ആറാം ഷെഡ്യൂൾ പദവിക്കൊപ്പം സംസ്ഥാന പദവിയും വേണം; വീണ്ടും തെരുവിലിറങ്ങി ലഡാക്ക്
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ആറാം ഷെഡ്യൂൾ പദവിക്കും സംസ്ഥാന പദവിക്കും വേണ്ടി ജനങ്ങൾ പ്രതിഷേധങ്ങൾ ആരംഭിച്ചതോടെയാണ് ലഡാക്കിലേക്ക് വീണ്ടും ദേശീയ ശ്രദ്ധ തിരിയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 3 ന് ആയിരക്കണക്കിന് ആളുകളാണ് ലഡാക്കിലെ രണ്ട് ജില്ലകളായ ലേയും കാർഗിലും ഈ ആവശ്യം ഉന്നയിച്ച് ഒത്ത് കൂടിയത്. 2020 മുതൽ ഇതേ ആവശ്യം ലഡാക്ക് നിവാസിൽ മുൻപോട്ട് വയ്‌ക്കുന്നുണ്ട്. പലതവണ കേന്ദ്രത്തെ വിഷയം ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടായില്ല. നിരവധി ചർച്ചകളാണ് ഇരുപക്ഷവും തമ്മിൽ ഇക്കാലയളവിൽ ഉണ്ടായത്.
കേന്ദ്ര സർക്കാരും ലഡാക്കിലെ നേതാക്കളും തമ്മിലുള്ള ആദ്യ ഔപചാരിക കൂടിക്കാഴ്ച ഡിസംബറിൽ ആണ് നടന്നത്. ജനുവരി 16 ന് തങ്ങളുടെ ആവശ്യങ്ങൾ അറിയിച്ച് കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് രേഖാമൂലം കത്ത് സമർപ്പിച്ചു. എന്നാൽ പ്രതികരണങ്ങളൊന്നും ലഭിച്ചില്ല. ഏത് അവസരത്തിലും തങ്ങളുടെ ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് കാർഗിൽ, ലേ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വ്യക്തമാക്കുന്നത്.
ലഡാക്ക് വ്യാപകമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്ന് മനസിലാക്കി ഫെബ്രുവരി 2 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സർക്കാർ നിയോഗിച്ച സമിതിയും ലഡാക്ക് നേതൃത്വവും തമ്മിലുള്ള രണ്ടാമതും യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ സംസ്ഥാന പദവി, ഭരണഘടനാ സുരക്ഷ എന്നിവ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്ത മന്ത്രാലയം സമ്മതിച്ചതിനാൽ നേരത്തെ പ്രഖ്യാപിച്ച നിരാഹാര സമരം പിൻവലിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം എങ്ങനെയായിരുന്നു ലഡാക്ക് ?
2019 ഓഗസ്റ്റിൽ കേന്ദ്രം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് അതിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറ്റിയപ്പോൾ മുതൽ പ്രതിഷേധങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ നിന്ന് ലഡാക്ക് വേർപിരിഞ്ഞത് ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള ലേ ജില്ല ആഘോഷിച്ചപ്പോൾ, മുസ്ലീം ഭൂരിപക്ഷമുള്ള കാർഗിൽ ജില്ല ഈ നീക്കത്തിനെതിരെ പ്രതിഷേധിച്ചു. എന്നാൽ ലേ ജില്ലയിലെ ആഘോഷങ്ങൾക്ക് അധിക കാലം ആയുസുണ്ടായിരുന്നില്ല. രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു അത്.
