മണിപ്പുർ വംശീയ കലാപത്തിന് ഒരു വർഷം; വ്യത്യസ്ത തരത്തിൽ ആചരിക്കാൻ മെയ്തി, കുക്കി സംഘടനകൾ
മണിപ്പുർ കലാപത്തിന്റെ ഒരുവർഷം തികയുന്ന മേയ് മൂന്നിന് വ്യത്യസ്ത രീതിയിൽ പരിപാടികൾ സംഘടിപ്പിക്കാൻ കുക്കി-സോ, മെയ്തി വിഭാഗങ്ങൾ. മരിച്ചുപോയവരുടെ സ്മരണാർഥവും ഉണർവിന്റെയും ദിനമെന്ന നിലയിലാണ് കുക്കി-സൊ വിഭാഗങ്ങൾ മേയ് മൂന്ന് ആചരിക്കുക. എന്നാൽ "നാർക്കോ-ഭീകരരുടെ പിന്തുണയുള്ള അനധികൃത കുടിയേറ്റക്കാർ അവരുടെ ആക്രമണം ആരംഭിച്ച ദിവസം" എന്ന തരത്തിലാണ് തങ്ങൾ ആചരിക്കുകയെന്നാണ് മെയ്തി സംഘടനകളുടെ നിലപാട്.
മെയ്തി വിഭാഗത്തിലുള്ളവരെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച മണിപ്പൂർ കോടതി ഉത്തരവിനെത്തുടർന്ന് 2023 മേയ് മൂന്നിനാണ് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു വർഷം നീണ്ട സംഘർഷം 220ലധികം ആളുകളുടെ ജീവൻ അപഹരിച്ചു. ആയിരക്കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകളാണ് ഭവനരഹിതരാക്കപ്പെട്ടത്.
എല്ലാ വ്യാപാര സ്ഥാപനങ്ങളും മാർക്കറ്റുകളും അടച്ചിടാൻ കുക്കി ആദിവാസി സംഘടനയായ ചുരാചന്ദ്പൂരിലെ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഫ്) ആഹ്വാനം ചെയ്തിട്ടുണ്ട്. കലാപത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരവിൻ്റെ അടയാളമായി അനുസ്മരണത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും അടയാളമായി എല്ലാ വീടുകളിലും കരിങ്കൊടി ഉയർത്താനും അഭ്യർത്ഥിച്ചു. “നമ്മുടെ മുന്നോട്ടുള്ള യാത്രയെ പ്രതിഫലിപ്പിക്കാനും ഐക്യം പുനഃസ്ഥാപിക്കാനും കുക്കി-സോ ജനതയുടെ ശോഭനമായ ഭാവി ശക്തിപ്പെടുത്താനും നമ്മുക്ക് ഒത്തുചേരാം,” ഐടിഎൽഎഫ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ചുരാചന്ദ്പുർ ജില്ലാ കമ്മിഷണറുടെ ഓഫീസിനു സമീപമുള്ള "സ്മരണാ മതിലിൽ" അനുസ്മരണ പരിപാടിയും ഐടിഎൽഎഫ് ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, ഇംഫാൽ ഈസ്റ്റിലെ ഷുമാങ് ലീല സാങ്‌ലെനിൽ മെയ്തി ഗ്രൂപ്പുകളും പരിപാടി സംഘടിപ്പിക്കും. കഴിഞ്ഞ വർഷം അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കാണാതായ 35-ലധികം മെയ്തി വംശജരെ കണ്ടെത്താൻ ഈ പരിപാടിയിൽ അഭ്യർഥിക്കും.