ലക്ഷദ്വീപിൽ വിദ്യാഭ്യാസ പരിഷ്കരണം; മലയാളം മീഡിയം ഒഴിവാക്കും
ലക്ഷദ്വീപിൽ 2024-2025 അധ്യയന വർഷം മുതൽ മലയാളം മീഡിയം ഒഴിവാക്കും. എസ്‌സിഇആർടി മലയാളം സിലബസ് സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റും. രണ്ട് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പരിഷ്ക്കരണം നടപ്പാകുമെന്ന് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.
ഒന്‍പത്, പത്ത് ക്ലാസുകളിൽ അടിയന്തര മാറ്റമുണ്ടാകില്ല. രണ്ടുവർഷത്തിനുള്ളിൽ നടപ്പിലാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തും, മത്സര പരീക്ഷകളിലും വിദ്യാർഥികളെ സജ്ജമാക്കുകയാണ് സിലബസ് മാറ്റത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്നാണ് വിശദീകരണം.
നേരത്തെ ദ്വീപിലെ സ്കൂളുകളില്‍ പുതിയ യൂണിഫോം രീതിയും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് യൂണിഫോം മാതൃക അവതരിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് അഡ്മിനിസ്ട്രേഷന്‍ പുറത്തിറക്കിയത്. യൂണിഫോം രീതി കൃത്യമായി വിദ്യാർഥികള്‍ പാലിച്ചില്ലെങ്കില്‍ തുടർനടപടി സ്വീകരിക്കാന്‍ നീർദേശിച്ചുകൊണ്ട് സർക്കുലർ പുറത്തിറങ്ങിയിരുന്നു.
ഘട്ടം ഘട്ടമായുള്ള തുടർനടപടിക്കായിരുന്നു നിർദേശം. വിദ്യാർഥിക്ക് ബോധവത്കരണം, പിന്നീട് രക്ഷിതാക്കള്‍ക്ക് കത്ത് മുഖേനയുള്ള നിർദേശം, വിട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്കരണം എന്നിവയാണ് ആദ്യ ഘട്ടം. പിന്നീടും ലംഘനം തുടരുകയാണെങ്കില്‍ പ്രവേശനവിലക്ക് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കാനാണ് ഉത്തരവില്‍ പറയുന്നത്.