മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി; സമാധാന സമിതിയുമായി സഹകരിക്കില്ലെന്ന് കുക്കി വിഭാഗം

മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി; സമാധാന സമിതിയുമായി സഹകരിക്കില്ലെന്ന് കുക്കി വിഭാഗം

കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്ന് കുക്കികൾ
Updated on
1 min read

മണിപ്പൂർ സംഘർഷത്തിൽ സമാധാന ചർച്ചകൾക്കായി സർക്കാർ രൂപീകരിച്ച സമിതിയിൽ അതൃപ്തി പ്രകടിപ്പിച്ച് കുക്കി വിഭാഗം. സമാധാന സമിതിയോട് സഹകരിക്കില്ലെന്ന് കുക്കി വിഭാഗം പ്രതികരിച്ചു. എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വിട്ടുകൊടുക്കാതെ കേന്ദ്രം സമിതിയുടെ ഭാഗമാകണമെന്നും അവർ ആവശ്യപ്പെട്ടു. കേന്ദ്രം നേരിട്ട് നടത്തുന്ന സമാധാന ശ്രമങ്ങളോട് മാത്രമേ സഹകരിക്കുകയുള്ളൂവെന്നും കുക്കികൾ വ്യക്തമാക്കി.

മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി; സമാധാന സമിതിയുമായി സഹകരിക്കില്ലെന്ന് കുക്കി വിഭാഗം
മണിപ്പൂർ കലാപം: സമാധാന സമിതി രൂപീകരിച്ച് കേന്ദ്രം; ഇന്റർനെറ്റ് നിരോധനം ഈ മാസം 15 വരെ നീട്ടി

വംശീയ കലാപം നടന്ന മണിപ്പൂരിൽ സമാദാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സമിതിയിൽ മെയ്തി, കുക്കി സമുദായങ്ങളിൽ നിന്നടക്കം 51 അംഗങ്ങളാണുള്ളത്. ഗവർണർ അനുസൂയ ഉയ്‌കെയെ ചെയർപേഴ്‌സണായ സമിതിയിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്, സംസ്ഥാനത്തെ ഏതാനും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എന്നിവരും അംഗങ്ങളാണ്. മണിപ്പൂർ സർക്കാരുമായി സമാധാന ചർച്ചകൾക്കായി സഹകരിക്കാൻ കഴിയില്ലെന്ന് കുക്കി ഇൻപി മണിപ്പൂർ (കെഐഎം) പ്രസിഡന്റ് അജാങ് ഖോങ്‌സായി പറഞ്ഞു.

മണിപ്പൂരിൽ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടി; സമാധാന സമിതിയുമായി സഹകരിക്കില്ലെന്ന് കുക്കി വിഭാഗം
മണിപ്പൂർ കലാപത്തിൽ ഒറ്റപ്പെടുന്ന മേയ്തി ക്രൈസ്തവര്‍; കൈയൊഴിഞ്ഞ് ഹിന്ദുക്കൾ, ശത്രുക്കളെന്ന് കുകികൾ

തങ്ങളുടെ സമ്മതമില്ലാതെയാണ് സമിതിയിൽ കുക്കി വിഭാഗം അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് കുക്കി പ്രതിനിധികൾ പറഞ്ഞു. വംശീയ വിഭാഗങ്ങളെ പ്രതിനിധീകരിക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചവരിൽ 25 പേർ ഭൂരിപക്ഷമായ മെയ്തി സമുദായത്തിൽ നിന്നുള്ളവരാണ്. 11 പേർ കുക്കി വിഭാഗത്തിൽപ്പെട്ടവരും 10 പേർ നാഗാ സമുദായത്തിൽ നിന്നുള്ളവരുമാണ്. മുസ്ലിം-നേപ്പാളി സമുദായങ്ങളിൽ നിന്ന് യഥാക്രമം മൂന്ന്, രണ്ട് അംഗങ്ങൾ പ്രതിനിധീകരിക്കും. മുഖ്യമന്ത്രിയെ സമാധാന സമിതിയിൽ ഉൾപ്പെടുത്തിയതിനെ ഇൻഡിജിനസ് ട്രൈബൽ ലീഡേഴ്‌സ് ഫോറം (ഐടിഎൽഎഫ്) അപലപിച്ചു.

മണിപ്പൂരിലെ നാല് ദിവസത്തെ സന്ദർശനത്തിനൊടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണ സമിതി ഉൾപ്പെടെയുള്ള നടപടികളുടെ ഭാഗമാണ് സമാധാന സമിതി. അതേസമയം, സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. മെയ് മൂന്നിനാണ് സംസ്ഥാനത്ത് ആദ്യമായി ഇന്റർനെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നീട് ഈ മാസം 15 വരെ നീട്ടുകയായിരുന്നു.

കലാപത്തിൽ പലായനം ചെയ്ത 50,000-ത്തിലധികം ആളുകൾ സംസ്ഥാനത്തൊട്ടാകെയുള്ള 349 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നുണ്ടെന്ന് സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് മന്ത്രി ആർ കെ രഞ്ജൻ ഇംഫാലിൽ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 57 ആയുധങ്ങളും 318 വെടിക്കോപ്പുകളും അഞ്ച് ബോംബുകളും കണ്ടെടുത്തതായി മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in