'അഭിഭാഷക വൃത്തിയില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം' ബാർ കൗൺസിൽ ഉറപ്പുവരുത്തണം: ജസ്റ്റിസ് ദിപാങ്കർ ദത്ത
അഭിഭാഷക വൃത്തിയില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് ബാര്‍ കൗണ്‍സിലുകള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദിപാങ്കര്‍ ദത്ത. അഭിഭാഷക ജോലികളിൽ ആളുകളുടെ മാനസിക ആരോഗ്യത്തെയും, ജീവിതത്തെയും പരിഗണിച്ചുകൊണ്ട്, അഭിഭാഷകരുടെ അവധി ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അഭിമുഖീകരിക്കണമെന്നും അഭിഭാഷകവൃത്തി അതിന്റെ എല്ലാ വ്യത്യസ്തതകളോടെയും നിലനിൽക്കണമെങ്കിൽ എല്ലാവരെയും ഉൾക്കൊള്ളുകയും സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ ലഭിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇന്റർനാഷണൽ ലോയേഴ്സ് കോൺഫെറൻസിൽ, സുസ്ഥിരമായ അഭിഭാഷകവൃത്തിക്ക് തുല്യ അവസരങ്ങൾ ലഭ്യമാകേണ്ടതിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കാലങ്ങളായി നമ്മുടെ പെണ്മക്കൾ നേരിടുന്ന വിവേചനങ്ങൾക്കും മുൻവിധികൾക്കും മാറ്റം വരേണ്ടതില്ലേ എന്ന് നമ്മൾ സ്വയംചിന്തിക്കേണ്ടതുണ്ട്. എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ ഈ ജോലിയെ മാറ്റിതീർത്ത് അടുത്ത തലമുറയ്ക്ക് കൈമാറാൻ സാധിക്കണം." ജസ്റ്റിസ് ദിപാങ്കർ ദത്ത പറഞ്ഞു. തുല്യമായ അവസരങ്ങൾ നൽകുക എന്നത് ഒരു ധാർമ്മികതയ്ക്കപ്പുറം നിയമപരമായ ബാധ്യതയാണ് എന്നുകൂടി മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു.
ഈ ജോലിക്കുള്ളിൽ തന്നെ നിലനിൽക്കുന്ന ജൻഡർ മുൻവിധികളെ മറികടക്കാൻ ഇതിനുള്ളിൽ നിൽക്കുന്നവർ തന്നെ തയ്യാറാകണമെന്നും ജൻഡർ മുന്മാതൃകകളെ തകർക്കാൻ സുപ്രീം കോടതി പുറത്തിറക്കിയ ഹാൻഡ്‌ബുക്കിനെ കുറിച്ചും ജസ്റ്റിസ് ദിപാങ്കർ ദത്ത സൂചിപ്പിച്ചു. രാജ്യം വനിതാ സംവരണ ബില്ല് പാസ്സാക്കിയത് വളരെ പ്രധാനപ്പെട്ടതാണെന്നും, കാലങ്ങളായി നിലനിന്നിരുന്ന മുൻവിധികൾക്കെതിരെ നമ്മൾ ഒരടി വെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.