ഏകീകൃത സിവില്‍ കോഡിനെച്ചൊല്ലി ആംആദ്മിയില്‍ ഭിന്നത;  ഗുജറാത്തില്‍ ഗോത്രവര്‍ഗ നേതാവ് രാജിവച്ചു

ഏകീകൃത സിവില്‍ കോഡിനെച്ചൊല്ലി ആംആദ്മിയില്‍ ഭിന്നത; ഗുജറാത്തില്‍ ഗോത്രവര്‍ഗ നേതാവ് രാജിവച്ചു

സിവില്‍കോഡിനെ പിന്തുണയ്ക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചതിനോട് ഇരു സംസ്ഥാനഘടകങ്ങളും അതൃപ്തി പ്രകടിപ്പിച്ചതായാണ് പാര്‍ട്ടി റിപ്പോര്‍ട്ടുകള്‍
Updated on
2 min read

ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തോട് അതൃപ്തി അറിയിച്ച് പഞ്ചാബിലെയും ഗുജറാത്തിലെയും ആംആദ്മി നേതൃത്വം. തീരുമാനത്തോട് എതിർപ്പറിയിച്ച് ഗുജറാത്തിലെ ആംആദ്മി ഗോത്രവർഗ നേതാവ് പ്രഫുൽ വാസവ രാജിവയ്ക്കുകയും ചെയ്കു.

സംസ്ഥാനത്തോട് കൂടിയാലോചിക്കാതെ ഏകീകൃത സിവില്‍കോഡിനെ പിന്തുണയ്ക്കാന്‍ ദേശീയ നേതൃത്വം തീരുമാനിച്ചതിനോട് ഇരു സംസ്ഥാന ഘടകങ്ങളും അതൃപ്തി പ്രകടിപ്പിച്ചതായാണ് പാര്‍ട്ടി റിപ്പോര്‍ട്ടുകള്‍.

മതത്തെ അടിസ്ഥാനമാക്കിയുള്ള വ്യക്തിനിയമങ്ങള്‍ക്ക് പകരം എല്ലാ പൗരന്മാര്‍ക്കും പൊതുവായ നിയമങ്ങള്‍ കൊണ്ടുവരാനാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലില്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളില്‍ നാലെണ്ണം പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുമുണ്ട്

സിഖ് ഭൂരിപക്ഷ സംസ്ഥാനമായ പഞ്ചാബില്‍ 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 57.69 ശതമാനവും സിഖുകാരാണ് ഉള്ളത്. ഗുജറാത്തിലാകട്ടെ ജനസംഖ്യയുടെ 14.75 ശതമാനം ആദിവാസികളാണ്. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ഗുജറാത്ത് ജില്ലയിലെ കിഴക്കന്‍ മേഖലയിലെ 14 ജില്ലകളിലായാണ് ആദിവാസി വിഭാഗമുള്ളത്. ഗുജറാത്തിലെ 26 ലോക്‌സഭാ സീറ്റുകളില്‍ നാലെണ്ണം പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുമുണ്ട്.

ആംആദ്മി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമായ സന്ദീപ് പഥക് കഴിഞ്ഞ മാസം ഏകീകൃത സിവില്‍ കോഡിലുള്ള നിലപാട് വ്യക്തമാക്കിയിരുന്നു.

ഏകീകൃത സിവില്‍ കോഡിനെച്ചൊല്ലി ആംആദ്മിയില്‍ ഭിന്നത;  ഗുജറാത്തില്‍ ഗോത്രവര്‍ഗ നേതാവ് രാജിവച്ചു
ഏക സിവില്‍ കോഡ്: തത്വത്തില്‍ പിന്തുണയെന്ന് ആംആദ്മി, പ്രതിപക്ഷ നിരയില്‍ ഭിന്നസ്വരം

