കെ ടി ജലീൽ
കെ ടി ജലീൽ

കെടി ജലീലിന് എതിരെ ഡല്‍ഹിയില്‍ കേസെടുക്കാന്‍ ഉത്തരവില്ലെന്ന് കോടതി; വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മാധ്യമങ്ങള്‍

മാധ്യമപ്രവര്‍ത്തകര്‍ കോടതിയിൽ മാപ്പപേക്ഷ സമര്‍പ്പിച്ചു
Updated on
1 min read

ഫേസ്ബുക്കില്‍ കശ്മീരിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കെ ടി ജലീലിന് സമന്‍സ് അയച്ചിട്ടില്ലെന്ന് ഡല്‍ഹി കോടതി. വിഷയം സമന്‍സ് അയക്കേണ്ട ഘട്ടത്തില്‍ പോലും എത്തിയിട്ടില്ലെന്ന് കേസ് കൈകാര്യം ചെയ്യുന്ന റോസ് അവന്യൂ കോടതിയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍ജീത് സിംങ് ജസ്പാല്‍ വ്യക്തമാക്കി. ആസാദി കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

വാര്‍ത്തകളെ തെറ്റായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തനിക്ക് പങ്കില്ലെന്ന് പരാതിക്കാരനായ അഭിഭാഷകൻ ജിഎസ് മണി

ആരോപണവിധേയനായ കെ ടി ജലീലിനെ ഇതുവരെ കോടതി വിളിപ്പിച്ചിട്ടില്ലെന്നും സമന്‍സ് അയക്കേണ്ട ഘട്ടത്തില്‍ എത്തിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പല മലയാളം പത്രങ്ങളിലും അവരുടെ തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാര്‍ത്ത കണ്ടാണ് നടപടികളെക്കുറിച്ച് താന്‍ അറിഞ്ഞതെന്ന് ജലീലിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം ഈ വിവാദങ്ങളെ അംഗീകരിക്കുന്നില്ലെന്നും വാര്‍ത്തകളെ തെറ്റായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതതില്‍ തനിക്ക് പങ്കില്ലെന്നും പരാതിക്കാരനായ ജിഎസ് മണിയും കോടതിയെ അറിയിച്ചു.

പത്രങ്ങളിൽ വന്ന വാര്‍ത്ത കണ്ടാണ് നടപടികളെക്കുറിച്ച് അറിഞ്ഞത്

ജലീലിന്റെ അഭിഭാഷകൻ

Attachment
PDF
displayphp-435006.pdf
Preview

ബുധനാഴ്ച്ച വാദം നടക്കുന്നതിനിടെ മാതൃഭൂമി ന്യൂസ്, 24 ന്യൂസ്, അമൃത ടെലിവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് തുടങ്ങിയ വിവിധ പത്രങ്ങളുടെയും ടെലിവിഷന്റെയും മാധ്യമപ്രവര്‍ത്തകര്‍ കോടതിയില്‍ ഹാജരായി. തെറ്റായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ കോടതിയില്‍ മാപ്പപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ഇതോടെ കേസ് സെപ്റ്റംബര്‍ 16 ലേക്ക് മാറ്റിവയ്ക്കുകയാണെന്നും കോടതി അറിയിച്ചു.

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ ടി ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായൂര്‍ പോലീസും കേസെടുത്തിരുന്നു. ദേശവിരുദ്ധ പരാമര്‍ശം നടത്തിയ കെ ടി ജലീലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് നേതാവ് അരുണ്‍ മോഹന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കീഴ്‌വായൂര്‍ പോലീസിന്റെ നടപടി.

കെടി ജലീല്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് നടപടിക്ക് ആധാരം. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തെന്ന ചരിത്ര വിരുദ്ധ പ്രസ്താവനയാണ് വിവാദത്തിന് തുടക്കമിട്ടത്. ജമ്മുവും കശ്മീര്‍ താഴ്വരയും ലഡാക്കുമടങ്ങുന്ന ഭാഗം 'ഇന്ത്യന്‍ അധീന കശ്മീരെ'ന്നാണ് കെ ടി ജലീല്‍ വിശേഷിപ്പിച്ചത്. പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീരെ'ന്നും ജലീല്‍ പറഞ്ഞിരുന്നു. കശ്മീര്‍ യാത്രാവിവരണ പോസ്റ്റിലാണ് വിവാദമായ ഭാഗം.

logo
The Fourth
www.thefourthnews.in