ഒഡിഷ ട്രെയിന്‍ അപകടം: അനുശോചിച്ച് രാഷ്ട്രപതി, അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി
ഒഡിഷയിലുണ്ടായ ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ. രക്ഷാപ്രവർത്തനത്തിനായി ഇടപെട്ട് മമതാ ബാനർജിയും നവീൻ പട്നായിക്കും എം കെ സ്റ്റാലിനും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ അപകടത്തിൽ നടുക്കം രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനത്തിന്റെ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. അപകടത്തിൽപ്പെട്ടവർക്കു സാധ്യമായ എല്ലാ സഹായവും നൽകും. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അപകടം ഞെട്ടിക്കുന്നതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. ഒഡിഷ സര്‍ക്കാരുമായും ദക്ഷിണ റെയില്‍വേയുമായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും മമതാ ബാനര്‍ജി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനും സഹായത്തിനും എമര്‍ജന്‍സി കണ്‍ട്രോളര്‍ റൂം തുറന്നതായും മമത ട്വീറ്റ് ചെയ്തു.
രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാവഴികളും തേടുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. അപകട സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ഭുവനേശ്വറില്‍ നിന്നും കൊൽക്കത്തയിൽ നിന്നുമുള്ള രക്ഷാപ്രവർത്തകരുടെ സംഘവും എൻഡിആർഎഫും വ്യോമസേനയും സജ്ജമാണെന്നും റെയിൽവേ മന്ത്രി അറിയിച്ചു.
അപകടം ഞെട്ടിപ്പിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചു. അപകടസ്ഥലത്തെത്താന്‍ മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു.
സംഭവം വേദനാജനകമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു. അപകടസ്ഥലത്ത് എൻഡിആർഎഫ് സംഘം എത്തിക്കഴിഞ്ഞു. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുകയും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
'ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും, രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
''ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ പലരുടെയും ജീവൻ നഷ്ടപ്പെട്ട വിവരം അറിഞ്ഞതിൽ വളരെ വേദനയുണ്ട്. ദുഃഖിതരായ കുടുംബങ്ങളുടെ വിഷമത്തിൽ ഞാനും പങ്കുചേരുന്നു. രക്ഷാപ്രവർത്തനങ്ങൾ നല്ല രീതീയിൽ മുൻപോട്ട് പോകാനും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായും പ്രാർത്ഥിക്കുന്നു''- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.