'പോലീസ് ജനക്കൂട്ടത്തിന് വിട്ടുകൊടുത്തു, ഞങ്ങളെ സഹായിക്കാൻ ഒന്നും ചെയ്തില്ല'; മണിപ്പൂരിൽ അതിക്രമത്തിനിരയായ സ്ത്രീ
മണിപ്പൂരില്‍ കുകി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അതിനിടെ പോലീസിന്റെ നിഷ്ക്രിയത്വത്തിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അതിക്രമത്തിനിരയായ യുവതികളിലൊരാള്‍.
തങ്ങളെ നഗ്നരാക്കി നടത്തിക്കുമ്പോള്‍ പോലീസ് ഇത് കണ്ട് നില്‍ക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ തങ്ങളെ സഹായിക്കാന്‍ തയ്യാറായില്ലെന്നും ദേശീയ മാധ്യമമായി ദ ഇന്ത്യൻ എക്സ്പ്രസിനോട് യുവതി പറഞ്ഞു. ഇളയ പെൺകുട്ടി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടുവെന്നും മെയ് 18 ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മെയ് നാലിന് കാങ്‌പോപിയിലാണ് യുവതികള്‍ക്കെതിരായി അതിക്രമം നടക്കുന്നത്. ആ ഘട്ടത്തിൽ, മേയ്തി, കുകി സമുദായങ്ങൾ തമ്മിലുള്ള വംശീയ അക്രമം സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. പോലീസ് അവിടെ ഉണ്ടായിരുന്നു, പക്ഷേ അവർ ഞങ്ങളെ സഹായിച്ചില്ലെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു. നാല് പോലീസുകാർ കാറിൽ ഇരുന്ന് അക്രമം നടക്കുന്നത് കണ്ടുനിൽക്കുകയായിരുന്നുെവെന്ന് അതിക്രമത്തിനിരയായ രണ്ടാമത്തെ പെൺകുട്ടി പറഞ്ഞു.
കാങ്‌പോക്‌പി ജില്ലയിലെ ഗ്രാമം ആൾക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് വനത്തിലേക്ക് ഓടിപ്പോയതായും പിന്നീട് തൗബാല്‍ പോലീസ് തങ്ങളെ രക്ഷപ്പെടുത്തി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും ഇരകൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെ വഴിയിൽ തടഞ്ഞുനിർത്തി പോലീസ് കസ്റ്റഡിയിൽ നിന്ന് പിടിച്ചുകൊണ്ട് പോകുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. തങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ആൾക്കൂട്ടത്തോടൊപ്പം പോലീസ് ഉണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു.
''ഞങ്ങളുടെ ഗ്രാമം ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തോടൊപ്പം പോലീസും ഉണ്ടായിരുന്നു. പോലീസ് ഞങ്ങളെ വീടിനടുത്ത് നിന്ന് കൂട്ടിക്കൊണ്ടുപോയി, ഞങ്ങളെ ഗ്രാമത്തിൽ നിന്ന് അൽപ്പം അകലെ കൊണ്ടുപോയി. ഞങ്ങളെ ആൾക്കൂട്ടത്തോടൊപ്പം വഴിയിൽ ഉപേക്ഷിച്ചു. പോലീസ് ഞങ്ങളെ അവർക്ക് വിട്ടുകൊടുക്കുകയായിരുന്നു''- യുവതി പറയുന്നു. തങ്ങൾ അഞ്ചുപേരും ഒരുമിച്ചാണ് ഉണ്ടായിരുന്നതെന്നും ഇരകൾ പരാതിയിൽ പറഞ്ഞിരുന്നു. വീഡിയോയിൽ കാണുന്ന രണ്ട് സ്ത്രീകൾ, 50 വയസ് പ്രായമുള്ള മറ്റൊരു സ്ത്രീ, വിവസ്ത്രയാക്കപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റൊരു സ്ത്രീ, കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയുടെ അച്ഛനും സഹോദരനും ഒന്നിച്ചായിരുന്നു. എന്നാൽ അച്ഛനെയും സഹോദരനെയും ആൾക്കൂട്ടം കൊലപ്പെടുത്തിയെന്ന് അവർ ആരോപിച്ചു.
ആള്‍ക്കൂട്ടത്തില്‍ നിരവധി പുരുഷന്മാരുണ്ടായിരുന്നു തങ്ങളെ ആക്രമിച്ച കുറച്ചുപേരെ തിരിച്ചറിയാൻ കഴിഞ്ഞതായും യുവതി പറഞ്ഞു. അക്രമികളില്‍ തന്റെ സഹോദരന്റെ സുഹൃത്തുമുണ്ടായിരുന്നെന്നും യുവതി വെളിപ്പെടുത്തി.
യുവതികള്‍ക്കെതിരായി അതിക്രമം നടന്ന് രണ്ട് മാസങ്ങള്‍ക്കിപ്പുറം വീഡിയോ പുറത്ത് വന്ന് ചര്‍ച്ചയായതോടെയാണ് വിഷയത്തില്‍ നടപടിയെടുക്കാന്‍ പോലീസ് തയ്യാറായത്. സംഭവത്തില്‍ കേന്ദ്രം പാലിച്ച മൗനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. തൗബാൽ സ്വദേശിയായ ഹെരദാസ് ആണ് അറസ്റ്റിലായത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.