സുപ്രീംകോടതി
സുപ്രീംകോടതി

'ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കൂ'; സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീംകോടതി

നിരീക്ഷണം ആന്ധ്രാപ്രദേശിലെ അഹോബിലം ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ
Updated on
1 min read

ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടു നല്‍കിക്കൂടെയെന്ന് സുപ്രീംകോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. ആന്ധ്രാപ്രദേശിലെ അഹോബിലം ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് അഭയ് എസ് ഓക്ക എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സര്‍ക്കാര്‍ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം

ആന്ധ്രാപ്രദേശിലെ അഹോബിലം ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി തടഞ്ഞിരുന്നു. സര്‍ക്കാര്‍ നടപടി അഹോബിലം മഠത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നു കയറ്റമാണെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ഇതിനെതിരെയാണ് ആന്ധ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രകാര്യങ്ങളില്‍ എന്തിനാണ് സര്‍ക്കാര്‍ ഇടപെടുന്നതെന്ന് ആന്ധ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ നിരഞ്ജന്‍ റെഡ്ഢിയോട് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ആരാഞ്ഞു.

അഹോബിലം മഠത്തിന്റെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ് ക്ഷേത്രം. മഠം തമിഴ്‌നാട്ടിലും ക്ഷേത്രം ആന്ധ്രാപ്രദേശിലുമാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇത് ക്ഷേത്ര ഭരണത്തിനുള്ള മഠത്തിന്റെ അവകാശം ഇല്ലാതാക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മഠത്തിന്റെ മേല്‍നോട്ടത്തിന്റെയും നിയന്ത്രണത്തിന്റെയും പൊതുവായ അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ആന്ധ്ര സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്.

logo
The Fourth
www.thefourthnews.in