'അച്ഛനും സഹോദരിയും സുഖമായിരിക്കുന്നു'; ലാലുപ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമെന്ന് തേജസ്വി
ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ലാലുവിന്റെ മകനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവാണ് വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മകള്‍ രോഹിണി ആചാര്യയാണ് ലാലുവിന് വൃക്ക നല്‍കിയത്. സിംഗപൂരിലെ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ നടന്നത്. രോഹിണിയുടെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായി തേജസ്വി യാദവ് പറഞ്ഞു.
അദ്ദേഹത്തെ ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും തേജസ്വി യാദവ് ട്വീറ്റിലൂടെ അറിയിച്ചു. വൃക്ക നല്‍കിയതിന് രോഹിണിയോടുള്ള നന്ദിയും തേജസ്വി രേഖപ്പെടുത്തി. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദിയര്‍പ്പിച്ചു കൊണ്ടുള്ള വീഡിയോയും അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ശസ്ത്രിക്രിയയ്ക്ക് മുൻപ് അച്ഛനൊപ്പമുള്ള ചിത്രം രോഹിണിയും ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു.
വിവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ലാലുവിന്റെ വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മകള്‍ രോഹിണി പിതാവിന് വൃക്ക നല്‍കാന്‍ തയ്യാറായത്. ഒരു മകളുടെ കടമയാണിതെന്നും, അച്ഛനും അമ്മയും ദൈവത്തെ പോലെയാണെന്നും അവര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണെന്നും രോഹിണി ട്വിറ്ററില്‍ കുറിച്ചു.
സിംഗപ്പൂരില്‍ താമസിക്കുന്ന രോഹിണിയുടെ വീട്ടില്‍ ഡിസംബര്‍ മൂന്നിനാണ് ലാലു എത്തിയത്. കുംബകോണ കേസിലെ പ്രതിയായ ലാലു ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നിപ്പോള്‍ ജാമ്യത്തിലാണ്. ഡിസംബര്‍ അഞ്ചിനാണ് ശസ്ത്രക്രിയ പൂര്‍ത്തിയായത്. ഈ വര്‍ഷം ആദ്യം ചികിത്സക്കായ് സിംഗപ്പൂരിലെത്തിയെങ്കിലും ഡല്‍ഹി കോടതി നിശ്ചയിച്ച കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മടങ്ങേണ്ടി വന്നിരുന്നു.