കൃഷ്ണയ്യരെ വിമർശിച്ച് ചീഫ് ജസ്റ്റിസ്; 'അനാവശ്യം', ഒഴിവാക്കാമായിരുന്നെന്ന് ജസ്റ്റിസുമാരായ നാഗരത്നയും ധൂലിയയും
ഭരണഘടനാ അനുച്ഛേദം 39(ബി) അനുശാസിക്കുന്ന 'സമൂഹ ഭൗതിക വിഭവങ്ങൾ' എന്ന പരിധിയിൽ എല്ലാ സ്വകാര്യ സ്വത്തുക്കളെയും കണക്കാക്കാമെന്ന് 1978ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നടത്തിയ പരാമർശങ്ങളില്‍ എതിർപ്പ് പ്രകടിപ്പിച്ച് ജസ്റ്റിസുമാരായ ബി വി നാഗരത്നയും സുധാൻഷു ധൂലിയയും. ജസ്റ്റിസ് കൃഷ്ണയ്യരുടെ സിദ്ധാന്തം ഭരണഘടനയുടെ വിശാലമായ കാഴ്ചപ്പാടുകള്‍ക്ക് എതിരാണെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകള്‍.
ചീഫ് ജസ്റ്റിസിന്റെ പരാമർശം അനാവശ്യമാണെന്ന് ന്യായീകരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാണിച്ചു. ചീഫ് ജസ്റ്റിസിന്റെ വിമർശനം കടുത്തുപോയെന്നും ഒഴിവാക്കാമായിരുന്നെന്നുമാണ് ജസ്റ്റിസ് ധൂലിയ അഭിപ്രായപ്പെട്ടത്.
ജസ്റ്റിസുമാരായ ഋഷികേശ് റോയ്, ബി വി നാഗരത്ന, സുധാൻഷു ധൂലിയ, ജെ ബി പർദിവാല, മനോജ് മിശ്ര, രാജേഷ് ബിൻദാല്‍, സതീഷ് ചന്ദ്ര ശർമ, അഗസ്റ്റിൻ ജോർജ് എന്നിവരായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലെ അംഗങ്ങള്‍.
അനുച്ഛേദം 39(ബി) പ്രകാരം, സമൂഹത്തിൻ്റെ ഭൗതിക വിഭവങ്ങളുടെ ഉടമസ്ഥാവകാശവും നിയന്ത്രണവും പൊതുനന്മ നിലനിർത്തുന്നതിന് ഏറ്റവും മികച്ച രീതിയിൽ വിതരണം ചെയ്യപ്പെടേണ്ടതുണ്ട്. ഇതിൽ 'സമൂഹ ഭൗതിക വിഭവങ്ങൾ' എന്നതിൻറെ പരിധിയിൽ എല്ലാ സ്വകാര്യ സ്വത്തുക്കളും വരില്ലെന്നും എന്നാൽ ചിലത് ഉൾപ്പെടുമെന്നുമാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ഭൂരിപക്ഷാഭിപ്രായം തയാറാക്കിയത് ചീഫ് ജസ്റ്റിസാണ്. അതേസമയം, ജസ്റ്റിസ് നാഗരത്‌ന ഭാഗികമായി സമ്മതിക്കുകയും ജസ്റ്റിസ് ധൂലിയ ഭൂരിപക്ഷ അഭിപ്രായത്തോട് വിയോജിക്കുകയും ചെയ്തു
ഒരു പ്രത്യക സാമ്പത്തിക പ്രത്യയശാസ്ത്രത്താല്‍ ജസ്റ്റിസ് കൃഷ്ണയ്യരും ചിന്നപ്പ റെഡ്ഡിയും സ്വാധീനക്കപ്പെട്ടിട്ടുണ്ടെന്ന ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തേയും ജസ്റ്റിസ് നാഗരത്ന എതിർത്തു. ഭരണഘടനാ ശില്‍പ്പികളുടെ കാഴ്ചപ്പാടുകളെ സ്വീകരിച്ചുകൊണ്ടാണ് ഇരുവരും തങ്ങളുടെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയിട്ടുള്ളതെന്ന് ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാണിച്ചു.
സാമ്പത്തിക നയം രൂപീകരിക്കുകയല്ല കോടതിയുടെ നയം, മറിച്ച് സാമ്പത്തിക ജനാധിപത്യത്തിന് അടിത്തറ പാകുക എന്ന എന്ന ഭരണഘടനാ ശില്‍പ്പികളുടെ ഉദ്ദേശം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണത്തില്‍ പ്രത്യേക എതിർപ്പും ജസ്റ്റിസ് നാഗരത്ന അറിയിച്ചു.
ജസ്റ്റിസ് കൃഷ്ണയ്യരുടെ നിരീക്ഷണങ്ങള്‍ അന്ന് നിലനിന്നിരുന്ന സാമൂഹികവും സാമ്പത്തികവും ഭരണഘടനാപരമായ സംസ്കാരത്തിന്റെ പശ്ചാത്തലത്തിലാണ് കാണേണ്ടതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
ഭരണകൂടം സ്വകാര്യസ്വത്ത് സമ്പാദിക്കുന്നതിനെ പ്രഥമ ലക്ഷ്യമായി കണക്കാക്കുന്നതരത്തിലുള്ള സാമ്പത്തിക സിദ്ധാന്തങ്ങള്‍ ഭരണഘടനയുടെ തത്വങ്ങളെ തുരങ്കം വെക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. കൃഷ്ണയ്യരുടെ വിധിയിലെ കാഴ്ചപ്പാടുകള്‍ പരാമർശിച്ചുകൊണ്ടായിരുന്നു ഈ വാക്കുകള്‍. ഇതാണ് അനാവശ്യം നീതികരിക്കാൻ സാധിക്കാത്തതുമാണെന്ന് ജസ്റ്റിസ് നാഗരത്ന വിശേഷിപ്പിച്ചത്. സാമ്പത്തിക നയത്തിലുണ്ടായ മാറ്റങ്ങളുടെ പേരില്‍ പഴയ ജഡ്ജിമാരെ താറടിച്ച് കാണിക്കാനാകില്ലെന്നായിരുന്നു ജസ്റ്റിസ് നാഗരത്ന പറഞ്ഞത്.
കൃഷ്ണയ്യർ സിദ്ധാന്തം എന്ന് വിളിക്കപ്പെടുന്ന കാഴ്ചപ്പാടുകളെക്കുറിച്ച് നടത്തിയ പരാമർശങ്ങളില്‍ താൻ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതായാണ് ധൂലിയ പറഞ്ഞത്. വിമർശനം കടന്നുപോയെന്നും ഒഴിവാക്കാൻ സാധിക്കുന്നതായിരുന്നെന്നും ധൂലിയ കൂട്ടിച്ചേർത്തു.