ലഖിംപൂര്‍ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ഹർജി തള്ളി,നാളെ കുറ്റപത്രം സമർപ്പിക്കും

ലഖിംപൂര്‍ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ഹർജി തള്ളി,നാളെ കുറ്റപത്രം സമർപ്പിക്കും

2021 ഒക്ടോബർ 3ന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആശിഷ് മിശ്ര
Updated on
1 min read

ലഖിംപൂർഖേരി കൂട്ടക്കൊലപാത കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആശിഷ് മിശ്രയുടെ ആവശ്യം കോടതി തള്ളി. ഇതോടെ കേസിൽ ആശിഷ് മിശ്ര വിചാരണ നേരിടേണ്ടി വരും. പ്രതികൾക്കെതിരായ കുറ്റപത്രം നാളെ സമർപ്പിക്കുമെന്നും കോടതി അറിയിച്ചു. കേന്ദ്ര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. 2021 ഒക്ടോബർ 3 ന് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആശിഷ് മിശ്ര.

കേസിലെ മറ്റ് 13 പ്രതികളുടെ വിടുതൽ ഹർജിയും വിചാരണ കോടതി തള്ളിയിട്ടുണ്ട്. ഒക്ടോബർ 9ന് അറസ്റ്റിലായ ആശിഷ് മിശ്രയ്ക്ക് ഈ വർഷം ഫെബ്രുവരിയിൽ അലഹബാദ് ഹൈക്കോടതി ജാമ്യം നൽകിയെങ്കിലും ഏപ്രിലിൽ സുപ്രീംകോടതി ഇടപെട്ട് ജാമ്യം റദ്ദാക്കുകയും ഒരാഴ്ചയ്ക്കകം കീഴടങ്ങാൻ ഉത്തരവിടുകയും ചെയ്തിരുന്നു. നാല് കർഷകരും, ഒരു മാധ്യമപ്രവർത്തകനും ബിജെപി പ്രവർത്തകരും അടക്കം എട്ട് പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ആശിഷിനെതിരെ ചുമത്തിയിരിക്കുന്നത്. അയ്യായിരം പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം ആശിഷ് മിശ്രയ്ക്കെതിരെ സമർപ്പിച്ചത്. ആശിഷ് മിശ്ര, ബന്ധുവായ വീരേന്ദർ ശുക്ല എന്നിവരടക്കം 13 പ്രതികൾക്കെതിരെയാണ് കുറ്റപത്രം. തെളിവ് നശിപ്പിച്ചുവെന്നാണ് വീരേന്ദ്ര ശുക്ലക്കെതിരായ കുറ്റം. പ്രതികൾക്കെതിരെ നിർണായക കണ്ടെത്തലുകളാണ് അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണെന്നും നടന്നത് വെറും അപകടമല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

ലഖിംപൂർ സംഭവത്തിന് ദിവസങ്ങൾക്ക് മുൻപ് ഒരു പ്രസംഗത്തിനിടെ അജയ് മിശ്ര കർഷകർ തങ്ങളുടെ പ്രക്ഷോഭം അവസാനിപ്പിച്ചില്ലെങ്കിൽ 'രണ്ട് മിനിറ്റിനുള്ളിൽ കർഷകരെ ശരിയാക്കുമെന്ന്' ഭീഷണി ഉയർത്തിയിരുന്നു. കർഷകർക്ക് മേൽ വാഹനം ഇടിച്ചുകയറ്റുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സർക്കാരിനുമെതിരെ രൂക്ഷമായ വിമർശനവും പ്രതിഷേധവും ഉയർന്നിരുന്നു.

logo
The Fourth
www.thefourthnews.in