ത്രിപുര സന്ദർശനത്തിനിടെ  ഇടത് - കോൺഗ്രസ് എംപിമാർക്ക് നേരെ ആക്രമണം

ത്രിപുര സന്ദർശനത്തിനിടെ ഇടത് - കോൺഗ്രസ് എംപിമാർക്ക് നേരെ ആക്രമണം

അജ്ഞാതരായ അക്രമികളായിരുന്നെന്ന് പോലീസ്
Updated on
1 min read

ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ അക്രമങ്ങളുണ്ടായ മേഖലകളില്‍ വസ്തുതാ പരിശോധനയ്‌ക്കെത്തിയ പ്രതിപക്ഷ എംപിമാര്‍ക്ക് നേരെ ആക്രമണം. ഇടത് - കോണ്‍ഗ്രസ് എംപിമാരുടെ എട്ടംഗ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെയുണ്ടായ ബിജെപി ആക്രമണങ്ങളുടെ നിജസ്ഥിതി അറിയാനായിരുന്നു സംഘം എത്തിയത്. അക്രമികള്‍ എംപിമാരെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തതായാണ് പരാതി.

ബിശാല്‍ഗഡ് നിയമസഭാ മണ്ഡലം സന്ദർശിച്ച് ജനങ്ങളുമായി സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകൾ എത്തി ആക്രമിക്കുകയായിരുവെന്ന് നേതാക്കൾ പറയുന്നു. ആക്രമണം നടത്തിയത് അജ്ഞാത സംഘമാണെന്നാണ് പോലീസിന്റെ വിശദീകരണം. എട്ടംഗ സംഘത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും പോലീസ് പറയുന്നു.കല്ലെറിയുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തത് ബിജെപി പ്രവർത്തകരാണെന്ന് അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അബ്ദുൾ ഖാലിഖ് ആരോപിച്ചു. പോലീസ് നിഷ്ക്രിയമാണെന്നും അദ്ദേഹം ആരോപിച്ചു.

മാർച്ച് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സംസ്ഥാനത്ത് നടന്ന അക്രമങ്ങളുടെ വ്യാപ്തി വിലയിരുത്താനാണ് അസം, പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ള ഇടത് - കോൺഗ്രസ് എംപിമാർ ത്രിപുരയിലെത്തിയത്. മൂന്ന് ടീമുകളായി തിരിഞ്ഞാണ് എംപിമാർ വിവിധ ഭാഗങ്ങൾ സന്ദർശിച്ചത്. ജനങ്ങളുമായി സംവദിക്കുന്നതിനിടെ മുദ്രാവാക്യം വിളിച്ചെത്തിയ സംഘം വാഹനങ്ങൾ അടിച്ചു തകർക്കുകയായിരുന്നെന്ന് അവര്‍ പറയുന്നു. പോലീസ് എസ്‌കോർട്ട് ടീം ഇടപെട്ടാണ് അക്രമികളില്‍ നിന്ന് എംപിമാരെ രക്ഷിച്ചത്.

എംപിമാർ അടക്കമുള്ള വസ്തുതാന്വേഷണ സംഘം മാർച്ച് 12 വരെ ത്രിപുരയില്‍ തുടരുമെന്നാണ് സൂചന. ശേഷം മാർച്ച് 13 ന് ആരംഭിക്കുന്ന അടുത്ത പാർലമെന്റ് സമ്മേളനത്തിൽ റിപ്പോർട്ട് സമർപ്പിച്ച് വിഷയം ഉന്നയിക്കുമെന്നും ബിനോയ് വിശ്വം എം പി ട്വീറ്റ് ചെയ്തിരുന്നു.

ആക്രമണത്തെ സിപിഎം അപലപിച്ചു. എല്ലാ അക്രമികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. ത്രിപുര തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കൂടുതൽ ആക്രമണം റിപ്പോർട്ട് ചെയ്തത് സെപാഹിജാല, ഖോവായ് ജില്ലകളിലാണ്. ഇവിടെ ക്രമാസമാധാനം നിലനിർത്തണമെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മണിക് സാഹ പോലീസിനോട് ആവശ്യപ്പെട്ടു. ത്രിപുരയിലെ 60 അംഗ നിയമസഭ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ 32 സീറ്റുകളാണ് ബിജെപി നേടിയത്. തുടർന്ന് ബിജെപി-ഐപിഎഫ്ടി സർക്കാർ തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തി.

logo
The Fourth
www.thefourthnews.in