തിരുപ്പതി തീർത്ഥാടനത്തിന് പോയ ആറുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു

തിരുപ്പതി തീർത്ഥാടനത്തിന് പോയ ആറുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു

മൃതദേഹാവശിഷ്ടങ്ങൾ ശനിയാഴ്ച പുലർച്ചെ വനമേഖലയിൽനിന്ന് ലഭിച്ചു
Updated on
1 min read

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ  രക്ഷിതാക്കൾക്കൊപ്പം ദർശനത്തിന് പോകുകയായിരുന്ന ആറ് വയസ്സുകാരിക്ക് പുലിയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ നിന്നുള്ള ലക്ഷിതയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത് . വെള്ളിയാഴ്ച മാതാപിതാക്കൾക്കൊപ്പം ക്ഷേത്രത്തിലേക്കുള്ള   തീർത്ഥാടനപാതയിൽ  സഞ്ചരിക്കവെയാണ് കുട്ടിയെ പുലി പിടിച്ചത് . രക്ഷിക്കാൻ ശ്രമിച്ചെങ്കിലും  കുട്ടിയെ  വലിച്ചെടുത്ത് പുലി വനത്തിലേക്ക്  മറയുകയായിരുന്നു . രക്ഷിതാക്കളുടെ നിലവിളി കേട്ട് ആളുകൾ ഓടികൂടിയെങ്കിലും പുലിയെ കണ്ടെത്താനായില്ല .

വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും നടത്തിയ തിരച്ചിലിലാണ് വനത്തിൽ നിന്ന് ശനിയാഴ്ച പുലർച്ചയോടെ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരിച്ചറിയാൻ കഴിയാത്തവിധം കുട്ടിയുടെ മൃതദേഹം പുലി കടിച്ചെടുത്തിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ തിരിച്ചറിയൽ അടയാളങ്ങൾ വച്ചാണ് മൃതദേഹം ലക്ഷിതയുടേത് തന്നെയെന്ന്  പോലീസ് ഉറപ്പു വരുത്തിയത്

തീർത്ഥാടന പാതയോട് ചേർന്നുള്ള പ്രദേശം വനമേഖലയാണ് . ഇവിടെ നിന്ന് വന്യ ജീവികൾ ഇറങ്ങി വരാറുണ്ട് . കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് സമാന സംഭവം നടന്നിരുന്നു. പുലി പിടിച്ച കുട്ടിയെ അതിസാഹസികമായായിരുന്നു അന്ന് പോലീസും വനം വകുപ്പും രക്ഷിച്ചത് . പിന്നീട് പുലിയെ കെണി വച്ച് പിടിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത്‌ അപകട സൂചനാബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന മിക്കവരും ഇത് അവഗണിക്കുകയാണ് പതിവ് . തീർത്ഥാടനപാതയിൽ  അധിക നേരം തങ്ങുന്നതിന് വിലക്കുണ്ട് . എന്നാൽ   നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ  ആളുകൾ ക്ഷുഭിതരാകാറുണ്ടെന്നും പോലീസ് പറഞ്ഞു.

logo
The Fourth
www.thefourthnews.in