മണിപ്പൂരിന് നേരിയ ആശ്വാസം; രണ്ടുമാസം നീണ്ടുനിന്ന റോഡ് ഉപരോധം പിൻവലിക്കുമെന്ന് കുക്കി വിമത ഗ്രൂപ്പുകൾ
രണ്ടുമാസമായി തുടരുന്ന മണിപ്പൂരിലെ റോഡ് ഉപരോധം അവസാനിപ്പിക്കുമെന്നറിയിച്ച് കുക്കി വിമത ഗ്രൂപ്പുകൾ. കാങ്‌പോക്‌പി ജില്ലയിൽ ദേശീയപാത ഉപരോധം പിൻവലിക്കുമെന്നാണ് പ്രഖ്യാപനം. ഇതോടെ ഇംഫാലിനെ നാഗാലാൻഡിലെ ദിമാപൂരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത -2ൽ ഗതാഗതം പുനഃസ്ഥാപിക്കപ്പെടും.
ദ യുണൈറ്റഡ് പീപ്പിൾ ഫ്രണ്ട് (യുപിഎഫ്) കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ) എന്നീ കുക്കി വിമത സംഘടനകളാണ് റോഡ് ഉപരോധം പിൻവലിക്കുകയാണെന്ന് സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചത്. സംസ്ഥാനത്തേയ്ക്ക് അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പാക്കാനായാണ് ഉപരോധം പിൻവലിക്കുന്നതെന്നാണ് സംഘടനകൾ അറിയിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനമെന്നാണ് സൂചന. 2008 എസ് ഒ എകരാറിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രഖ്യാപനം.
ദേശീയപാത ഉപരോധത്തെ തുടർന്ന് അവശ്യസാധനങ്ങൾ മണിപ്പൂരിലേക്കെത്താൻ പോലും സാധിക്കാത്തത് സംസ്ഥാനത്ത് വലിയ പ്രതിസന്ധിയ്ക്കിടയാക്കിയിരുന്നു. കലാപത്തെ തുടർന്ന് സംസ്ഥാനം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യർഥനപ്രകാരം കഴിഞ്ഞമാസം ഉപരോധം താത്കാലികമായി പിൻവലിച്ചിരുന്നു. എന്നാൽ, കാങ്‌പോക്‌പിയില്‍ കുക്കി -സോമി വിഭാഗത്തിൽപ്പെട്ടവർ അക്രമങ്ങളിൽ കൊല്ലപ്പെട്ടതോടെ ജൂൺ 9ന് വീണ്ടും റോഡ് ഉപരോധം ഏർപ്പെടുത്തുകയായിരുന്നു.
മണിപ്പൂരിലെ താഴ്വരകളിലും അതിർത്തിപ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചെന്ന് ഉറപ്പിന്മേലാണ് ഉപരോധത്തിൽനിന്നുള്ള പിന്മാറ്റമെന്ന് കുക്കി സംഘടനകൾ അറിയിച്ചു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി എല്ലാ സംഘടനകളും നടപടികൾ കൈകൊള്ളണമെന്നും അവർ അഭ്യർഥിച്ചു.
സംസ്ഥാനത്തെ സംഘർഷാവസ്ഥ പരിഹരിക്കാനായി കുക്കി വിഭാഗക്കാരുമായി താൻ സംസാരിച്ചിട്ടുണ്ടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ബിരേൻ സിങ് പറഞ്ഞിരുന്നു, ''കുക്കി സമുദായത്തിലെ സഹോദരി, സഹോദരൻമാരോട് ഞാൻ ടെലിഫോണിൽ സംസാരിച്ചു. എന്താണ് സംഭവം എന്ന് വിശദീകരിച്ചു. മറക്കാനും ക്ഷമിക്കാനും ഒരുമിച്ച് ജീവിക്കാനുമുള്ള സമയമാണിതെന്ന് ഓർമിപ്പിച്ചു'' - എന്നായിരുന്നു നേരത്തെ ബിരേൻ സിങ് അറിയിച്ചത്.
മണിപ്പൂരില്‍ മെയ്തി - കുക്കി ഏറ്റുമുട്ടലുകൾ പലഭാഗങ്ങളിലും രൂക്ഷമായി തുടരുകയാണ്. അക്രമ സംഭവങ്ങളെ തുടർന്ന് ഞായറാഴ്ച നാലുപേരാണ് കൊല്ലപ്പെട്ടത്. മെയ്തി വിഭാഗത്തിലെ ഒരാളുടെ തലയറുത്ത് പ്രദർശനം നടത്തിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഗ്രാമത്തിന് കാവൽനിന്ന മൂന്ന് മെയ്തികളെ കുക്കികൾ വെടിവച്ച് കൊന്നിരുന്നു.