തത്വത്തില്‍ പാര്‍ട്ടി ഏകീകൃത സിവില്‍ കോഡിനൊപ്പമാണെന്നും ഭരണഘടനാ അനുച്ഛേദം 44 ഏകീകൃത സിവില്‍കോഡിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രം കൂടൂതല്‍ കൂടിയാലോചനകള്‍ നടത്തി മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി സമവായമുണ്ടാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. ഗുജറാത്ത് സംസ്ഥാനത്തെ എഎപി പാര്‍ട്ടി നേതാവ് ഇസുദന്‍ ഗാധ്‌വി ഡല്‍ഹിയില്‍ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഏകീകൃത സിവില്‍കോഡ് ദേശീയ താല്‍പര്യത്തിന് വിരുദ്ധമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്

പ്രഫുല്‍ വാസവ

എന്നാൽ ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ പ്രമുഖ ഗോത്രമുഖമായ പ്രഫുല്‍ വാസവ ഏകീകൃത സിവില്‍ കോഡിന് പിന്തുണ നല്‍കിയതിന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതിന്റെ ദിവസത്തില്‍ തന്നെയായിരുന്നു കൂടിക്കാഴ്ച.

കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദോദ് മണ്ഡലത്തിലെ മത്സരത്തില്‍ 13.78 ശതമാനം വോട്ട് നേടിയ വ്യക്തിയായിരുന്നു പ്രഫുല്‍ വാസവ. ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കാനുള്ള തീരുമാനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പഥക് അറിയിച്ചതോടെയായിരുന്നു പ്രഫുല്‍ വാസവയുടെ രാജി.

'ഏകീകൃത സിവില്‍കോഡ് ദേശീയ താല്‍പര്യത്തിന് വിരുദ്ധമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ തീരുമാനത്തെ രാജ്യത്തെ ആദിവാസികളും മറ്റ് സമുദായങ്ങളും പിന്തുണയ്ക്കുമെന്ന് വിശ്വാസമുണ്ട്. ഒരു വശത്ത് ഭരണഘടനയുടെ അഞ്ചാമത്തെയും ആറാമത്തെയും ഷെഡ്യൂള്‍ നടപ്പിലാക്കുമെന്ന് ആം ആദ്മി വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ അപ്പുറത്ത് ആദിവാസികളുടെ അവകാശങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടുമെന്ന് വ്യക്തമാക്കുന്നില്ല.സിവില്‍ കോഡിനെ എങ്ങനെ പിന്തുണയക്കുമെന്ന കാര്യത്തിലും പാർട്ടി വ്യക്തത വരുത്തിയിട്ടില്ല'. രാജിക്കത്തില്‍ പ്രഫുല്‍ വാസവ വ്യക്തമാക്കി.

പ്രഫുല്‍ വാസവ തിടുക്കപ്പെട്ടാണ് തീരുമാനമെടുത്തതെന്നും ആംആദ്മി ഒരിക്കലും ആദിവാസികളുടെ താല്‍പര്യങ്ങളെ പരിഗണിക്കാതിരിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി

പട്ടിക വര്‍ഗ്ഗ ആദിവാസി മേഖലകളിലെ ഭരണത്തെ സംബന്ധിച്ച പ്രത്യേക വ്യവസ്ഥകള്‍ കൈകാര്യം ചെയ്യുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ അഞ്ചാമത്തെയും ആറാമത്തെയും ഷെഡ്യൂളുകള്‍. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ ആദിവാസികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അഞ്ചാം ഷെഡ്യൂള്‍ നടപ്പിലാക്കുമെന്ന് എഎപി വാഗ്ദാനം ചെയ്തിരുന്നു.

മാത്രമല്ല, ഏകീകൃത സിവില്‍ കോഡിനെതിരെ ഗുജറാത്തിലെ ആദിവാസി മേഖലകളില്‍ കാമ്പെയ്ന്‍ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈവിധ്യമാര്‍ന്ന നിയമങ്ങളും ആചാരങ്ങളും പിന്തുടരുന്ന ആദിവാസികള്‍ക്കിടയില്‍ സിവില്‍കോഡ് നടപ്പിലാക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രഫുല്‍ വാസവ തിടുക്കപ്പെട്ടാണ് തീരുമാനമെടുത്തതെന്നും ആം ആദ്മി ഒരിക്കലും ആദിവാസികളുടെ താല്‍പര്യങ്ങളെ പരിഗണിക്കാതിരിക്കില്ലെന്നും പാര്‍ട്ടി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in