തസ്മിദാ ജോഹർ; ഒടുവിൽ ജീവിതം അവളെ തേടിയെത്തി

തസ്മിദാ ജോഹർ; ഒടുവിൽ ജീവിതം അവളെ തേടിയെത്തി

ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ ബിരുദം നേടുന്ന ആദ്യ വനിത എന്ന വിശേഷണമാണ് തസ്മിദയെ ശ്രദ്ധേയയാക്കിയത്.
Updated on
2 min read

വിദ്യാഭ്യാസമാണ് സ്വാതന്ത്ര്യത്തിലേക്കുള്ള ടിക്കറ്റ് എന്ന് പറയുന്നു, ആ സ്വാതന്ത്ര്യത്തിനായി നാടും പേരും സ്വന്തം ഐഡന്റിറ്റി തന്നെയും ഉപേക്ഷിക്കേണ്ടി വന്ന തസ്മിദാ ജോഹര്‍. രണ്ടാം തരം പൗരന്മാരായി മാത്രം പരിഗണിക്കുന്ന സ്വന്തം രാജ്യത്ത് നിന്ന് രക്ഷ നേടാന്‍ ബംഗ്ലാദേശിലേക്കും പിന്നീട് സ്വപ്‌നം തേടി ഇന്ത്യയിലേക്കും ജീവിതം പറിച്ചു നട്ടവള്‍. 26ാം വയസില്‍ ബിരുദം പൂര്‍ത്തിയാക്കി, ഉപരിപഠനത്തിന് കാനഡയിലെ വില്‍ഫ്രിഡ് ലോറിയര്‍ സര്‍വകലാശാലയുടെ വിളി കാത്തിരിക്കുകയാണ് അവര്‍. തീരാ ദുരിതം പേറുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ അതിജീവന പ്രതീകമാണ് തസ്മിദാ ജോഹറിന്ന്.

ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ ബിരുദം നേടുന്ന ആദ്യ വനിത എന്ന വിശേഷണമാണ് തസ്മിദയെ ശ്രദ്ധേയയാക്കിയത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് തസ്മിദ ബിഎ നേടിയത്. ടൊറോന്‌റോയിലുള്ള വില്‍ഫ്രിഡ് ലോറിയര്‍ സര്‍വകലാശാലയില്‍ പഠിക്കാനുള്ള വിളികാത്തിരിക്കുകയാണവർ. ഓഗസ്‌റ്റോടെ ഇതിനായി കാനഡയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുകയാണ് തസ്മിദ.

ഐക്യരാഷ്ട്രസഭയുടെ രേഖകള്‍ പ്രകാരം 26 വയസാണെങ്കിലും യഥാര്‍ഥ പ്രായം 24 ആണെന്ന് തസ്മിദ പറയുന്നു. 18 വയസ് കഴിഞ്ഞാല്‍ വിവാഹം നടക്കുക ബുദ്ധിമുട്ടായതിനാല്‍, മ്യാന്മറില്‍ പെണ്‍കുട്ടികളുടെ പ്രായം രണ്ട് വയസ് കൂട്ടി രേഖപ്പെടുത്തുന്നത് സാധാരണമാണ്. ശരിയായ പേര് തസ്മിന്‍ ഫാത്തിമ. എന്നാല്‍ മ്യാന്‍മറില്‍ റോഹിങ്ക്യന്‍ പേരുള്ളവര്‍ക്ക് വിദ്യാഭ്യാസം നേടാനാവില്ല. പഠിക്കാനായി ബുദ്ധിസ്റ്റ് പേര് സ്വീകരിച്ചു. അങ്ങനെയാണ് തസ്മിന്‍ ഫാത്തിമ, തസ്മിദാ ജോഹര്‍ ആയത്.

''മ്യാന്‍മര്‍ ജനങ്ങളെ സംബന്ധിച്ച് റോഹിങ്ക്യകള്‍ ജീവിച്ചിരിക്കുന്നു പോലുമില്ല. സ്‌കൂളുകളില്‍ പ്രത്യേക ക്ലാസ് മുറികളിലാണ് പഠനം. പരീക്ഷ ഹാളുകളില്‍ ഏറ്റവും പുറകിലിരിക്കണം. പത്താം തരത്തില്‍ ഒന്നാമതായാലും പേര് മെറിറ്റ് ലിസ്റ്റില്‍ നല്‍കില്ല. യാങ്കൂണില്‍ പോയാല്‍ മാത്രമാണ് റോഹിങ്ക്യന്‍ വംശജര്‍ക്ക് ബിരുദ പഠനം നടത്താനാകൂ. മിക്കവരും അതിന് തുനിയില്ല. ഇനി ബിരുദം നേടിയാലും ജോലി ലഭിക്കില്ല. എല്ലാറ്റിനുമപ്പുറം നിങ്ങള്‍ക്ക് ആ രാജ്യത്ത് വോട്ട് ചെയ്യാനാവില്ല.'' തസ്മിദാ ജോഹര്‍ മ്യാന്‍മറിലെ ജീവിതം ഓര്‍ത്തെടുക്കുന്നത് ഇങ്ങനെ.

