സുപ്രീം കോടതി
സുപ്രീം കോടതി

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം: സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി, ചൊവ്വാഴ്ച പരിഗണിക്കും

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും
Updated on
1 min read

കൊല്‍ക്കത്തയിലെ ആർജി കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും. ബലാത്സംഗ കൊലപാതകത്തില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പണിമുടക്ക് നടന്നതിന്റെ പിന്നാലെയാണ് സുപ്രീംകോടതിയുടെ നടപടിയും വന്നിരിക്കുന്നത്.

അതേസമയം, കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മെഡിക്കല്‍ കോളേജിലെ മുൻ പ്രിൻസിപ്പല്‍ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്തു. സംഭവത്തിന് മുൻപും ശേഷവും നടത്തിയ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ അന്വേഷണസംഘം സന്ദീപില്‍ നിന്ന് ചോദിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം. സന്ദീപിന്റെ ഫോണ്‍ റെക്കോഡുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ശനിയാഴ്ച 13 മണിക്കൂറോളമായിരുന്നു സന്ദീപിനെ ചോദ്യം ചെയ്തത്.

സുപ്രീം കോടതി
കേന്ദ്ര സർക്കാരിലെ ഉന്നത പദവികളിലേക്ക് ലാറ്ററല്‍ എൻട്രി; ആർഎസ്എസ് റിക്രൂട്ട്മെന്റെന്ന് രാഹുല്‍ ഗാന്ധി

സംഭവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പുറത്തുവിട്ടതിനും കൊല്ലപ്പെട്ട ഡോക്ടറുടെ വിശാദംശങ്ങള്‍ വെളിപ്പെടുത്തിയതിനും ബിജെപി മുൻ എംപി ലോക്കെറ്റ് ചാറ്റർജിക്കും രണ്ട് ഡോക്ടർമാർക്കും കൊല്‍ക്കത്ത പോലീസ് സമൻസ് അയച്ചു. ഇതിനുപുറമെ, കൊലപാതകത്തെ തുടർന്ന് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച 57 പേർക്കും സമൻസ് അയച്ചിട്ടുണ്ട്.

ഓഗസ്റ്റ് ഒൻപതിനായിരുന്നു ആശുപത്രിയിലെ സെമിനാർ ഹാളില്‍ വെച്ച് 31 വയസുകാരിയായ ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇപ്പോഴും രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ കുടുംബം കൂട്ടബലാത്സംഗം നടന്നതായി ആരോപിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് മുൻപ് ബലാത്സംഗം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in