2019 ഓഗസ്റ്റ് 5-ലെ തീരുമാനം ലഡാക്കിനെ നിയമസഭയില്ലാത്ത ഒരു കേന്ദ്രഭരണ പ്രദേശമാക്കിയാണ് മാറ്റിയത്. ബുദ്ധമത ഭൂരിപക്ഷമുള്ള ലേ ജില്ല ലഡാക്കിന് സ്വന്തമായി ഒരു അസംബ്ലി വേണമെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടിരുന്നു. രണ്ടാമത്തേത്, കൂടുതൽ പ്രാധാന്യത്തോടെ, പഴയ ജമ്മു കശ്മീരിലെ മറ്റ് പൗരന്മാരെപ്പോലെ, ലഡാക്കിലെ ജനങ്ങൾക്കും 2019 ഓഗസ്റ്റിനു ശേഷം സ്ഥാവര സ്വത്ത് സ്വന്തമാക്കാനും ഈ മേഖലയിൽ സർക്കാർ ജോലികൾ നേടാനുമുള്ള പ്രത്യേക അവകാശം നഷ്ടപ്പെട്ടു. ഭൂമിയും ജോലിയും സംബന്ധിച്ച പ്രത്യേക പരിരക്ഷ നഷ്ടപ്പെട്ടതിന്റെ ഉത്കണ്ഠ ലഡാക്കിനെ ബാധിച്ചു.
2019 സെപ്റ്റംബറിൽ ദേശീയ പട്ടികവർഗ കമ്മീഷൻ ലഡാക്കിന് ആറാം പട്ടിക പദവി ശുപാർശ ചെയ്തു. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ ഭൂമിയുടെ സംരക്ഷണവും രാജ്യത്തെ ആദിവാസി മേഖലകൾക്ക് നാമമാത്രമായ സ്വയംഭരണവും ഉറപ്പുനൽകുന്നു.ലഡാക്കിൽ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പട്ടിക വർഗക്കാരാണ്.
2020-ൽ, ലേ ജില്ലയിലെ രാഷ്ട്രീയ, സാമൂഹിക, വ്യത്യസ്ത മത സംഘടനകൾ ഒന്നിച്ച് ലഡാക്കിനായുള്ള പീപ്പിൾസ് മൂവ്‌മെൻ്റ് ഫോർ ആറാം ഷെഡ്യൂൾ രൂപീകരിച്ചു. ഇതിൽ ഭാരതീയ ജനതാ പാർട്ടി യൂണിറ്റ്, കോൺഗ്രസ്, ആം ആദ്മി പാർട്ടി എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളും ഉൾപ്പെടുന്നു. മുസ്ലീം ഭൂരിപക്ഷമുള്ള കാർഗിൽ ജില്ലയും സമാന നീക്കങ്ങൾ നടത്തി. ഒരു വർഷത്തിന് ശേഷം കാർഗിലും ലേയും തങ്ങൾ പങ്കുവെക്കുന്നത് ഒരേ തരത്തിലുള്ള ആശങ്കകളാണെന്ന് മനസിലാക്കി.
2021 ഓഗസ്റ്റിൽ, കാർഗിലും ലേയും ലഡാക്കിൻ്റെ കേന്ദ്രഭരണ പ്രദേശ പദവി നിരസിക്കുകയും പകരം സംസ്ഥാന പദവി ആവശ്യപ്പെടുകയും ചെയ്തു. ഒപ്പം ഭൂമിയുടെ അവകാശവും സ്വദേശികൾക്ക് ജോലി സംരക്ഷണം നൽകാനും അവർ ആവശ്യപ്പെട്ടു. ലഡാക്കിന് സംസ്ഥാന പദവി; ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴിലുള്ള ഭരണഘടനാ സംരക്ഷണം; ലേ, കാർഗിൽ ജില്ലകൾക്കായി പ്രത്യേക ലോക്‌സഭാ സീറ്റുകളും റിക്രൂട്ട്‌മെൻ്റ് പ്രക്രിയയും ലഡാക്കിനായി പ്രത്യേക പബ്ലിക് സർവീസ് കമ്മീഷനും, ഇത്രയുമായിരുന്നു ലഡാക്കിലെ ജനങ്ങളുടെ ആവശ്യം.
എന്നാൽ കേന്ദ്രത്തിന്റെ പല വാഗ്ദാനങ്ങൾക്കപ്പുറം ഇതൊന്നും നടന്നില്ല. അതേസമയം 2019 ഓഗസ്റ്റിനുശേഷം ഭാരതീയ ജനതാ പാർട്ടി സർക്കാരിന് ഒരു പ്രധാന വെല്ലുവിളിയായി ലഡാക്ക് മാറിയിട്ടുണ്ട്.