അഞ്ചാം തരത്തിന് ശേഷം റോഹിങ്ക്യന്‍ പെണ്‍കുട്ടികള്‍ മ്യാന്‍മറില്‍ പഠിക്കാറില്ലെന്ന് തസ്മിദ പറയുന്നു. സ്‌കൂളിൽ പോകാതിരിക്കാൻ പലര്‍ക്കും പല കാരണങ്ങളാണ്. പുറത്തുപോയാല്‍ പെണ്‍കുട്ടികളെ ആരെങ്കിലും തട്ടിക്കൊണ്ടു പോയാലോ, പുറത്തു പോകുന്ന പെണ്‍കുട്ടികളെ ആരെങ്കിലും വിവാഹം കഴിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് പ്രധാന പ്രശ്‌നം. സ്‌കൂളുകളിലോ പൊതു ഇടങ്ങളിലോ വിശ്വാസ പ്രകാരമുള്ള തലമറയ്ക്കല്‍ അനുവദിക്കുന്നില്ല. എന്നാല്‍ ദുരിത ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിദ്യാഭ്യാസമല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് തസ്മിദയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ആ ബോധ്യം മകൾക്ക് പകർന്ന് നൽകാൻ അവർക്കായി.

2012 ല്‍ ഇന്ത്യയിലേക്ക് പലായനം. ആദ്യം ഹരിയാനയിലും പിന്നെ ഡല്‍ഹിയിലുമായി താമസിച്ചു. വീണ്ടും പുതിയ ഭാഷയും രീതിയും സംസ്‌കാരവും ശീലിച്ചു. 2016 ല്‍ ജാമിയയില്‍ പത്താം ക്ലാസില്‍ ചേര്‍ന്ന് വിദ്യാഭ്യാസം പുനരാരംഭിച്ചു.

റോഹിങ്ക്യന്‍ വംശജരായ മാതാപിതാക്കളുടെ ഏഴ് മക്കളില്‍ അഞ്ചാമത്തെയാളാണ് തസ്മിദ. 2005 ലാണ് ഇവരുടെ കുടുംബം മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യുന്നത്. ബംഗ്ലാദേശിലെ ഏറ്റവും വലിയ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാംപായ കോക്‌സ് ബസാറിലാണ് ആദ്യമെത്തിയത്. സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനാകുമെന്ന പ്രതീക്ഷയില്‍ ഏഴ് വര്‍ഷത്തോളം കുടുംബം ക്യാംപില്‍ കഴിഞ്ഞു.

2012 ല്‍ ഇന്ത്യയിലേക്ക് പലായനം. ആദ്യം ഹരിയാനയിലും പിന്നെ ഡല്‍ഹിയിലുമായി താമസിച്ചു. വീണ്ടും പുതിയ ഭാഷയും രീതിയും സംസ്‌കാരവും ശീലിച്ചു. 2016 ല്‍ ജാമിയയില്‍ പത്താം ക്ലാസില്‍ ചേര്‍ന്ന് വിദ്യാഭ്യാസം പുനരാരംഭിച്ചു. അഭിഭാഷകയാകാനായിരുന്നു തസ്മിദയ്ക്ക് ആഗ്രഹം. റോഹിങ്ക്യനായതിനാല്‍ അതിന് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രത്യേകം അനുമതി തേടേണ്ടിയിരുന്നു. അതിനാല്‍ ബിഎ ബിരുദത്തിന് ചേര്‍ന്നു. ജര്‍മന്‍ സര്‍ക്കാരിന്‌റെ ഫെല്ലോഷിപ്പോടെയായിരുന്നു പഠനം. തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭയുടെ വിദേശ പഠനത്തിനുള്ള പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ടത്.

പഠനത്തോടൊപ്പം അഭയാര്‍ഥി ക്യാംപിലെ മറ്റ് കുട്ടികളെ പഠിപ്പിക്കാനും സഹായിക്കാനുമെല്ലാം തസ്മിദ സമയം കണ്ടെത്തിയിരുന്നു. ഹിന്ദി, ബംഗാളി, ഉറുദു, ഇംഗ്ലീഷ് ഭാഷകള്‍ അവള്‍ക്കിപ്പോള്‍ അറിയാം. പേരും വിലാസവും രാജ്യം തന്നെയും കൈവിട്ട് അഭയാര്‍ഥി ക്യാംപില്‍ നിന്ന് സ്വപ്‌നങ്ങള്‍ക്ക് നിറം നല്‍കി, ചുറ്റുമുള്ളവര്‍ക്ക് പ്രേരണയായി. പുതിയ ഭാഷയും രീതിയും സംസ്കാരവുമെല്ലാം ശീലിച്ച് അനിശ്ചിതത്വത്തിനിടയിൽ ജീവിതം മുന്നോട്ട് കൊണ്ടു പോകുമ്പോൾ ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. പഠിക്കണം. കാരണം സ്വതന്ത്രയാകാൻ മറ്റൊരു വഴിയുമില്ലെന്ന തിരിച്ചറിവ് കൂടിയായിരുന്നു അവൾക്ക് പലായനങ്ങളുടെ നാളുകൾ.

logo
The Fourth
www.thefourthnews.in