സുപ്രീം കോടതി
സുപ്രീം കോടതി

കൃഷ്ണജന്മഭൂമി കേസ്: പരിശോധനയ്ക്ക് കമ്മീഷനെ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

ഭൂമി തര്‍ക്ക കേസുകള്‍ മൊത്തത്തില്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയ സുപ്രീകോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് പള്ളി കമ്മിറ്റി പരിശോധനയ്ക്ക് സ്‌റ്റേ വേണമെന്ന ആവശ്യം ഉന്നയിച്ചത്
Updated on
1 min read

മഥുരയിലെ ഷാഹി ഈദ് ഗാഹ്-കൃഷ്ണജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് മസ്ജിദില്‍ പരിശോധന നടത്താന്‍ കമ്മീഷനെ നിയോഗിക്കാന്‍ അനുമതി നല്‍കിയ അലഹബാദ് ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ ഇല്ല. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വാക്കാലുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ഭൂമി തര്‍ക്ക കേസുകള്‍ മൊത്തത്തില്‍ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയ സുപ്രീകോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് പള്ളി കമ്മിറ്റി പരിശോധനയ്ക്ക് സ്‌റ്റേ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്എന്‍വി ഭട്ടിയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നിലവില്‍ നടക്കുന്ന കേസുകളുടെ വിധിയെ സ്വാധീനിക്കാന്‍ കഴിയുന്ന ചില ഉത്തരവുകള്‍ ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മസ്ജിദ് കമ്മിറ്റിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹസീഫ അഹമ്മദി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെ ആരും സുപ്രീംകോടതിയില്‍ ഔദ്യോഗികമായി ചോദ്യം ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. നിലവില്‍ പരിഗണിക്കുന്ന ഹര്‍ജികളിൽ വാദംകേള്‍ക്കല്‍ അവധിക്ക് ശേഷം ജനുവരി 9ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. ഈ കാലയളവില്‍ ഹൈക്കോടതി മറ്റു വിധികള്‍ പുറപ്പെടുവിക്കുന്നെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ഖന്ന വ്യക്തമാക്കി.

സുപ്രീം കോടതി
കൃഷ്ണ ജന്മഭൂമി കേസ്: മഥുര ഷാഹി ഈദ്ഗാഹില്‍ പരിശോധന നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്ന ഹര്‍ജി അനുവദിച്ച് അലഹബാദ് ഹൈക്കോടതി

പള്ളിയില്‍ പരിശോധന നടത്താന്‍ കമ്മിഷനെ നിയോഗിക്കണമെന്ന ഹര്‍ജി കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതി അനുവദിച്ചിരുന്നു. മൂന്നംഗ അഭിഭാഷക കമ്മിഷനാകും പരിശോധന നടത്തുക. പരിശോധന രീതികളും അഭിഭാഷക സംഘത്തേയും അന്തിമമാക്കാന്‍ ഡിസംബര്‍ 18ന് കോടതി വീണ്ടും വിഷയം പരിഗണിക്കും.

ജസ്റ്റിസ് മായങ്ക് കുമാര്‍ ജെയ്നിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യാഴാഴ്ചയാണ് കേസിലെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. മസ്ജിദ് ഇരിക്കുന്നിടത്താണ് ശ്രീകൃഷ്ണ ഭഗവാന്റെ ജന്മസ്ഥലമെന്നും അവിടെ മുന്‍പുണ്ടായിരുന്നത് ഹിന്ദുക്ഷേത്രമാണെന്നതുമാണ് അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലെ പ്രധാന വാദം. താമരയുടെ ആകൃതിയിലുള്ള ഒരു സ്തംഭം നിലവിലുണ്ടെന്നും കൃഷ്ണന്‍ ജനിച്ച രാത്രിയില്‍ അദ്ദേഹത്തെ സംരക്ഷിച്ച ഹൈന്ദവ ദേവന്മാരില്‍ ഒരാളായ ശേഷനാഗിന്റെ ചിത്രവും പള്ളിക്ക് അടിയിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. മസ്ജിദിന്റെ തൂണിന്റെ ചുവട്ടില്‍ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാം. അതുകൊണ്ടുതന്നെ പള്ളിയില്‍ പരിശോധന നടത്താന്‍ ഒരു കമ്മീഷനെ നിയമിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതി
അഗ്നിപഥിൽ കത്തിയ തെരുവുകൾ മുതല്‍ പാർലമെന്റ് അതിക്രമം വരെ; തൊഴിലില്ലായ്മയില്‍ അസ്വസ്ഥമാവുന്ന ഇന്ത്യന്‍ യുവത്വം

മുന്‍പ് ഇതേ ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിര്‍മാണ്‍ ട്രസ്റ്റ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. കൂടാതെ തര്‍ക്കവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അലഹബാദ് ഹൈക്കോടതിക്ക് വിടണമെന്നും ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം 2023 മേയില്‍ മഥുര കോടതിയുടെ മുന്‍പാകെയുണ്ടായിരുന്ന ഹര്‍ജികളെല്ലാം അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.

logo
The Fourth
www.thefourthnews.in