ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന് ഇഡി നോട്ടീസ്; നവംബർ രണ്ടിന് ഹാജരാകണം
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. നവംബർ രണ്ടിന് ഹാജരാകാനാണ് നോട്ടീസ്. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് തള്ളിയിരുന്നു. അടുത്ത 6-8 മാസത്തിനുള്ളില്‍ വിചാരണ പൂർത്തിയാക്കാന്‍ പ്രോസിക്യൂഷന്‍ പ്രതിജ്ഞാബദ്ധരാണെന്നും അടുത്ത മൂന്ന് മാസം നടപടികള്‍ മന്ദഗതിയില്‍ നീങ്ങുകയാണെങ്കില്‍ സിസോദിയക്ക് ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.
ഒരു സംസ്ഥാന മുഖ്യമന്ത്രിയെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാൻ സിബിഐ വിളിപ്പിക്കുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമാണ്. കെജ്രിവാൾ സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്ന മദ്യനയം, സ്വകാര്യകമ്പനികളെ സഹായിക്കുന്നതെന്നും നയത്തിന് പിന്നിൽ അഴിമതിയെന്നുമാണ് ആരോപണം. ഈ കേസാണ് ഇഡി അന്വേഷിക്കുന്നത്.
ചില സ്വകാര്യ കമ്പനികൾക്ക് മദ്യവില്പനയുടെ മൊത്തവ്യാപാരം നൽകാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് നയം നടപ്പാക്കിയതെന്നാണ് ഇ ഡിയുടെ ആരോപണം. മുംബൈ ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മുൻ സിഇഒ വിജയ് നായർ ഉൾപ്പെടുന്ന സൗത്ത് ഗ്രൂപ്പുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയത്.
കൂടാതെ ലാഭവിഹിതം 12 ശതമാനമായി നിശ്ചയിച്ചത് മൊത്തക്കച്ചവടക്കാർക്ക് കൂടുതൽ ലാഭം ഉണ്ടാക്കുന്നതിനാണ്. ഇതിൽ 292 കോടി രൂപയുടെ അഴിമതി നടന്നതായാണ് ഇ ഡിയുടെ ആരോപണം.