകി വാങ്ങാൻ ആളുകൾ കൂടുന്നതും.

logo
The Fourth
www.thefourthnews.in