ഡല്‍ഹി സര്‍ക്കാരിനെതിരെ വീണ്ടും സിബിഐ അന്വേഷണം; ലോ ഫ്‌ളോര്‍ ഇടപാടില്‍ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി
ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന് കുരുക്ക് മുറുക്കി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ഡിടിസി) ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ഉള്‍പ്പെട്ട അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണ വേണമെന്ന ചീഫ് സെക്രട്ടറി നരേഷ് കുമാറിന്റെ നിര്‍ദേശത്തിനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെട്ട മദ്യനയ അഴിമതി കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആം ആദ്മി സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ അടുത്ത നീക്കം.
ഡിടിസിക്കായി 2019 ജൂലൈയിലും 2020 മാര്‍ച്ചിലും 1000 ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതിലും ടെന്‍ഡര്‍ നടപടികളിലും ക്രമക്കേട് നടന്നു എന്നതായിരുന്നു പ്രധാന ആരോപണം.
ലോ ഫ്‌ളോര്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് ജൂണിലാണ് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചത്. ഡിടിസിക്കായി 2019 ജൂലൈയിലും 2020 മാര്‍ച്ചിലും 1000 ലോ ഫ്‌ളോര്‍ ബസുകള്‍ വാങ്ങിയതിലും ടെന്‍ഡര്‍ നടപടികളിലും ക്രമക്കേട് നടന്നു എന്നതായിരുന്നു പ്രധാന ആരോപണം. ടെന്‍ഡര്‍ വിളിക്കാനും ബസുകള്‍ വാങ്ങാനുമുള്ള സമിതിയില്‍ ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ടിനെ ചെയര്‍മാനായി നിയമിച്ചതില്‍ അഴിമതിയും ക്രമക്കേടുമുണ്ട്. സമിതി ചെയര്‍മാനായി ഗതാഗത മന്ത്രിയെ നിയമിച്ചത് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരമായിരുന്നു. മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം (ഡിഐഎംടിഎസ്) കമ്പനിയെ നിയമിച്ചതും ദുരുദ്ദേശപരമാണ്. തെറ്റായ കാര്യങ്ങള്‍ക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്തരമൊരു നീക്കം. ഈ രണ്ട് നിയമനങ്ങളും അനധികൃതമായ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ജൂലൈയില്‍ ഗവര്‍ണര്‍ പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറി, വിശദമായ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അഭിപ്രായം തേടി. ഓഗസ്റ്റില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ടെന്‍ഡര്‍ നടപടിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നെന്നായിരുന്നു കണ്ടെത്തല്‍. ബസുകള്‍ വാങ്ങിയതിലെ അഴിമതി ആരോപണങ്ങള്‍ വിരമിച്ച ഐഎഎസ് ഓഫീസര്‍ ഒപി അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സമിതിയും അന്വേഷിച്ചിരുന്നു. ടെന്‍ഡറിലും നടപടിക്രമങ്ങളിലും വീഴ്ചയുണ്ടായെന്നായിരുന്നു സമിതിയുടെയും കണ്ടെത്തല്‍. തുടര്‍ന്നാണ് ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തത്. അതിനാണ് ഗവര്‍ണര്‍ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ആരോപണത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. അതേസമയം, വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
മദ്യനയത്തില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ അന്വേഷണം തുടരുന്നതിനിടെയാണ് ഗവര്‍ണര്‍ ആം ആദ്മി സര്‍ക്കാരിനെതിരെ മറ്റൊരു സിബിഐ അന്വേഷണത്തിന് കൂടി അനുമതി നല്‍കുന്നത്. ഡൽഹി സർക്കാരിന്റെ പുതിയ മദ്യ നയത്തിൽ വ്യാപക ക്രമക്കേടെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്നായിരുന്നു ഗവർണര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 15 പ്രതികളടങ്ങിയ പട്ടികയിൽ എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മനീഷ് സിസോദിയ ആണ് ഒന്നാം പ്രതി. അഴിമതി, ക്രിമിനൽ ഗൂഢാലോചന, അക്കൗണ്ടുകളിലെ കൃത്രിമം എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.