ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അയോഗ്യന്‍; ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി
വധശ്രമക്കേസില്‍ ജയിലിലായ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. കവരത്തി കോടതി 10 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള നടപടി.
വധശ്രമ കേസിൽ എംപി ഉൾപ്പെടെ നാലുപേർക്ക് കഴിഞ്ഞദിവസമാണ് 10 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. 2009ലെ തിരഞ്ഞെടുപ്പ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കവരത്തി കോടതിയുടെ നടപടി. മുൻ എംപി ഹംദുള്ള സെയ്ദിന്റെ അടുത്ത ബന്ധുവായ പടന്നാത സാലിഹ് ഉള്‍പ്പെടെയുള്ളവരെ എംപി മര്‍ദിച്ചെന്നാണ് കേസ്. പ്രതികൾക്കെതിരെ ഐപിസി 307-ാം വകുപ്പ് ചുമത്തിയ നടപടി അംഗീകരിച്ചായിരുന്നു കവരത്തി കോടതിയുടെ ഉത്തരവ്. കോടതി ഉത്തരവിനെ തുടർന്ന് റിമാൻഡ് ചെയ്ത മുഹമ്മദ് ഫൈസലുള്‍പ്പെടെയുള്ളവരെ ഹെലികോപ്റ്റര്‍ മാര്‍ഗം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.
ആസൂത്രിത അക്രമമായിരുന്നില്ലന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ചൂണ്ടിക്കാട്ടി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു . എന്നാല്‍ കവരത്തി കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തില്ല. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റുകയായിരുന്നു.