സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ്: ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ
ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേരെ നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി. കുപ്രസിദ്ധ ഗുണ്ടാനേതാക്കളായ ഗോള്‍ഡി ബ്രാറില്‍നിന്നും ലോറന്‍സ് ബിഷ്‌ണോയില്‍നിന്നും സല്‍മാന്‍ ഖാന് നേരത്തെ തന്നെ വധഭീഷണിയുണ്ടായിരുന്നു.
ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ ഭീഷണിയെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മുംബൈ പോലീസ് സൽമാൻ്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഇ-മെയില്‍ മുഖേനയും താരത്തിന് ഭീഷണിസന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതേതുടർന്ന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സൽമാൻ ഖാന് പോലീസ് ഏർപ്പെടുത്തിയത്. ബിഷ്ണോയിയുടെ പത്ത് അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കഴിഞ്ഞവർഷം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ ഹിറ്റ്‌ലിസ്റ്റില്‍ സല്‍മാന്‍ ഖാന്‍ ഉണ്ടെന്ന് ഗോള്‍ഡി ബ്രാറും മാസങ്ങള്‍ക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു.
ഇന്ന് പുലർച്ചെ 4.55 ഓടെയാണ് സല്‍മാന്‍ ഖാൻ്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുൻപിൽ വെടിവെപ്പുണ്ടായത്. താരത്തിന്റെ വീടിന് മുൻപിലേക്ക് ബൈക്കിലെത്തിയ രണ്ട് പേര് മൂന്നുതവണ വെടിയുതിര്‍ത്തതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിദേശ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് വിവരം. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം സംഭവസ്ഥലം പരിശോധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അക്രമികൾക്കായി നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
ബൈക്കിലെത്തി വെടിയുതിർത്ത ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതായി പോലീസ് പറഞ്ഞു. ലോക്കൽ പോലീസിനൊപ്പം ക്രൈംബ്രാഞ്ച് സംഘവും ആന്വേഷണം ആരംഭിച്ചു. ബാന്ദ്ര പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം മറ്റ് സംഘങ്ങളെ ഏൽപ്പിക്കാനുള്ള സാധ്യതയുമുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സല്‍മാന്റെ വസതിക്ക് സമീപം സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.
സല്മാന് പുറമെ പിതാവ് സലിം ഖാനും വധഭീഷണിയുണ്ടായിരുന്നു. 2024 ഫെബ്രുവരിയില്‍ സല്‍മാന്റെ വൈ പ്ലസ് സുരക്ഷയില്‍ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തിയിരുന്നു. തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനവും സല്‍മാന്‍ സ്വന്തമാക്കിയിരുന്നു.